മസ്കത്ത്: കുറച്ചുകാലമായി ശാന്തമായിരുന്ന ഒ.ഐ.സി.സി ഒമാൻ ഘടകത്തിലെ ഗ്രൂപ് പോരുകൾ വീണ്ടും ശക്തിയാർജിച്ചു. കെ. സുധാകരൻ കെ.പി.സി.സി അധ്യക്ഷനായ ശേഷം ഒ.ഐ.സി.സി നേതൃത്വം അറിയാതെ നടത്തിയ ചില സംഘടന നിയമനങ്ങളാണ് പുതിയ തർക്കത്തിനിടയാക്കിയത്. ഒ.ഐ.സി.സിക്ക് മുകളിലുള്ള ഗ്ലോബൽ കമ്മിറ്റിക്ക് പുതിയ ചെയർമാനെ നിയമിച്ചതടക്കമുള്ള കാര്യങ്ങൾ സമൂഹ മാധ്യമങ്ങൾ വഴിയാണ് പ്രസിഡന്റ് സിദ്ദീഖ് ഹസ്സൻ അടക്കമുള്ള ഒ.ഐ.സി.സി ഭാരവാഹികൾ അറിഞ്ഞത്. ഇതിനെതിരെ കെ. സുധാകരന് ഒ.ഐ.സി.സി അധ്യക്ഷൻ കത്തിലൂടെ അതൃപ്തി അറിയിച്ചിരുന്നു. 'കെ.എസ് ബ്രിഗേഡ്' എന്ന പേരിൽ അറിയപ്പെടുന്ന ഗ്രൂപ്പിലെ ഒരു വിഭാഗം ആളുകൾക്കാണ് ഭാരവാഹിത്വം നൽകിയിരിക്കുന്നതെന്നും ഇവർ ആരോപിക്കുന്നു. നാഷ്ണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ജോളി മേലേതിനെ സംഘടനയിൽനിന്നും സസ്പെൻഡ് ചെയ്തുള്ള കെ. സുധാകരന്റെ കത്ത് കഴിഞ്ഞദിവസം ലഭിച്ചിട്ടുണ്ട്.
സമൂഹ മാധ്യമങ്ങൾ വഴി കെ.പി.സി.സി പ്രസിഡന്റിനെയും നേതാക്കളെയും അവഹേളിച്ചെന്ന് പറഞ്ഞാണ് സസ്പെൻഷൻ. തുടർ നടപടി ഇല്ലാതിരിക്കാൻ പത്തു ദിവസത്തിനുള്ളിൽ വിശദീകരണം നൽകണം എന്നും കത്തിലുണ്ട്. എന്നാലിത് എതിർപക്ഷത്തിന്റെ ഗൂഢാലോചനയാണെന്നാണ് ജോളി മേലേത് അടക്കമുള്ളവർ പറയുന്നത്. അതേസമയം വിവാദത്തിൽ പ്രതികരിക്കാൻ ഇല്ലെന്നും കാര്യങ്ങൾ പഠിച്ചു വരികയാണെന്നും ഒ.ഐ.സി.സി ഒമാൻ നാഷനൽ കമ്മിറ്റി പ്രസിഡന്റ് സിദ്ദീഖ്ഹസ്സൻ പറഞ്ഞു. കാര്യങ്ങൾ രമ്യമായി പരിഹരിക്കാനുള്ള സാഹചര്യം മുന്നിൽ ഉണ്ടെന്നും കേവലം തെറ്റിദ്ധാരണയുടെ പുറത്താണ് ഈ നടപടിയെന്നും ഒ.ഐ.സി.സി ഗ്ലോബൽ സെക്രട്ടറി കുര്യാക്കോസ് മാളിയേക്കൽ പറഞ്ഞു. ഒ.ഐ.സി.സിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ കെ.പി.സി.സി പ്രസിഡന്റിന്റെ തീരുമാനമാണെന്നും അതേക്കുറിച്ച് തനിക്ക് ഒന്നും അറിയില്ല എന്നാണ് ഗ്ലോബൽ ചെയർമാൻ കൂടിയായ ശങ്കരപ്പിള്ള കുമ്പളത്തു പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.