മസ്കത്ത്: ശനിയാഴ്ച മുതൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ ഒമാൻ പ്രതിനിധി സംഘത്തിന് ഇന്ത്യയിൽ ഊഷ്മള വരവേൽപ്പ്. കേന്ദ്ര കണ്‍സ്യൂമര്‍ അഫേഴ്സ്, ഫുഡ്, ആൻഡ് പബ്ലിക് ഡിസ്ട്രിബ്യൂഷന്‍ മന്ത്രി അശ്വിന് കെ.ആര്. ചൗബിയുടെ നേതൃത്വത്തില്‍ ഒമാന്‍ സംഘത്തെ സ്വീകരിച്ചു.
ഇന്ത്യയിലെ ഒമാന്‍ അംബാസഡര്‍ ഇസ്സ സാലിഹ് അല്‍ ശിബാനി ഉൾപ്പെടെ നിരവധി പേർ ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയിരുന്നു. സുൽത്താനേറ്റിന്റെ പ്രതിനിധി സംഘത്തെ അന്താരാഷ്ട്ര ബന്ധങ്ങളുടെയും സഹകരണ കാര്യങ്ങളുടെയും ഉപ പ്രധാനമന്ത്രിയും സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്റെ പ്രത്യേക പ്രതിനിധിയുമായ സയ്യിദ് അസദ് ബിന്‍ താരിഖ് അല്‍ സഈദാണ് നയിക്കുന്നത്.
വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ ബിന്‍ ഹമദ് അല്‍ ബുസൈദി, സാമ്പത്തികകാര്യ മന്ത്രി ഡോ. സഈദ് മുഹമ്മദ് അല്‍ സഖ്രി, വാണിജ്യ, വ്യവസായ, നിക്ഷേപകാര്യ മന്ത്രി ഖാഇസ് മുഹമ്മദ് അല്‍ യൂസുഫ്, സയ്യിദ് അസദിന്റെ ഓഫിസ് ഉപദേശകന്, വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം ഉപദേശകന് പങ്കജ് ഖിംജി എന്നിവരാണ് ഒമാൻ സംഘത്തിലുള്ളത്. ഇന്ത്യയിലേക്ക് പുറപ്പെടുന്നതിന് മുന്നോടിയായി മസ്കത്ത് റോയല്‍ എയര്‍പോര്‍ട്ടില്‍ നടന്ന യാത്രയയപ്പ് ചടങ്ങിൽ ഇന്‍ഫര്‍മേഷന്‍ മന്ത്രി ഡോ. അബ്ദുല്ല നാസ്സര്‍ അല്‍ ഹര്‍റാസി, പൈതൃക, വിനോദസഞ്ചാര മന്ത്രി സാലിം മുഹമ്മദ് അല്‍ മഹ്റൂഖി, ഊര്‍ജ, ധാതു മന്ത്രി എന്‍ജി. സാലിം നാസര്‍ അല്‍ ഔഫി, ഔഖാഫ്, മതകാര്യ മന്ത്രി ഡോ. മുഹമ്മദ് സഈദ് അല്‍ മഅ്മരി, ഇന്ത്യന്‍ അംബാസഡര്‍ അമിത് നാരങ് എന്നിവർ പങ്കെടുത്തു.
ഇന്ത്യൻ അംബാസഡര്‍ കഴിഞ്ഞ ദിവസം സയ്യിദ് അസദിനെ സന്ദര്‍ശിച്ച് ജി20 ഫലകം കൈമാറിയിരുന്നു. പുതുതായി ഉദ്ഘാടനം ചെയ്ത ഭാരത് മണ്ഡപത്തിലാണ് ജി20 ഉച്ചകോടി നടക്കുക. യൂറോപ്യൻ യൂനിയനിലെയും ക്ഷണിക്കപ്പെട്ട അതിഥി രാജ്യങ്ങളിലെയും 30ലധികം രാഷ്ട്രത്തലവന്മാരും ഉന്നത ഉദ്യോഗസ്ഥരും 14 അന്താരാഷ്ട്ര സംഘടന മേധാവികളും ഉച്ചകോടിയിൽ പങ്കെടുക്കും.
നൈജീരിയ, അർജന്റീന, ഇറ്റലി, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, യു.കെ, ജപ്പാൻ, സൗദി അറേബ്യ, ഈജിപ്ത്, ആസ്ട്രേലിയ, യുനൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, ചൈന, യു.എ.ഇ, ബ്രസീൽ, ഇന്തോനേഷ്യ, ടർക്കി സ്പെയിൻ, ജർമനി, ഫ്രാൻസ്, മൗറീഷ്യസ്, യൂറോപ്യൻ യൂനിയൻ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളാണ് ഉച്ചകോടിയിൽ സംബന്ധിക്കുന്ന രാജ്യങ്ങൾ. രണ്ടു ദിവസത്തെ ഉച്ചകോടിയിൽ മഹാത്മാ ഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ നിരവധി പ്രമുഖർ രാജ്ഘട്ട് സന്ദർശിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.