മസ്കത്ത്: ദോഫാർ ഗവർണറേറ്റിലെ സലാലയിൽ നടക്കുന്ന കുന്തിരിക്കം ഫെസ്റ്റിവൽ സന്ദർശകരെ ആകർഷിക്കുന്നു. ലാൻഡ് ഓഫ് ഫ്രാങ്കിൻസെൻസിലെ അൽ ബലീദ് ആർക്കിയോളജിക്കൽ പാർക്ക്, സംഹറം ആർക്കിയോളജിക്കൽ പാർക്ക്, വാദി ദ്വാക നേച്ചർ റിസർവ് എന്നിങ്ങനെ വ്യത്യസ്ത സ്ഥലങ്ങളിലാണ് പരിപാടികൾ നടക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ സ്വദേശികളും വിദേശികളുമടക്കം നൂറുകണക്കിന് ആളുകളാണ് വിവിധങ്ങളായ വിനോദ പരിപാടികൾ ആസ്വദിക്കാനെത്തിയത്. ശൈത്യകാല സീസണായതുകൊണ്ട് നിരവധി വിനോദസഞ്ചാരികളെയും ഫെസ്റ്റിവൽ ആകർഷിക്കുന്നുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും ആസ്വദിക്കാവുന്ന വൈവിധ്യങ്ങളായ പരിപാടികളാണ് ഇവിടങ്ങളിൽ ഒരുക്കിയിട്ടുള്ളത്. ലാൻഡ് ഓഫ് ഫ്രാങ്കിൻസെൻസ് സൈറ്റുകളുടെ ചരിത്രപരമായ സവിശേഷതകളും മറ്റും ഉയർത്തിക്കാട്ടുകയാണ് പരിപാടി ലക്ഷ്യമിടുന്നത്.
കർഷകർ എങ്ങനെയാണ് കുന്തിരിക്കം ശേഖരിക്കുന്നതെന്നും അതിനെ അടിസ്ഥാനമാക്കിയുള്ള ഉൽപന്നങ്ങൾ പരമ്പരാഗതവും ആധുനികവുമായ രീതികളിൽ നിർമിക്കുന്നതിനെക്കുറിച്ചുള്ള അവതരണവും ഫെസ്റ്റിവലിലുണ്ട്. പ്രാദേശിക കമ്പനികളുടെ സുഗന്ധദ്രവ്യങ്ങളുടെയും ഒമാനി കുന്തിരിക്ക ഉൽപന്നങ്ങളുടെയും പ്രദർശനവും ഒരുക്കിയിട്ടുണ്ട്.മേള വെള്ളിയാഴ്ച സമാപിക്കും. സമാപനത്തിന്റെ ഭാഗമായി വാദി ദ്വാക പ്രകൃതിസംരക്ഷണ കേന്ദ്രത്തിൽ ആയിരത്തോളം കുന്തിരിക്ക മരങ്ങളും നടും. യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഫ്രാങ്കിൻസെൻസ് സൈറ്റുകൾ ഉൾപ്പെടുത്തിയതിന്റെ ആഘോഷത്തിന്റെ ഭാഗമായാണ് മരങ്ങൾ നടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.