ഞാൻ നിലവിൽ ഒമാനിലെ അൽ ഹെയിലിൽ പ്രവർത്തിച്ചുവരുന്ന അറ്റസ്റ്റേഷൻ സർവിസ് കമ്പനിയിൽ ജോലിചെയ്യുകയാണ്. ഞങ്ങളുടേത് ഒരു ചെറിയ സ്ഥാപനമാണ്. 'കമേഴ്സ്യൽ ഏജൻറ്' തസ്തികയിലാണ് വിസ. കഴിഞ്ഞ അഞ്ചുവർഷത്തോളമായി ഇൗ തസ്തികയിൽതന്നെയാണ് ജോലിചെയ്യുന്നത്. ഇതേ തസ്തികയിൽ എെൻറ നാട്ടുകാരനായ സുഹൃത്തും കൂടി ജോലിചെയ്യുന്നുണ്ട്. ഞങ്ങളടക്കം മൊത്തം ആറുപേരാണ് സ്ഥാപനത്തിൽ ജോലിചെയ്യുന്നത്. ഈയടുത്ത് ഒമാനിൽ പ്രഖ്യാപിച്ചിട്ടുള്ള തൊഴിൽ പദവി ക്രമീകരണത്തിെൻറ ഗ്രേസ് പീരിയഡുമായി ബന്ധപ്പെട്ട് എെൻറ തൊഴിലിന് ഏതെങ്കിലും തരത്തിൽ പ്രശ്നങ്ങളുണ്ടാകുവാൻ സാധ്യതയുണ്ടോ? എന്താണ് ഈ തൊഴിൽ ക്രമീകരണം എന്ന് ലളിതമായി വിവരിക്കാമോ ?
അബ്ദുൽ ജുനൈദ്,
അൽ ഹെയിൽ, മസ്കത്ത്.
തൊഴിൽ വിപണി ക്രമീകരിക്കുന്നതിെൻറ ഭാഗമായി ഒമാനിൽ 2020 ഡിസംബർ ആറുമുതൽ ജനുവരി ആറുവരെയുള്ള ഒരുമാസ കാലയളവാണ് ഗ്രേസ് പീരിയഡ് ആയി തൊഴിൽ മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്. തൊഴിലുടമകൾ അവരുടെ കീഴിൽ ജോലി ചെയ്യുന്ന വിദേശികളെ യോഗ്യതാനുസരണം കൃത്യമായിട്ടുള്ളതും, വിദേശികൾക്ക് ജോലി വിലക്കേർപ്പെടുത്തിയിട്ടുള്ളതുമായ തസ്തികകളിൽ നിന്നും മാറ്റിനിയമിച്ചും നിയമാനുസരണം തൊഴിൽ മേഖലയെ മുന്നോട്ടുകൊണ്ടുപോകുന്നതിന് ഈ കാലയളവ് കൃത്യമായും ഉപയോഗപ്പെടുത്തേണ്ടതാണ്. ഒമാനിൽ സ്വദേശികൾക്ക് മാത്രമായി സംവരണം ചെയ്യപ്പെട്ട തസ്തികകൾ കൃത്യമായി ഉറപ്പാക്കി സ്വദേശി തൊഴിൽ മേഖലയെ പുഷ്ടിപ്പെടുത്തുന്നതിനും അതോടൊപ്പം തന്നെ വിദേശ തൊഴിലാളികൾക്ക് തൊഴിൽ നഷ്ടമുണ്ടാകാതെ യോഗ്യതാനുസരണം മറ്റൊന്നിലേക്ക് മാറുന്നതിനുമായിട്ടാണ് ഇൗ അവസരം നൽകിയിട്ടുള്ളത്.
