മസ്കത്ത്: ഗോ ഫസ്റ്റിന്റെ സർവിസുകൾ പുനരാരംഭിക്കാൻ സിവിൽ ഏവിയേഷൻ അധികൃതർ അനുവാദം നൽകി. കോടതി കേസുകൾ പരിഹരിക്കുകയും സർവിസ് നടത്താനാവശ്യമായ ഫണ്ട് കണ്ടെത്തുകയും ചെയ്താൽ സേവനം ആരംഭിക്കാനാവും. ഇതോടെ സാമ്പത്തിക പാപ്പരത്തം മൂലം നിർത്തിവെക്കുകയും പിന്നീട് സർവിസ് ആരംഭിക്കുകയും ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ വിമാന കമ്പനിയെന്ന പേരും ഗോ ഫസ്റ്റിന് ലഭിക്കും. 22 വിമാനങ്ങളുമായി സർവിസ് നടത്താനാണ് അനുവാദം ചോദിച്ചതെങ്കിലും 15 എണ്ണത്തിനാണ് അനുമതി നൽകിയത്.
ദിവസേന 114 സർവിസുകൾ നടത്താനാവും. എന്നാൽ, സർവിസ് നടത്താനാവശ്യമായ ഫണ്ട് കണ്ടെത്തലുൾപ്പെടെ നിരവധി പ്രശ്നങ്ങൾ കാത്തിരിക്കുന്നുണ്ട്. സുരക്ഷ ഓഡിറ്റിങ് അടുത്തിടെ നടന്നിരുന്നു. ഇതിന്റെ റിപ്പോർട്ട് അനുസരിച്ചാണ് സർവിസ് പുനരാരംഭിക്കാൻ അധികൃതർ അനുവാദം നൽകിയത്. സാമ്പത്തിക പ്രതിസന്ധി കാരണം കഴിഞ്ഞ മേയ് മൂന്നു മുതലാണ് ഗോ ഫസ്റ്റ് സർവിസ് നിർത്തിയത്. സാമ്പത്തിക പ്രതിസന്ധി കാരണം അമേരിക്ക കേന്ദ്രമായ കമ്പനി എൻജിൻ സൈപ്ല നിർത്തിവെച്ചിരുന്നു. ഇത് കാരണം ഗോ എയറിന്റെ 54 വിമാനങ്ങളാണ് നിർത്തിയിട്ടത്.
ആദ്യഘട്ടത്തിൽ ആഭ്യന്തര സർവിസുകളാകും ആരംഭിക്കുക. സെപ്റ്റംബറോടെ രാജ്യാന്തര സർവിസുകളും പുനരാരംഭിക്കും. ഗോ ഫസ്റ്റ് സർവിസുകൾ പുനരാരംഭിക്കുന്നത് ഒമാനിലെ കണ്ണൂർ യാത്രക്കാർക്കാണ് ഏറെ അനുഗ്രഹമാവുക. കണ്ണൂരിൽനിന്ന് മസ്കത്തിലേക്കാണ് ഗോ എയർ ഏറ്റവും കൂടുതൽ സർവിസ് നടത്തുന്നത്. മസ്കത്തിൽനിന്ന് കണ്ണൂരിലേക്ക് ആഴ്ചക്ക് ഏഴു സർവിസുകളാണുണ്ടായിരുന്നത്. യാത്രക്കാർക്ക് ഏറെ അനുയോജ്യമായ സമയത്തായിരുന്നു ഇതിന്റെ സർവിസ്. താരതമ്യേന കുറഞ്ഞ നിരക്കാണ് ഗോ ഫസ്റ്റ് ഈടാക്കിയിരുന്നത്. മറ്റു വിമാനത്താവളങ്ങളെ അപേക്ഷിച്ച് നിരക്ക് കുറഞ്ഞതിനാൽ ഒരു സമയത്ത് മധ്യകേരളത്തിൽ നിന്നുള്ള യാത്രക്കാർവരെ കണ്ണൂരിനെ തിരഞ്ഞെടുത്തിരുന്നു.
എന്നാൽ, കഴിഞ്ഞ മേയിൽ സർവിസ് നിർത്തിയതോടെ മസ്കത്തിൽനിന്നുള്ള കണ്ണൂർ യാത്രക്കാരെ ഏറെ പ്രതികൂലമായി ബാധിക്കുകയായിരുന്നു. കാസർകോട്, വയനാട്, കോഴിക്കോട് ജില്ലകളിലെ യാത്രക്കാരും കണ്ണൂർ വിമാനത്താവളത്തെ ആശ്രയിച്ചിരുന്നു. മംഗളൂരു, കുടക് തുടങ്ങിയ അയൽസംസ്ഥാനങ്ങളിലെ നിരവധി യാത്രക്കാരും കണ്ണൂർ വഴി യാത്ര ചെയ്തിരുന്നു. എയർ ഇന്ത്യ എക്സ്പ്രസ് കണ്ണൂരിലേക്ക് സർവിസ് നടത്തുന്നുണ്ടെങ്കിലും ആഴ്ചയിൽ മൂന്നെണ്ണം മാത്രമാണുള്ളത്.
ഇത് ശനി, തിങ്കൾ, ബുധൻ ദിവസങ്ങളിലായതിനാൽ വാരാന്ത്യത്തിലും മറ്റും യാത്ര ചെയ്യുന്നവർക്ക് തീരെ പ്രയോജനം ചെയ്തിരുന്നില്ല. അതോടൊപ്പം എയർ ഇന്ത്യ ഈടാക്കുന്ന ഉയർന്ന നിരക്കും യാത്രക്കാർക്ക് പ്രയാസം സൃഷ്ടിച്ചിരുന്നു. ഇതോടെ യാത്രക്കാർ കണ്ണൂർ വിമാനത്താവളത്തെ ഒഴിവാക്കുകയായിരുന്നു. പലരും കോഴിക്കോട്, മംഗളൂരു, ബംഗളൂരു വിമാനത്താവളങ്ങൾ വഴിയാണ് മസ്കത്തിൽ എത്തിയിരുന്നത്. ഇത് വൻ സമയനഷ്ടവും മറ്റ് പ്രയാസവും ഉണ്ടാക്കിയിരുന്നു.
കണ്ണൂർ വിമാനത്താവളത്തോടുള്ള അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രവാസി സംഘടനകൾ പ്രതിഷേധ പരിപാടികൾ നടത്തിയിരുന്നു. സർവിസുകൾ കുറയുന്നത് വിമാനത്താവളത്തെ പ്രതികൂലമായി ബാധിക്കുമെന്നും ഇവർ സൂചിപ്പിച്ചിരുന്നു. കണ്ണൂർ വിമാനത്താവളത്തിൽനിന്ന് കൂടുതൽ സർവിസുകൾ ആരംഭിക്കണമെന്ന മുറവിളി ഉയരുന്നതിനിടയിലാണ് ഗോ ഫസ്റ്റിന് സർവിസ് പുനഃസ്ഥാപിക്കാൻ അനുവാദം കിട്ടിയതായി വാർത്തകൾ വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.