മസ്കത്ത്: രാജ്യത്ത് ഗവ. ആതുരാലയങ്ങൾ വഴി സ്വദേശികൾക്കു മാത്രമാണ് ബൂസ്റ്റർ ഡോസ് നൽകുന്നതെന്ന് ആരോഗ്യമേഖലയിലെ ഉദ്യോഗസ്ഥൻ അറിയിച്ചു. വിദേശികൾക്ക് നിലവിൽ ഫീൽഡ് ആശുപത്രിയിൽനിന്നോ പൊതു ആശുപത്രികളിൽനിന്നോ ക്ലിനിക്കുകളിൽനിന്നോ ബൂസ്റ്റർ ഡോസ് ലഭിക്കില്ലെന്ന് പ്രൈമറി ഹെൽത്ത് മേധാവി ഡോ. നിഹാൽ അഫീഫി അറിയിച്ചു. വേണമെങ്കിൽ സ്വകാര്യ ആശുപത്രികളെയോ ക്ലിനിക്കുകളെയോ ആശ്രയിക്കാമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുകയും ഒമിക്രോൺ റിപ്പോർട്ട് ചെയ്യുകയും ചെയ്ത സാഹചര്യത്തിൽ 18 വയസ്സിനു മുകളിലുള്ളവർക്ക് മൂന്നാം ഡോസ് എടുക്കാൻ അനുവാദം നൽകിയിരുന്നു. ഏത് വാക്സിനെടുത്തവർക്കും മൂന്നാം ഡോസായി ഫൈസർ-ബയോൺടെക് ആണ് നൽകുന്നത്.
ഇതേ തുടർന്ന് നിരവധി വിദേശികളാണ് വിവിധ ഗവർണറേറ്റുകളിലെ സർക്കാർ ആശുപത്രികളിൽ ബൂസ്റ്റർ ഡോസിനായി എത്തുന്നത്. നിലവിൽ ഇത്തരം കേന്ദ്രങ്ങളിൽ വിദേശികൾക്ക് ഒന്നും രണ്ടും ഡോസ് മാത്രമാണ് നൽകുന്നത്. രാജ്യത്ത് ആകെ 95,277 പേരാണ് മൂന്നാമത് ഡോസ് വാക്സിനെടുത്തത്. വിദേശികളില്‍ 90 ശതമാനവും ആദ്യ ഡോസ് വാക്സിനെടുത്തു. 83 ശതമാനം രണ്ട് ഡോസ് വാക്സിനേഷനും പൂര്‍ത്തീകരിച്ചവരാണ്. സ്വദേശികളും വിദേശികളുമായി 2,30,000 പേര് ഇനിയും വാക്സിന് സ്വീകരിക്കാത്തവരായുണ്ട്. പുതിയ വകഭേദങ്ങളെ നേരിടാൻ ബൂസ്റ്റർ ഡോസ് എടുക്കേണ്ടത് അത്യാവശ്യമാണെന്ന് ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു. വാക്സിനുകളുടെ ഫലപ്രാപ്തി ഒരു കാലയളവിനുശേഷം കുറയും. മൂന്നാം ഡോസ് ഒമിക്രോണിനെതിരെ 70 മുതൽ 75 ശതമാനം വരെ സംരക്ഷണം നൽകുമെന്ന് ഒമാൻ റോയൽ ഹോസ്പിറ്റലിലെ സീനിയർ കൺസൽട്ടൻറ് ഡോ. ഫാരിയാൽ അൽ ലവതിയ പറഞ്ഞു. രണ്ട് ഡോസ് എടുത്തവർക്ക് 30 ശതമാനം സംരക്ഷണമേ ലഭിക്കൂവെന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നതെന്നും അവർ പറഞ്ഞു.
മറ്റു വകഭേദങ്ങളെ അപേക്ഷിച്ച് ഒമിക്രോൺ ദ്രുതഗതിയിൽ പടർന്നുപിടിക്കാൻ സാധ്യതയുണ്ട്. അതിനാൽ, വ്യാപനം നിയന്ത്രിക്കുന്നതിന് മൂന്നാം ഡോസ് അനിവാര്യമാണെന്ന് റോയൽ ഹോസ്പിറ്റലിലെ സാംക്രമികരോഗ കൺസൽട്ടൻറായ ഡോ. സക്കറിയ അൽ ബലൂഷി പറഞ്ഞു. ബൂസ്റ്റർ ഡോസ് ഒമിക്രോണിനെതിരെ 70-75 ശതമാനംവരെ സംരക്ഷണം നൽകുന്നുവെന്നാണ് ഒന്നിലധികം രാജ്യങ്ങളിലെ പഠനങ്ങൾ സൂചിപ്പിക്കുന്നതെന്ന് സുൽത്താൻ ഖാബൂസ് യൂനിവേഴ്സിറ്റി ഹോസ്പിറ്റലിലെ സാംക്രമികരോഗ കൺസൽട്ടൻറായ ഡോ. സെയ്ദ് അൽ ഹിനായ് പറഞ്ഞു. നിലവിൽ രാജ്യത്ത് 16 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.അതേസമയം, 90 പേർക്ക് ഒമിക്രോൺ ബാധിച്ചതായി സംശയിക്കുന്നുവെന്ന് കഴിഞ്ഞദിവസം നടത്തിയ വാർത്ത സമ്മേളനത്തിൽ ആരോഗ്യ മന്ത്രാലയത്തിലെ ഡിസീസ് സർവൈലൻസ് ആൻഡ് കൺട്രോൾ ഡയറക്ടർ ജനറൽ ഡോ. സെയ്ഫ് അൽ അബ്രി പറഞ്ഞിരുന്നു.
