മസ്കത്ത്: ഖത്തറിൽ സെപ്റ്റംബർ 15 മുതൽ 23 വരെ നടക്കുന്ന പ്രഥമ ഗൾഫ് ട്വന്റി20 ഇന്റർനാഷനൽ (ട്വന്റി20 ഐ) ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ ഒമാനെ അക്വിബ് ഇല്യാസ് നയിക്കും. വൈസ് ക്യാപ്റ്റനായി അയാൻ ഖാനെയും തിരഞ്ഞെടുത്തതായി ഒമാൻ ക്രിക്കറ്റ് വാർത്തക്കുറിപ്പിൽ അറിയിച്ചു. പുതുമുഖ താരം ഇടംകൈയ്യൻ സ്പിന്നർ ഷക്കീൽ അഹമ്മദ് ടീമിൽ ഇടംനേടിയതാണ് ശ്രദ്ധേയമായ മാറ്റം.
ഖത്തർ ക്രിക്കറ്റ് അസോസിയേഷൻ (ക്യു.സി.എ) സംഘടിപ്പിക്കുന്ന ചാമ്പ്യൻഷിപ്പിൽ ആതിഥേയർക്ക് പുറമെ സൗദി, ബഹ്റൈൻ, കുവൈത്ത്, ഒമാൻ, യു.എ.ഇ എന്നീ ടീമുകളാണ് മാറ്റുരക്കുക. എല്ലാ ടീമുകളും പരസ്പരം ഏറ്റുമുട്ടുന്ന റൗണ്ട് റോബിൻ അടിസ്ഥാനത്തിലാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്. ഏറ്റവും കൂടുതൽ പോയന്റ് നേടുന്ന ടീമുകൾ കലാശക്കളിയിലേക്ക് യോഗ്യത നേടും. ദോഹയിലെ വെസ്റ്റ് എൻഡ് പാർക്ക് ഇന്റർനാഷനൽ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് എല്ലാ മത്സരങ്ങളും നടക്കുക. സെപ്റ്റംബർ 16ന് യു.എ.ഇക്കെതിരെയാണ് ഒമാന്റെ ആദ്യ മത്സരം. 17ന് ഖത്തർ, 19ന് ബഹ്റൈൻ, 20ന് സൗദി, 22ന് കുവൈത്ത് തുടങ്ങിയ ടീമുകൾക്കെതിരെയും ഒമാൻ ഏറ്റുമുട്ടും. ചാമ്പ്യൻഷിപ് ഒമ്പതിലധികം രാജ്യങ്ങളിൽ തത്സമയം സംപ്രേക്ഷണം ചെയ്യും. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ (ഐ.സി.സി) മേൽനോട്ടത്തിലും അന്താരാഷ്ട്ര കളിയുടെ നിയമങ്ങൾക്കും അനുസൃതമായാകും ചാമ്പ്യൻഷിപ്.
മേഖലയിൽ ഇത്തരത്തിലുള്ള ഒരു ചാമ്പ്യൻഷിപ് സംഘടിപ്പിക്കുന്നത് മികച്ച സംരംഭമാണെന്ന് ഒമാൻ കോച്ച് ദുലീപ് മെൻഡിസ് പറഞ്ഞു. ഇത് വർഷംതോറും നടത്തുന്ന മത്സരമായി മാറുമെന്നും ഓരോ രാജ്യത്തിനും നടത്താനുള്ള അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മത്സരത്തിനെ നേരിടാനായി ടീം മികച്ച മുന്നൊരുക്കം നടത്തിയിട്ടുണ്ടെന്നും നല്ല ഫലങ്ങൾ നേടാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഖത്തറിലേക്ക് പുറപ്പെടുന്നതിന് മുന്നോടിയായി കോച്ച് പറഞ്ഞു.
ഒമാൻ സ്ക്വാഡ്: അക്വിബ് ഇല്യാസ് (ക്യാപ്റ്റൻ), അയാൻ ഖാൻ (വൈസ് ക്യാപ്റ്റൻ), ജതീന്ദർ സിങ്, കശ്യപ് പ്രജാപതി, ഷോയിബ് ഖാൻ, മുഹമ്മദ് നദീം, മുഹമ്മദ് നസീം ഖുഷി, കലീമുല്ല, ജയ് ഒഡെദ്ര, ബിലാൽ ഖാൻ, റഫിയുല്ല, ഷക്കീൽ അഹമ്മദ്, ഫയാസ് ബട്ട്, മെഹ്റാൻ ഖാൻ.ഉദ്യോഗസ്ഥർ: ദുലീപ് മെൻഡിസ് (മുഖ്യ പരിശീലകൻ), എവർട്ട് ലൗബ്ഷർ (അസി. കോച്ച്), മസർ സലീം ഖാൻ (ടീം കോഓഡിനേറ്റർ), സീഷൻ സിദ്ദീഖി (അനലിസ്റ്റ്), സീൻ നൊവാക് (ഫിസിയോതെറാപ്പിസ്റ്റ്).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.