ഹജ്ജ് ക്വോട്ട വർധിപ്പിച്ചു: 2,000 പേര്‍ക്കുകൂടി അവസരം

മസ്കത്ത്: ഈ വർഷം ഒമാനിൽനിന്നുള്ള ഹജ്ജ് തീർഥാടകരുടെ ക്വോട്ട വർധിപ്പിച്ചതായി ഔഖാഫ് മതകാര്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തുനിന്ന് 2,000 പേര്‍ക്കുകൂടി ഹജ്ജ് നിർവഹിക്കാൻ അവസരം ലഭിക്കും. കോവിഡ് പശ്ചാത്തലത്തില്‍ ഒമാനില്‍നിന്നുള്ള ഹജ്ജ് ക്വോട്ടയിൽ വലിയ കുറവ് വന്നതിനാൽ നേരത്തെ 6,338 ആയിരുന്നു അവസരം ലഭിച്ചിരുന്നത്. വർധിപ്പിച്ച ക്വോട്ടയിൽ സ്വദേശികൾക്കും വിദേശികൾക്കും എത്ര അവസരം ലഭിക്കുമെന്നത് വരും ദിവസങ്ങളിൽ അറിയാം. അതേസമയം, നേരത്തെ അപേക്ഷിച്ചവരിൽനിന്ന് നറുക്കെടുപ്പിലൂടെയായിരിക്കും പുതിയ ക്വോട്ടയിലേക്കും തിരഞ്ഞെടുക്കുക.

ഈ വർഷം ഒമാനിൽനിന്ന് ഹജ്ജിന് പോകാൻ നേരത്തെ അനുമതി ലഭിച്ച സ്വദേശികളും വിദേശികളടക്കമുള്ളവരുടെ നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. വിവിധ ഗവർണറേറ്റുകളിൽ വാക്സിനുകൾ നൽകിത്തുടങ്ങി. ജൂലൈ മൂന്നു വരെ വാക്സിൻ എടുക്കാമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ട് ഡോസ് കോവിഡ് വാക്സിന്‍, മസ്തിഷ്‌ക രോഗത്തിനെതിരെയുള്ള വാക്‌സിന്‍, സീസണല്‍ ഫ്ലൂ വാക്‌സിന്‍ എന്നിവയാണ് നൽകുന്നത്. രാജ്യത്ത് ഈ വർഷം 200 വിദേശികൾക്കാണ് ഹജ്ജിന് അവസരം ലഭിച്ചത്. അപേക്ഷ നൽകിയവരിൽനിന്ന് ഓൺലൈൻ വഴി നറുക്കെടുപ്പ് നടത്തിയാണ് തിരഞ്ഞെടുത്തത്.

ഒമാനിൽ ആദ്യമായാണ് നറുക്കെടുപ്പിലൂടെ ഹജ്ജിന് പോവുന്നവരെ കണ്ടെത്തുന്നത്. ഈ വർഷം അപേക്ഷകരുടെ എണ്ണം കൂടുതലും ക്വോട്ട കുറവുമായിരുന്നു. 22,843 പേരാണ് ഇത്തവണ ഹജ്ജിന് അപേക്ഷിച്ചത്. 6,156 അപേക്ഷകര്‍ക്കാണ് നറുക്കെടുപ്പ് വഴി ഹജ്ജിന് അവസരം ലഭിച്ചത്. ഇതില്‍ 5,956 പേര്‍ സ്വദേശികളാണ്.

Tags:    
News Summary - Hajj quota increased: Opportunity for 2,000 more

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.