മസ്കത്ത്: ഫലസ്തീനികൾക്കെതിരെ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളെ അപലപിച്ച ഒമാൻ വിദേശകാര്യമന്ത്രി സയ്യിദ് ബദർ ഹമദ് അൽബുസൈദി, ഈ യുദ്ധം അവസാനിപ്പിക്കാൻ ലോകം ഒന്നിക്കണമെന്ന് ആവശ്യപ്പെട്ടു. ശനിയാഴ്ച റിയാദിൽ നടന്ന അസാധാരണ അറബ്-ഇസ്ലാമിക് ഉച്ചകോടിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ബദർ.
ഫലസ്തീൻജനത ഭയാനകമായ മാനുഷിക യാതനകളാണ് നേരിടുന്നുത്. ഇത് ഹൃദയഭേദകമാണ്.
സ്വയം പ്രതിരോധത്തിന്റെ മറവിൽ ഗസ്സ മുനമ്പിനെതിരെ ഇസ്രായേൽ നടത്തുന്ന ഈ നിഷ്ഠുരമായ യുദ്ധം തടയുന്നതിൽ ഐക്യരാഷ്ട്രസഭയുടെ ഇതുവരെയുള്ള പരാജയവും നാം ഉയർത്തിക്കാട്ടണം. കുട്ടികളെയും സ്ത്രീകളെയും പ്രതിരോധമില്ലാത്ത പുരുഷന്മാരെയും കൊന്നൊടുക്കുക, വീടുകൾ, ആരാധനാലയങ്ങൾ, സൗകര്യങ്ങൾ, സ്കൂളുകൾ, ആശുപത്രികൾ എന്നിവ തകർക്കുക, സേവനങ്ങൾ വെട്ടിക്കുറക്കുക, ജനങ്ങൾക്ക് വെള്ളം, ഭക്ഷണം, ഇന്ധനം എന്നിവ നഷ്ടപ്പെടുത്തുക എന്നിവയിലൂടെയല്ല സ്വയംപ്രതിരോധം ഉണ്ടാകുന്നത്.
ജനങ്ങൾക്ക് വെള്ളം, ഭക്ഷണം, ഇന്ധനം, മരുന്ന് എന്നിവ നിഷേധിക്കുകയും ഗസ്സ മുനമ്പിൽ നിയമവിരുദ്ധമായ ഉപരോധം ഏർപ്പെടുത്തുകയും ചെയ്യുന്നു. ഫലസ്തീനുമായി ബന്ധപ്പെട്ട് ഇസ്രായേലിന്റെ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനത്തെ അപലപിക്കാത്ത ചില സൗഹൃദരാജ്യങ്ങളുടെ നിലപാടുകൾ സങ്കടപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ഉച്ചകോടിയിൽ പങ്കെടുക്കുന്ന നേതാക്കൾക്ക് സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ആശംസകളും സയ്യിദ് ബദർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.