മസ്കത്ത്: ഖത്തറുമായി ബന്ധപ്പെട്ട് ജി.സി.സിയിൽ ഉടലെടുത്ത പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്തുന്നതിനുള്ള ചർച്ചകളുടെയും കൂടിയാലോചനകളുടെയും ഭാഗമായി ഒമാൻ വിദേശകാര്യ മന്ത്രി യൂസുഫ് ബിൻ അലവി വീണ്ടും കുവൈത്തിലെത്തി. അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹുമായി യൂസുഫ് ബിൻ അലവി ചർച്ച നടത്തി. ചൊവ്വാഴ്ച രാവിലെ ബയാൻ പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ കിരീടാവകാശി ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, വിദേശകാര്യമന്ത്രി ശൈഖ് സബാഹ് അൽ ഖാലിദ് അസ്സബാഹ്, അമീരി ദീവാനികാര്യ മന്ത്രി ശൈഖ് അലി ജർറാഹ് അസ്സബാഹ് എന്നിവരും സംബന്ധിച്ചു. സൗദി അറേബ്യയും യു.എ.ഇയും ബഹ്റൈനും ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചതിനെ തുടർന്നുള്ള പ്രതിസന്ധി പരിഹരിക്കാൻ കഴിഞ്ഞ ഒരുമാസക്കാലമായി ഒമാനും കുവൈത്തും തീവ്രശ്രമങ്ങൾ നടത്തിവരുകയാണ്.
ഇതിെൻറ ഭാഗമായി യൂസുഫ് ബിൻ അലവി ജൂൺ ഏഴിന് കുവൈത്തിലെത്തിയിരുന്നു. ചർച്ചകളുടെ ഭാഗമായി സൗദി വിദേശകാര്യമന്ത്രി ആദിൽ അൽ ജുബൈർ ജൂൺ ഒമ്പതിന് മസ്കത്ത് സന്ദർശിക്കുകയും ചെയ്തിരുന്നു. ഒമാനും കുവൈത്തും മാത്രമാണ് നിലവിൽ ഖത്തറുമായി നയതന്ത്രബന്ധം തുടരുന്ന രണ്ട് രാഷ്ട്രങ്ങൾ. തർക്കങ്ങൾ സംഘർഷത്തിലൂടെയല്ല പകരം ചർച്ചകളിലൂടെ തീർക്കണമെന്നാണ് ഒമാെൻറ നിലപാട്.
യമൻ, സിറിയ പ്രശ്നങ്ങളിലും ഒമാെൻറ സമാന നിലപാടിന് െഎക്യരാഷ്ട്ര സഭയുടെ വരെ പ്രശംസ ലഭിച്ചിരുന്നു. ഖത്തർ വിഷയത്തിൽ ചേരിചേരാ നിലപാട് തുടരുന്ന രണ്ടു രാജ്യങ്ങൾ എന്ന നിലക്ക് കുവൈത്തും ഒമാനും ചേർന്ന് നടത്തുന്ന മധ്യസ്ഥ നീക്കങ്ങൾ ലോകം ഉറ്റുനോക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.