മസ്കത്ത്: ഒമാനും യു.എ.ഇയും തമ്മിൽ ബന്ധിക്കുന്ന റെയിൽ പദ്ധതിക്ക് ഔദ്യോഗികമായി ധാരണയായതോടെ പിന്നിട്ടത് ജി.സി.സി റെയിൽ പാതയിലേക്കുള്ള സുപ്രധാന ചുവട്. രണ്ടായിരത്തിലേറെ കിലോമീറ്റർ നീളത്തിൽ ജി.സി.സി റെയിൽവേ ശൃംഖലയെക്കുറിച്ച് നേരത്തെ മുതൽ ചർച്ചകൾ സജീവമായിരുന്നു. യു.എ.ഇയുടെ ഇത്തിഹാദ് റെയിൽ പദ്ധതി വളരെ സജീവമായി മുന്നോട്ടുപോയതോടെയാണ് ജി.സി.സി പാത സാധ്യമാണ് എന്ന അഭിപ്രായം ശക്തമായത്. ഒമാനിലെ സുഹാർ തുറമുഖവുമായി അബൂദബിയെ ബന്ധിപ്പിക്കുന്ന പാതക്ക് കരാറായതോടെ പദ്ധതിക്ക് ചിറകുമുളച്ചിരിക്കുകയാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
ആറ് ജി.സി.സി രാജ്യങ്ങളെയും 2,177 കിലോമീറ്റർ റെയിൽവേ വഴി ബന്ധിപ്പിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. കുവൈത്തിൽ തുടങ്ങി സൗദി അറേബ്യ, ബഹ്റൈൻ, ഖത്തർ, യു.എ.ഇ എന്നിവിടങ്ങളിലൂടെ കടന്ന് ഒടുവിൽ ഒമാനിൽ അവസാനിക്കുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഈ വർഷം ട്രെയിൻ പദ്ധതിയുടെ സാധ്യതകൾ മന്ത്രാലയം സജീവമായി പിന്തുടരുകയാണെന്ന് ഒമാൻ ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രി എൻജി. സഈദ് ബിൻ ഹമൂദ് അൽ മവാലി നേരത്തെ പറഞ്ഞിരുന്നു.
സുഹാറിൽനിന്ന് ഖാസെൻ ഡ്രൈ പോർട്ട് ഏരിയയിലേക്ക് റെയിൽവേ ലൈൻ സ്ഥാപിക്കാൻ സർക്കാർ നിക്ഷേപകരെ തേടുന്നുണ്ട്. അത് ലോജിസ്റ്റിക് മേഖലയെ ഉത്തേജിപ്പിക്കുന്നതിനായി അയൽരാജ്യമായ സൗദി അറേബ്യയുമായി ബന്ധിപ്പിക്കുകയും ചെയ്യും. മസ്കത്ത് ഗവർണറേറ്റിൽ മെട്രോ റെയിൽ ശൃംഖല സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. ബന്ധപ്പെട്ട അധികാരികൾ ഉൾപ്പെട്ട കമ്മിറ്റിയുടെ റിപ്പോർട്ടുകളും സമർപ്പിച്ചിട്ടുണ്ട്. മികച്ച സൗകര്യങ്ങളും എളുപ്പത്തിൽ എത്തിച്ചേരാവുന്ന ഗതാഗതവുമുള്ള തലസ്ഥാന നഗരിയായി മസ്കത്തിനെ മാറ്റാനുള്ള 'ഗ്രേറ്റർ മസ്കത്ത്' പദ്ധതികളുടെ ഭാഗമായാണ് മെട്രോ ഒരുങ്ങുന്നത്.
2009ലാണ് കുവൈത്തിൽനിന്ന് ആരംഭിച്ച് സൗദി അറേബ്യ, ബഹ്റൈൻ, ഖത്തർ, യു.എ.ഇ എന്നിവിടങ്ങളിലേക്ക് നീളുകയും ഒടുവിൽ ഒമാനിലെ സുഹാർ തുറമുഖത്ത് അവസാനിക്കുകയും ചെയ്യുന്ന രീതിയിൽ ജി.സി.സി പാത നിർദേശിക്കപ്പെട്ടത്. നീണ്ട പത്തുവർഷത്തെ പഠനത്തിനുശേഷം 2021ഡിസംബറിൽ ജി.സി.സി റെയിൽ അതോറിറ്റി രൂപവത്കരിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ഒപ്പുവെച്ച കരാറോടെ റെയിൽ ശൃംഖലയുടെ യു.എ.ഇയിലെയും ഒമാനിലെയും ഭാഗങ്ങൾ പൂർത്തിയാക്കാനാണ് വഴിയൊരുങ്ങിയത്. ജി.സി.സി റെയിൽ പദ്ധതിയിൽ ഓരോ രാജ്യങ്ങളും സ്വന്തം ഭാഗം പൂർത്തിയാക്കുകയും പരസ്പരം ബന്ധിപ്പിക്കുകയും ചെയ്യാനാണ് ആലോചന. പദ്ധതി പൂർത്തിയായാൽ ജനങ്ങൾക്ക് ഏറെ സൗകര്യപ്രദവും വികസനരംഗത്ത് വലിയ കുതിപ്പിന് വഴിവെക്കുമെന്നുമാണ് ഈ രംഗത്തെ വിദഗ്ധർ വിലയിരുത്തുന്നത്.
