മസ്കത്ത്: വിദേശരാജ്യങ്ങളിലെ കേരളീയര്‍ക്ക് സൗജന്യ നിയമസഹായം ലഭ്യമാക്കുന്ന നോര്‍ക്ക റൂട്ട്സിന്റെ പ്രവാസി ലീഗല്‍ എയ്ഡ് സെല്ലില്‍ മിഡിലീസ്റ്റ് മേഖലയില്‍ ഏഴു ലീഗൽ കൺസൾട്ടന്റുമാരെ നിയമിച്ചു.
സൗദി അറേബ്യയിലെ ജിദ്ദയില്‍ ഷംസുദ്ദീൻ ഓലശ്ശേരി, ദമ്മാമില്‍ തോമസ് പി.എം, കുവൈത്തില്‍ രാജേഷ് സാഗർ, യു.എ.ഇ- അബുദബിയില്‍ സാബു രത്നാകരൻ, സലീം ചോലമുക്കത്ത്, ദുബായ്-ഷാര്‍ജ മേഖലയില്‍ മനു ജി., അനല ഷിബു എന്നിവരെയാണ് ആദ്യഘട്ടത്തില്‍ നിയമിച്ചത്. ജി.സി.സി രാജ്യങ്ങളില്‍ കൂടുതൽ ലീഗൽ കൺസൽട്ടന്റുമാരെ നിയമിക്കാനാണ് ശ്രമമെന്ന് നോർക്ക-റൂട്ട്സ് സി.ഇ.ഒ. അജിത് കോളശ്ശേരി അറിയിച്ചു.
വിദേശ രാജ്യങ്ങളിലെ നിയമത്തെക്കുറിച്ചുള്ള അജ്ഞതകൊണ്ടും, ചെറിയ കുറ്റകൃത്യങ്ങള്‍ കാരണവും, തന്റേതല്ലാത്ത കാരണങ്ങളാലും നിയമക്കുരുക്കിലകപ്പെടുന്ന പ്രവാസി കേരളീയര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പാക്കുന്ന പദ്ധതിയാണ് പ്രവാസി ലീഗല്‍ എയ്ഡ് സെൽ.
കേസുകളിൻ മേൽ നിയമോപദേശം, നഷ്ടപരിഹാരം/ദയാഹരജികൾ എന്നിവയിൽ സഹായിക്കുക, സാംസ്കാരിക സംഘടനകളുമായി ചേർന്ന് നിയമ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുക, വിവിധ ഭാഷകളിൽ തർജ്ജമ നടത്തുന്നതിന് വിദഗ്ദ്ധരുടെ സഹായം ലഭ്യമാക്കുക, എന്നിവക്ക് അതാത് രാജ്യത്തെ കേരളീയരായ അഭിഭാഷകരുടെ സേവനം ലഭ്യമാക്കുന്നതാണ് പദ്ധതി.
പദ്ധതി സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ക്കും സേവനം പ്രയോജനപ്പെടുത്തുന്നതിനും www.norkaroots.org വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഇതോടൊപ്പം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കാള്‍ സർവിസ്) ബന്ധപ്പെടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.