മസ്കത്ത്: ഗസ്സയിലെ ഫലസ്തീൻ ജനതക്ക് അടിയന്തര സഹായമായി ജി.സി.സി 100 മില്യൺ ഡോളർ നൽകും.ഗസ്സ പ്രതിസന്ധി ചർച്ച ചെയ്യുന്നതിനായി മസ്കത്തിൽ ചേർന്ന ജി.സി.സി മന്ത്രിതല സമിതിയുടെ 43ാമത് അസാധാരണ സമ്മേളനത്തിനുശേഷം നടന്ന വാർത്തസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഫലസ്തീനികളെ അവരുടെ മണ്ണിൽനിന്ന് കുടിയിറക്കാനുള്ള ശ്രമങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകാനും സാധാരണക്കാരെ സംരക്ഷിക്കാനും തടവുകാരെ മോചിപ്പിക്കുന്നതിനും ഫലസ്തീൻ ജനതക്ക് അന്താരാഷ്ട്ര സംരക്ഷണം നൽകുന്നതിനും ജി.സി.സി ഊന്നൽ നൽകും. മനുഷ്യത്വരഹിതമായ ഉപരോധം അവസാനിപ്പിക്കാനും മരുന്നുകളും മാനുഷിക സഹായവും എത്തിക്കാനും അനുവദിക്കണമെന്നും സംയുക്ത പ്രസ്താവനയിൽ മന്ത്രിതല സമിതി ആവശ്യപ്പെട്ടു.
അടിയന്തരമായി വെടിനിർത്തണമെന്നും ഗസ്സയിലെ ഇസ്രായേൽ സൈനിക നടപടികളും നിയമവിരുദ്ധമായ ഉപരോധവും അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. മാനുഷിക സഹായത്തിനും ദുരിതാശ്വാസ സാമഗ്രികൾക്കും മറ്റ് അടിസ്ഥാന ആവശ്യങ്ങൾക്കും ഫലസ്തീനിലേക്കുള്ള പ്രവേശനം ഉറപ്പാക്കണം. വൈദ്യുതി, വെള്ളം എന്നിവ പുനഃസ്ഥാപിക്കാനും ഗസ്സയിലെ ജനങ്ങൾക്ക് ഇന്ധനം, ഭക്ഷണം, മരുന്ന് എന്നിവ എത്തിക്കാൻ അനുവദിക്കുകയും വേണം.സിവിലിയന്മാരെ സംരക്ഷിക്കാനും അവരെ ലക്ഷ്യംവെച്ചുള്ള പ്രവൃത്തികളിൽനിന്ന് വിട്ടുനിൽക്കാനും അന്താരാഷ്ട്ര നിയമങ്ങൾ അനുസരിക്കാനും കൗൺസിൽ എല്ലാ പാർട്ടികളോടും ആഹ്വാനം ചെയ്തു.
നിരപരാധികളായ ബന്ദികളെയും തടവുകാരെയും പ്രത്യേകിച്ച് സ്ത്രീകളെയും കുട്ടികളെയും രോഗികളെയും പ്രായമായവരെയും മോചിപ്പിക്കണം. ഫലസ്തീൻ ജനതക്ക് അന്താരാഷ്ട്ര സംരക്ഷണം നൽകണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു. ഫലസ്തീൻ ജനതയുടെ സ്വയംനിർണയാവകാശവും 1967ലെ അതിർത്തികളെ അടിസ്ഥാനമാക്കി കിഴക്കൻ ജറൂസലം തലസ്ഥാനമാക്കി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കാനുള്ള അവരുടെ അവകാശത്തെയും അംഗീകരിച്ചു. ഇരട്ടത്താപ്പുകളില്ലാതെ ഫലസ്തീൻ പ്രശ്നം കൈകാര്യം ചെയ്യാനുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ ഉത്തരവാദിത്തത്തെ കുറിച്ച് ഊന്നിപ്പറയുകയും ചെയ്തു.
ഇസ്രായേൽ ഗവൺമെന്റിന്റെ നിയമവിരുദ്ധമായ നടപടികൾക്കെതിരെ അന്താരാഷ്ട്ര നിയമത്തിന്റെ പരിധിക്കുള്ളിൽനിന്ന് ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ അന്താരാഷ്ട്ര സമൂഹം തയാറാകണം. അറബ്-ഇസ്രായേൽ സംഘർഷവുമായി ബന്ധപ്പെട്ട മുൻ പ്രമേയങ്ങൾ നടപ്പാക്കാനും അന്താരാഷ്ട്ര നിയമവും ഐക്യരാഷ്ട്രസഭയുടെ ചാർട്ടറും ഇസ്രായേൽ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഒരു പുതിയ പ്രമേയം സ്വീകരിക്കാനും ഐക്യരാഷ്ട്ര സുരക്ഷ കൗൺസിലിനെ പ്രേരിപ്പിച്ചാണ് കൗൺസിൽ യോഗം അവസാനിപ്പിച്ചത്. ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദിയും ജി.സി.സി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബുദൈവിയും സംയുക്തമായി നടത്തിയ വാർത്തസമ്മേളനത്തിലാണ് കാര്യങ്ങൾ വിശദീകരിച്ചത്.നിലവിൽ ജി.സി.സി അധ്യക്ഷ സ്ഥാനത്തുള്ള ഒമാന്റെ അഭ്യർഥനയെ തുടർന്നാണ് ജി.സി.സി മന്ത്രിസഭ സമിതിയുടെ 43ാമത് അടിയന്തര യോഗം മസ്കത്തിൽ ചേർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.