മസ്കത്ത്: ഗസ്സയിലെ നിലവിലെ പശ്ചാത്തലത്തിൽ ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിയുമായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഫോണിൽ സംസാരിച്ചു. ഗസ്സ മുനമ്പിലെ ദാരുണമായ സാഹചര്യത്തെയും ഇസ്രായേൽ സൈനിക നടപടി വർധിപ്പിക്കുന്നതിലൂടെയുണ്ടാകുന്ന അപകടത്തെക്കുറിച്ചും ആയിരക്കണക്കിന് ആളുകൾക്ക് ജീവൻ നഷ്ടമായതിനെ പറ്റിയും സിവിലിയന്മാർ അനുഭവിക്കുന്ന ഗുരുതരമായ മാനുഷിക ദുരന്തത്തെക്കുറിച്ചും ഇരുവരും സംസാരിച്ചു. ദുരിതാശ്വാസ സഹായങ്ങൾ ലഭ്യമാക്കുന്നതിനും ജീവൻ രക്ഷിക്കുന്നതിനും ബന്ദികളെ മോചിപ്പിക്കുന്നതിനും മാനുഷിക ഇടനാഴികൾ തുറക്കാൻ അനുവദിക്കുന്ന വിധത്തിൽ വെടിനിർത്തലിൽ എത്തേണ്ടതിന്റെ ആവശ്യകത സയ്യിദ് ബദർ ആവർത്തിച്ചു പറഞ്ഞു. രാഷ്ട്രീയമായും നയതന്ത്ര ചർച്ചകളിലൂടെയും യുദ്ധം ചെയ്യുന്ന എല്ലാ കക്ഷികളുടെയും പങ്കാളിത്തത്തോടെ അന്താരാഷ്ട്രതലത്തിൽ ആഗ്രഹിക്കുന്ന ദ്വിരാഷ്ട്ര പരിഹാരത്തിലൂടെ ഫലസ്തീൻ പ്രശ്നം പരിഹരിക്കണമെന്ന ഒമാന്റെ വീക്ഷണത്തിനും അദ്ദേഹം അടിവരയിട്ടു.
ചെറുത്തുനിൽപ്പ് പ്രസ്ഥാനങ്ങളുടെ വർഗീകരണവുമായി ബന്ധപ്പെട്ട് ഇരുപക്ഷവും തമ്മിലെ വീക്ഷണങ്ങളിൽ വ്യത്യാസമുണ്ടെങ്കിലും ഈ നിർണായക ഘട്ടത്തിൽ മാനുഷിക വശത്തിന് ഉയർന്ന മുൻഗണന നൽകാനും കൂടിയാലോചനകളും രാഷ്ട്രീയ ശ്രമങ്ങളും നിലനിർത്തി മാനുഷിക സന്ധി സ്ഥാപിക്കാനും രണ്ടു മന്ത്രിമാരും സമ്മതിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.