സ്വദേശികൾക്ക് സംവരണം ചെയ്യപ്പെട്ടിട്ടുള്ള തസ്തികകൾ തൊഴിൽ മന്ത്രാലയം കാലാകാലങ്ങളിൽ വിജ്ഞാപനം വഴി അറിയിക്കുകയും ആയത് പരിഷ്കരിക്കപ്പെടുകയും ചെയ്യുന്നുണ്ട്. ഗ്രേസ് പീരിയഡ് കാലയളവിൽ ഒമാനി ഇതര തൊഴിലാളികളുടെ തൊഴിൽ മേഖലകളെ വിലക്കുള്ള വിഭാഗങ്ങളിൽനിന്ന് മാറ്റുന്നതിനും കൃത്യമായ യോഗ്യതയുള്ള സ്വദേശികളെ ആ തസ്തികകളിൽ നിയമിക്കുന്നതിനും അനുവാദം ലഭിക്കുന്നതാണ്. ആയതുപോലെ തൊഴിലിെൻറ ആവശ്യകതക്ക് അനുസരിച്ച് വ്യത്യസ്തങ്ങളായ പ്രഫഷനൽ തലങ്ങളിലേക്ക് യോഗ്യതയുള്ളവരെ മാറ്റിനിയമിക്കുന്നതും അനുവദനീയമാണ്. ബിസിനസ് സ്ഥാപനത്തിെൻറ ലൈസൻസ് മാനദണ്ഡങ്ങൾക്കനുസരിച്ച് വിദേശ തൊഴിലാളികളെ ഒരേ സ്ഥാപനത്തിെൻറ തന്നെ ഒരു പ്രവൃത്തിയിൽനിന്ന് (ആക്ടിവിറ്റി) മറ്റൊന്നിലേക്ക് മാറ്റുന്നതും ഇപ്രകാരം അനുവദനീയമാണ്. ഇത്തരത്തിൽ ഗ്രേസ് പീരിയഡിൽ അനുവദനീയമായ മറ്റുള്ള കാര്യങ്ങൾ ഇപ്രകാരമാണ്.
• അംഗീകൃത തൊഴിൽ കരാർ അടിസ്ഥാനമാക്കി ഒമാനി ഇതര തൊഴിലാളികളുടെ വേതനം ഭേദഗതി ചെയ്യൽ
•നിയന്ത്രണങ്ങളും നിർദിഷ്ട നടപടികളും അനുസരിച്ച് വിദേശ തൊഴിലാളികളെ ഒരു തൊഴിലുടമയിൽനിന്ന് മറ്റൊന്നിലേക്ക് മാറ്റാനുള്ള അനുമതി.
•നിബന്ധനകൾ പാലിക്കുകയാണെങ്കിൽ താൽക്കാലികമായി നിർത്തിവെച്ചിരിക്കുന്ന പ്രവർത്തനങ്ങളിൽ സുൽത്താനേറ്റിനുള്ളിൽ നിന്നും ഒരു വിദേശ തൊഴിലാളിയെ നിയമിക്കുന്നതിനും ജോലിയിൽ ഏർപ്പെടുത്തുന്നതിനും തൊഴിലുടമക്ക് ലൈസൻസിന് അപേക്ഷിക്കാം.
തൊഴിൽ മന്ത്രാലയം കാലാകാലങ്ങളിൽ വിജ്ഞാപനത്തിലൂടെ സ്വദേശി തൊഴിലാളികൾക്കായി നീക്കിെവക്കുന്നതും, വിദേശ തൊഴിലാളികൾക്ക് വിസവിലക്ക് ഏർപ്പെടുത്തുകയും ചെയ്തിട്ടുള്ള തസ്തികകളിൽ തങ്ങളുടെ തൊഴിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് മന്ത്രാലയം പുറത്തിറക്കുന്ന ഔദ്യോഗിക രേഖകൾ പരിശോധിച്ച് ഉറപ്പുവരുത്തുകയും അത്തരത്തിൽ നിരോധനം ഉള്ളതാണെങ്കിൽ ആ വിവരം തൊഴിലുടമയെ ബോധ്യപ്പെടുത്തി ഈ കാലയളവിനുള്ളിൽ അനുവദനീയമായ തൊഴിലിലേക്കു മാറുവാൻ ശ്രദ്ധിക്കേണ്ടതുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.