പിടിവിടാതെ കോവിഡ്; 79 പേർക്കുകൂടി
മസ്കത്ത്: രാജ്യത്ത് കോവിഡ് കേസുകൾ മുകളിലോട്ടുതന്നെ. 24 മണിക്കൂറിനിടെ 79 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഡിസംബറിലെ റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന പ്രതിദിന നിരക്കാണിത്. പുതിയ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 3,05,253 പേർക്കാണ് ഇതുവരെ മഹാമാരി പിടിപെട്ടത്. 27 പേർക്ക് അസുഖം ഭേദമായി. ഇതോടെ കോവിഡ് മുക്തമായവരുടെ ആകെ എണ്ണം 3,00,341 ആയി ഉയർന്നു. 98.4 ശതമാനമാണ് രോഗമുക്തി നിരക്ക്. ഒരാളെകൂടി പ്രവേശിപ്പിച്ചതോടെ ആശുപത്രിയിൽ കഴിയുന്നവരുടെ എണ്ണം എട്ടായി. ഇതിൽ രണ്ടുപേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 4114 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.
ഒരിടവേളക്കുശേഷം കോവിഡുകൾ ഉയരുന്നത് ആശങ്ക സൃഷ്ടിക്കുന്നതാണെന്ന് കഴിഞ്ഞദിവസം ആരോഗ്യമന്ത്രി അറിയിച്ചിരുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ 357 പേർക്കാണ് അസുഖം പിടിപെട്ടത്. 125 പേർക്കുമാത്രമാണ് അസുഖം ഭേദമായത്. ഏകദേശം ഒന്നര മാസത്തെ ഇടവേളക്കുശേഷം ഈ ആഴ്ചയിൽ മരണവും റിപ്പോർട്ട് ചെയ്യുകയുണ്ടായി.
വാക്സിൻ സർട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെങ്കിൽ നടപടി –തൊഴില്‍ മന്ത്രാലയം
മസ്കത്ത്: രാജ്യത്തെ സര്‍ക്കാര്‍-സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ രണ്ട് ഡോസ് വാക്സിനെടുത്ത സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെങ്കില്‍ നടപടിയെടുക്കുമെന്ന് തൊഴില്‍ മന്ത്രാലയം. ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസം മന്ത്രാലയം സർക്കുലർ പുറപ്പെടുവിച്ചിരുന്നു. വാക്സിൻ എടുക്കാൻ ആരോഗ്യപ്രശ്നമുണ്ടെങ്കിൽ അത് തെളിയിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട കേന്ദ്രങ്ങളിൽനിന്ന് ഹാജരാക്കണം. ഫൈസര്‍-ബയോൻടെക്, ഓക്സ്ഫഡ്-ആസ്ട്രസെനക, ആസ്ട്രസെനക-കൊവിഷീല്‍ഡ്, ജോണ്സന് ആൻഡ് ജോണ്സന്, സിനോവാക്, മൊഡേണ, സ്പുട്ട്നിക്, സിനോഫാം, ഇന്ത്യയുടെ കൊവാക്സിന് എന്നിവയാണ് ഒമാന്‍ അംഗീകരിച്ച കോവിഡ് പ്രതിരോധ വാക്സിനുകള്‍. വാക്സിനേഷന് സര്‍ട്ടിഫിക്കറ്റോ മെഡിക്കല്‍ റിപ്പോര്‍ട്ടോ സമര്‍പ്പിക്കാത്തവര്‍ക്ക് തൊഴിലിടങ്ങളില്‍ പ്രവേശനം അനുവദിക്കരുത്. ഇതിന് ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് അവകാശമുണ്ടെന്നും മന്ത്രാലയം അറിയിച്ചു.സ്വദേശികളും വിദേശികളുമായി 2,30,000ത്തിലധികം ആളുകൾ ഇനിയും വാക്സിനെടുക്കാനുണ്ടെന്നാണ് ആരോഗ്യ മേഖലയിലുള്ളവർ പറയുന്നത്.
മൂന്നാം ഡോസ്:ഫീൽഡ് കാമ്പയിൻ
മസ്കത്ത്: സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് കോവിഡിനെതിരെയുള്ള മൂന്നാം ഡോസ് വാക്സിൻ നൽകാൻ തെക്കൻ ശർഖിയ ഗവർണറേറ്റിൽ ഫീൽഡ് കാമ്പയിൻ നടത്തി. അൽ കാമില, അൽ വാഫിയ വിലായത്തുകളിലെ സർക്കാർ ജീവനക്കാർക്കാണ് മൂന്നാം ഡോസ് നൽകിയത്. നിരവധി ജീവനക്കാർ ഇവിടെ എത്തി ബൂസ്റ്റർ ഡോസ് സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.