മസ്കത്ത്: വിശുദ്ധ റമദാനിലെ ആദ്യ വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് പള്ളികൾ നിറഞ്ഞുകവിഞ്ഞു. തിരക്ക് മൂലം പല പള്ളികളിലും നമസ്കാരത്തിെൻറ നിര പുറത്തേക്കും നീണ്ടു. നമസ്കാരത്തിന് ഏറെ മുമ്പേ പല പള്ളികളുടെയും അകത്തളങ്ങൾ നിറഞ്ഞിരുന്നു.
ഗ്രാൻഡ് മസ്ജിദിൽ പള്ളി തുറന്നപ്പോൾ തന്നെ ആദ്യ സ്വഫുകൾ നിറഞ്ഞു. ആദ്യബാങ്ക് വിളിക്ക് മുമ്പായി പ്രധാന ഹാളും നിറഞ്ഞു. തുടർന്നുവന്നവർ ചൂടിനെ അവഗണിച്ച് പുറത്തുനിന്നാണ് നമസ്കാരം നിർവഹിച്ചത്. ബാങ്ക് കൊടുക്കുംവരെ ഖുർആൻ പാരായണം ചെയ്തും പ്രാർഥനകൾ ഉരുവിട്ടുമാണ് വിശ്വാസികൾ പള്ളികളിൽ ചെലവഴിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട കഠിനമായ ചൂടിന് ഇന്നലെ ചെറിയ ആശ്വാസമുണ്ടായിരുന്നു. ഇത് പള്ളികൾക്ക് പുറത്ത് നമസ്കാരം നിർവഹിച്ചവർക്ക് അനുഗ്രഹമായി.
സത്യവിശ്വാസികൾ റമദാെൻറ മൂല്യം തിരിച്ചറിയാൻ പരിശ്രമിക്കണമെന്നും ഒാരോ ദിവസം കടന്നുപോകുന്തോറും നോമ്പിനെ വിലയിരുത്തണമെന്നും ഇമാമുമാർ ഖുതുബയിൽ ഓർമിപ്പിച്ചു. പിഴവുകൾ തിരുത്തുകയും ഒപ്പം സൽകർമങ്ങൾ വർധിപ്പിക്കുകയും വേണം. നോമ്പിെൻറ യഥാർഥ ലക്ഷ്യം കൈവരിക്കാൻ ഇതിലൂടെ മാത്രമേ സാധിക്കുകയുള്ളൂ. അല്ലാത്ത പക്ഷം നോമ്പ് കേവലം പട്ടിണി കിടക്കൽ മാത്രമായി ചുരുങ്ങിപ്പോകുമെന്ന് ഇമാമുമാർ ഉദ്ബോധിപ്പിച്ചു. മലയാളി കൂട്ടായ്മകളുടെയും ബിസിനസ് സ്ഥാപനങ്ങളുടെയുമെല്ലാം നേതൃത്വത്തിലുള്ള ഇഫ്താർ സംഗമങ്ങൾക്കും തുടക്കമായിട്ടുണ്ട്.
ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിഭാഗത്തിെൻറ ഇഫ്താർ സംഗമം വെള്ളിയാഴ്ച നടന്നു. ദാർസൈത്തിലെ ഇന്ത്യൻ സോഷ്യൽക്ലബ് ഹാളിൽ നടന്ന പരിപാടിയിൽ സമൂഹത്തിലെ വിവിധ തുറകളിൽനിന്നുള്ള നൂറുകണക്കിനാളുകൾ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.