സ്വർണവിലയും വിനിമയ നിരക്കും പുതിയ ഉയരങ്ങളിലേക്ക്

മസ്കത്ത്: റഷ്യ- യുക്രെയ്ൻ യുദ്ധം ശക്തമാവുന്നത് ലോക സാമ്പത്തിക വ്യവസ്ഥയെയും ബാധിച്ചുതുടങ്ങി. എണ്ണവില കുതിച്ചുയരുന്നതോടൊപ്പം സ്വർണവിലയും റിയാലിന്റെ വിനിമയ നിരക്കും ഉയരങ്ങളിലെത്തി.

സ്വർണവില സർവകാല റെക്കോഡിലേക്ക് ഉയർന്നു. റിയാലിന്‍റെ വിനിമയ നിരക്കും സർവകാല റെക്കോഡിലേക്ക് അടുക്കുകയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 24.100 റിയാലാണ് ശനിയാഴ്ചത്തെ വില. സ്വർണവില ഉയരുന്നതും കുറയുന്നതും യുക്രെയ്ൻ വിഷയത്തിലുള്ള റഷ്യയുടെ നിലപാടനുസരിച്ചായിരിക്കും.

കഴിഞ്ഞ കുറെ ദിവസങ്ങളിലായി ഗ്രാമിന് 22ൽ നിന്നിരുന്ന സ്വർണവില കഴിഞ്ഞ മൂന്നു ദിവസങ്ങളിലാണ് കുത്തനെ ഉയരാൻ തുടങ്ങിയത്. ശനിയാഴ്ച സ്വർണവില ഗ്രാമിന് 24.100 എന്ന സർവകാല റെക്കോഡിലെത്തി. ഞായറാഴ്ചയും ഇതേ നിരക്ക് തന്നെയാണ് സ്വർണവ്യാപാര സ്ഥാപനങ്ങൾ ഈടാക്കുക. ആദ്യമായാണ് ഇത്രയും ഉയർന്ന വില സ്വർണത്തിന് ലഭിക്കുന്നതെന്ന് ബന്ധപ്പെട്ടവർ പറയുന്നു. ആഗോള മാർക്കറ്റിൽ എണ്ണവില ഉയരുകയാണെങ്കിൽ സ്വർണവില ഇനിയും ഉയരാനും സാധ്യതയുണ്ട്. സ്വർണത്തിൽ കൂടുതൽ നിക്ഷേപം നടത്തുന്നതുകൊണ്ടാണ് വില ഉയരുന്നത്.

വിനിമയ നിരക്കും പുതിയ ഉയരങ്ങളിലേക്ക് എത്തി. ഒമാനിലെ വിനിമയ സ്ഥാപനങ്ങൾ ശനി, ഞായർ ദിവസങ്ങളിൽ വെള്ളിയാഴ്ചത്തെ ക്ലോസിങ് നിരക്കാണ് നൽകുന്നത്. ഒരു റിയാലിന് 197.2 രൂപയായി വെള്ളിയാഴ്ചത്തെ നിരക്ക്. എന്നാൽ, അന്താരാഷ്ട്ര വിനിമയ ഏജൻസികൾ ശനിയാഴ്ച ഒരു റിയാലിന് 198.700 എന്ന നിരക്കാണ് കാണിക്കുന്നത്. കഴിഞ്ഞ വർഷം ഡിസംബർ 16നാണ് റിയാലിന് 198 രൂപ വിനിമയ നിരക്ക് ലഭിച്ചത്. കോവിഡ് കൊടുമ്പിരികൊണ്ട 2020 ഏപ്രിൽ 14നും സമാനമായ നിരക്ക് ലഭിച്ചിരുന്നു. അന്ന് 198.900 ആയിരുന്നു വിനിമയ നിരക്ക്.

യുക്രെയ്ൻ-റഷ്യ പ്രശ്നം പരിഹരിക്കാതെ വരുകയും എണ്ണവില വർധിക്കുകയും ചെയ്യുകയാണെങ്കിൽ വിനിമയ നിരക്ക് ഇനിയും ഉയരും. റഷ്യയുടെ യുക്രെയ്ൻ അധിനിവേശം എണ്ണവിലയിൽ വൻ കുതിച്ചുകയറ്റമാണുണ്ടാക്കിയത്. അഞ്ചു ദിവസംകൊണ്ട് 20 ശതമാനം വിലവർധനയാണുണ്ടായത്. യുദ്ധത്തിന് തൊട്ടുമുമ്പ് ബാരലിന് 96 ഡോളറായിരുന്നു എണ്ണവില. യുദ്ധത്തോടെ എണ്ണവില പെട്ടെന്ന് വർധിക്കുകയും വ്യാഴാഴ്ച ആഗോള മാർക്കറ്റിൽ 116.44 ഡോളറിൽ എത്തുകയുമായിരുന്നു. എന്നാൽ, ഇറാൻ ആണവ പ്രശ്നം രമ്യതയിലെത്തിയെന്നും കരാറിൽ ഒപ്പുവെച്ചുവെന്നുമുള്ള കിംവദന്തികൾ പരന്നതോടെ വില 109 ഡോളറിലേക്ക് താഴ്ന്നിരുന്നു. ശനിയാഴ്ച വീണ്ടും എണ്ണവില ആഗോള മാർക്കറ്റിൽ 115.54 ഡോളറിലെത്തി. 

Tags:    
News Summary - Gold prices and exchange rates reach new highs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.