വിവിധ കാരണങ്ങളാൽ പദ്ധതിയിൽ വലിയ മുന്നേറ്റം ഉണ്ടായിരുന്നില്ലെങ്കിലും ഖത്തറുമായി നയതന്ത്ര തലത്തിൽ രൂപപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടതോടെ അംഗ രാജ്യങ്ങൾക്കിടയിൽ പദ്ധതി സംബന്ധിച്ച ചർച്ച സജീവമായിരുന്നു. റെയിൽ കടന്നുപോകുന്ന തോട്ടങ്ങളുടെ ഉടമസ്ഥർ എതിർപ്പുമായി രംഗത്തെത്തിയതും ഗൾഫ് രാജ്യങ്ങളുടെ മുഖ്യവരുമാനമായ എണ്ണ വിലയിലുണ്ടായ ഇടിവ് അംഗ രാജ്യങ്ങളുടെ ബജറ്റിനെ പ്രതികൂലമായി ബാധിച്ചതും പദ്ധതിയെ തടസ്സപ്പെടുത്തിയിരുന്നു. എന്നാൽ, ഇപ്പോൾ എണ്ണ വിലയിലടക്കം തീർത്തും അനുകൂലമായ സാഹചര്യമാണെന്ന് വിലയിരുത്തപ്പെടുന്നു. നേരത്തെ 25 ബില്യൺ ഡോളറാണ് പദ്ധതിക്ക് ചെലവ് കണക്കാക്കിയത്.
ജി.സി.സി രാജ്യങ്ങൾ തമ്മിൽ അകലം കുറയുകയും പരസ്പര സഹകരണം ശക്തിപ്പെടുത്തുകയും ചെയ്യുന്നതാണ് പദ്ധതി. രാജ്യങ്ങൾക്കിടയിലെ യാത്ര, ചരക്കുനീക്കത്തിൽ വിപ്ലവകരമായ മാറ്റത്തിന് തിരികൊളുത്താനും ഇത് സഹായകരമാകും.
മസ്കത്ത്: യു.എ.ഇയെയും ഒമാനെയും ബന്ധിപ്പിക്കുന്ന റെയിൽവേ പദ്ധതി ഇരു രാജ്യങ്ങളുടെയും തന്ത്രപ്രധാനമായ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സഹായിക്കുമെന്ന് ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രി എൻജിനീയർ സയീദ് ഹമൂദ് അൽ മവാലി പറഞ്ഞു. സുഹാർ തുറമുഖവും യു.എ.ഇയുടെ ഫ്രീ സോണുകളും സാമ്പത്തിക മേഖലകളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനാൽ റെയിൽ പദ്ധതി സാമൂഹികവും സാമ്പത്തികവുമായ വശങ്ങൾ തുറക്കുമെന്ന് മവാലി ചൂണ്ടിക്കാട്ടി. ലോജിസ്റ്റിക് മേഖലയെ ഉത്തേജിപ്പിക്കുന്നതിലും സമീപഭാവിയിൽ വാണിജ്യ വിനിമയം സജീവമാക്കുന്നതിലും ഈ പദ്ധതി പ്രധാന പങ്കുവഹിക്കും. പദ്ധതി സാമ്പത്തിക സാമൂഹിക തലങ്ങളിൽ സുസ്ഥിര വികസനം കൈവരിക്കുമെന്നും അതിർത്തി കടന്നുള്ള ഗതാഗതത്തിന് പുതിയ മാതൃക നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യാവസായിക മേഖലകളെ ബന്ധിപ്പിക്കുകയും അസംസ്കൃത വസ്തുക്കളുടെ ഗതാഗതം സുഗമമാക്കുകയും വ്യവസായികൾ, കമ്പനികൾ, നിക്ഷേപകർ, നിർമാതാക്കൾ എന്നിവർക്ക് ആകർഷകമായ പ്ലാറ്റ്ഫോമുകൾ നൽകുകയും ചെയ്യുന്നതിനാൽ വ്യാവസായിക പ്രാദേശികവത്കരണത്തിന്റെ ഘടകങ്ങളിലൊന്നായി പദ്ധതി മാറുമെന്നും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.