മസ്കത്ത്: മുലദ്ദ ഇന്ത്യന്‍ സ്കൂളില്‍ പന്ത്രണ്ടാം തരത്തിലെ വിദ്യാർഥികളുടെ ഗ്രാജ്വേഷന് ചടങ്ങ് സംഘടിപ്പിച്ചു. ഇന്ത്യന്‍ സ്കൂളുകളുടെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് ഫിനാന്‍സ് ഡയറക്ടറും മുലദ്ദ ഇന്ത്യന്‍ സ്കൂള്‍ ഇന്‍ചാര്‍ജുമായ അശ്വിനി സൗരികാര് ചടങ്ങില്‍ മുഖ്യാതിഥിയായി. സ്റ്റുഡന്റ്സ് കൗണ്‍സില്‍ അംഗങ്ങളും പന്ത്രണ്ടാം തരം വിദ്യാർഥികളും ചേര്‍ന്ന് ഘോഷയാത്രയോടെയാണ് മുഖ്യാതിഥിയെയും മറ്റ് വിശിഷ്ട വ്യക്തികളെയും സദസ്സിലേക്ക് ആനയിച്ചത്.
സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി കണ്‍വീനര്‍ അനില്‍കുമാര്‍ മുഖ്യാതിഥിയെ സ്വീകരിച്ചു. തുടര്‍ന്ന് സത്യപ്രതിജ്ഞ നടന്നു. വിദ്യാര്‍ഥികളായ ആയിഷ സജ നമ്പൂരിക്കണ്ടിയും ഹാദി മുസ്തഫയും സ്കൂൾ അനുഭവങ്ങള്‍ പങ്കുവെച്ചു. വിദ്യാര്‍ഥികള്‍ മുഖ്യാതിഥിയില്‍ നിന്ന് സര്‍ട്ടിഫിക്കറ്റും മെമന്റോയും ഏറ്റുവാങ്ങി. ശക്തമായ അടിത്തറയിട്ട അവരുടെ സ്ഥാപനത്തെ മറക്കരുതെന്നും സ്കൂളിനും അവരുടെ കുടുംബത്തിനും ബഹുമതികള്‍ കൊണ്ടുവരാനും പ്രിന്‍സിപ്പല്‍ വിജയാശംസകള്‍ നേര്‍ന്നു.
സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് മുസ്തഫ മാടത്തൊടിയില് തന്റെ പ്രസംഗത്തില്‍ സ്വതന്ത്രമായി ചിന്തിക്കാനും വിവേകത്തോടെ തീരുമാനങ്ങള്‍ എടുക്കാനും വിദ്യാര്‍ഥികളെ ഉൽബോധിപ്പിച്ചു. വിദ്യാർഥി ജീവിതത്തില്‍ ഒരു പുതിയ അധ്യായമാണിതെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്ത മുഖ്യാതിഥി പറഞ്ഞു. സയന്‍സ് വിഭാഗത്തിലും കോമേഴ്സ് വിഭാഗത്തിലും ഉന്നതവിജയം നേടുന്നവര്‍ക്ക് ലക്ഷം രൂപയുടെ എക്സലന്‍സ് അവാര്‍ഡ് നല്‍കാനുള്ള സ്കൂളിന്റെ തീരുമാനം പ്രഖ്യാപിച്ചു. അസി. വൈസ് പ്രിന്‍സിപ്പല്‍ വി.സി. ജയ്ലാല്‍ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.