മസ്കത്ത്: ഒമാനില്‍ വ്യാഴാഴ്ച മുതല്‍ കടലിൽനിന്ന് വലിയ ചെമ്മീൻ പിടിക്കാന്‍ അനുമതി. ഇതുസംബന്ധിച്ച വിലക്ക് കാര്‍ഷിക, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയം നീക്കി. വരും ദിവസങ്ങളില്‍ വിപണിയില്‍ ചെമ്മീന്‍ സുലഭമായി ലഭിക്കും. നീണ്ട 60 ദിവസത്തെ ഇടവേളക്കുശേഷം അല്‍ വുസ്ത, ദോഫാര്‍, തെക്കന്‍ ശര്‍ഖിയ തുടങ്ങിയ മേഖലകളിൽ ചെമ്മീന്‍ ബന്ധനത്തിനായി മത്സ്യത്തൊഴിലാളികള്‍ ഒരുങ്ങുകയാണ്. വിലക്ക് നീങ്ങുന്നത് അൽ വുസ്തയിൽ മാത്രം മൂവായിരത്തിലധികം മത്സ്യത്തൊഴിലാളികൾക്കാണ് ഗുണം ചെയ്യുക.
ചെമ്മീന്‍ പിടിക്കുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ നിയമങ്ങള്‍ പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്കി. മുട്ടയിടുന്നവയെ പിടിക്കാന്‍ പാടില്ല. മീന്‍പിടിത്ത നിയന്ത്രണം, ഗവേഷണം, വിവരങ്ങള്‍ ശേഖരിക്കല്‍ എന്നിവയും മന്ത്രാലയത്തിന്റെ ചുമതലയിലുണ്ട്. മത്സ്യബന്ധന നിയമങ്ങള്‍ പൂര്‍ണമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ മന്ത്രാലയത്തിലെ ഫിഷറീസ് കണ്ട്രോള് ആൻഡ് ലൈസൻസിങ് വിഭാഗത്തിന് ചുമതല നൽകി. ചെമ്മീനുകളുടെ അളവില്‍ കുറവ് സംഭവിക്കുന്നതായി പഠനങ്ങളില്‍ കണ്ടെത്തിയതോടെയാണ് ഇവയെ പിടികൂടുന്നതിന് നിയന്ത്രണം കൊണ്ടുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.