മസ്കത്ത്: ഒമാനിലെ ഇസ്ലാമിക് ബാങ്കുകൾ അതിവേഗം വളരുന്നു. ശരീഅ ഉൽപന്നങ്ങളെ പറ്റിയുള്ള ബോധവത്ക്കണം, മികച്ച ചില്ലറ വ്യാപാരം, അനുകൂലമായ നിയമ നിർദ്ദേശങ്ങൾ തുടങ്ങിയവയാണ് രാജ്യത്തെ ഇസ്ലാമിക് ബാങ്കിങ്ങുകളുടെ വളർച്ചക്ക് പ്രധാന കാരണം. ഒരുവർഷംകൊണ്ട് ഇസ്ലാമിക് ബാങ്കുകളുടെ ആസ്തി 10.7 ശതമാനം വർധിച്ചതായും 2022ലെ ആദ്യ പാദത്തിൽ ആസ്തി ആറ് ശതകോടി കടന്നതായും ഒമാൻ സെൻട്രൽ ബാങ്ക് വ്യക്തമാക്കുന്നു. ഇസ്ലാമിക് ബാങ്കുകളുടെ ആസ്തി മൊത്ത ബാങ്കുകളൂടെ 15.4 ശതമാനമായി ഉയർന്നിട്ടുണ്ട്. റേറ്റിങ് ഏജൻസിയായ 'മൂഡിസി'ന്‍റെ കണക്കനുസരിച്ച് 2013മുതൽ 2021 വരെയുള്ള കാലയളവിൽ ഇസ്ലാമിക്ബാങ്കുകളുടെ ആസ്തി വർഷം തോറും ശരാശരി 30 ശതമാനം വളർച്ചയാണുള്ളത്. മറ്റ് ബാങ്കുകളുടെ ശരാശരി വാർഷിക വളർച്ച അഞ്ച് ശതമാനമാണ്. ഉയർന്നഎണ്ണ വില അടക്കമുള്ള കാരണങ്ങളാൽ 2021ൽ ഇസ്ലാമിക് ബാങ്കുകൾ വൻ വളർച്ചയാണ് കാഴ്ച വെച്ചത്. കഴിഞ്ഞ വർഷം ആസ്തിയിൽ 14 ശതമാനമായിരുന്നു വളർച്ച. 2020 ൽ ബാങ്കുകളുടെ വളർച്ച ആറ് ശതമാനം ആയിരുന്നു. മറ്റ് ബാങ്കുകളുടെ വളർച്ച കഴിഞ്ഞ വർഷം ഏഴ് ശതമാനവും 2020ൽ ഒരു ശതമാനവുമായിരുന്നു.
2020ലെ കോവിഡ് വ്യാപനവും അതിന്‍റെ ഫലമായുണ്ടായ എണ്ണ വില ഇടിവും ബാങ്കിങ് മേഖലയെ പ്രതികൂലമായി ബാധിച്ചിരുന്നു. ഇസ്ലാമിക് ബാങ്കുകൾക്ക് മൂലധനം വർധിക്കുന്നതിനോടൊപ്പം ഉപഭോക്താക്കളുടെ നിക്ഷേപവും ഉയർന്നത് വളർച്ചക്ക് പ്രധാന കാരണമായി 'മൂഡിസ്' എടുത്ത് കാണിക്കുന്നു. ഒമാൻ സെൻട്രൽ ബാങ്കിന്‍റെ കണക്കനുസരിച്ച് പൂർണമായി പ്രവർത്തിക്കുന്ന രണ്ട് ഇസ്ലാമിക് ബാങ്കുകളാണ് ഒമാനിലുള്ളത്. ബാങ്ക് നിസ്വ, അൽഇസ് ഇസ്ലാമിക് ബാങ്ക് എന്നിവയാണ് അവ. മറ്റു ബാങ്കുകളുടെ ഇസ്ലാമിക് വിന്‍റോകളായി അഞ്ച് ബാങ്കുകളും പ്രവർത്തിക്കുന്നുണ്ട്. ഒമാനിലെ നിയമങ്ങൾ ഇസ്ലാമിക് ബാങ്കുകളെ പിന്തുണക്കുന്നതാണ്. വരും വർഷങ്ങളിൽ മാർക്കറ്റിന് കൂടുതൽ അനുകൂലമായി നിയമങ്ങൾ വരാനും സാധ്യതയുണ്ടെന്ന് ഏജൻസി വിലയിരുത്തുന്നു. ഇസ്ലാമിക് ബാങ്കുകൾ ചെറുകിട ഇടത്തരം നിക്ഷേപകർക്ക് അനുകൂല നിക്ഷേപ സാഹചര്യം ഒരുക്കുന്നത് ബാങ്കിനെ കൂടുതൽ വളർച്ചയിലേക്ക് നയിക്കുമെന്നും ഏജൻസി വിലയിരുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.