മസ്കത്ത്: മലയാളത്തെ വാനോളമുയർത്തിയ സാഹിത്യ കുലപതി എം.ടി. വാസുദേവൻ നായർക്ക് ആദരാഞ്ജലിയുമായി പ്രവാസലോകവും അണിനിരക്കുന്നു. ഇതിഹാസസമാനമായ കൃതികളിലുടെയും ശക്തവും സുദൃഢവും മനോഹരവുമായ തിരക്കഥകളിലൂടെയും മലയാളത്തെ സമ്പന്നമാക്കിയ അദ്ദേഹത്തിന്റെ വിയോഗത്തിൽ നിരവധി പ്രവാസി സംഘടനകളും സാമൂഹിക, സാംസ്കാരിക നായകരും അനുശോചിച്ചു.
സാഹിത്യകാരൻ, തിരക്കഥാകൃത്ത്, സംവിധായകൻ, നാടകകൃത്ത് എന്നി നിലകളിൽ മലയാളിയുടെ ഭാവുകത്വത്തെ ഉണർത്തി ലോകത്തോളം വളർന്ന മലയാളത്തിന്റെ സ്വന്തം എഴുത്തുകാരനായിരുന്നു എം.ടിയെന്ന് വിവിധ സംഘടനകൾ അിപ്രായപ്പെട്ടു.
എം ടിയുടെ വേർപാട് പുരോഗമന മതനിരപേക്ഷ സാംസ്കാരിക കേരളത്തിന് കനത്ത നഷ്ടമാണെന്ന് കൈരളി ഒമാൻ പ്രസ്താവനയിൽ പറഞ്ഞു. മലയാളത്തിന്റെ മണ്ണിനോടും ഭാഷയോടും ഇഴകിച്ചേർന്ന് കലാപരമായ പ്രതിബദ്ധതയോടെയുള്ള നോവലുകൾ, കഥകൾ, തിരക്കഥകൾ, സിനിമകൾ എന്നിവയിലൂടെ ഇതിഹാസങ്ങളെ തൊട്ടുണർത്തുകയും അനന്യമായ ഒരു രചനാശൈലി രൂപപ്പെടുത്തുകയും സാഹിത്യത്തിന്റെ ജ്ഞാനപീഠം കയറി മലയാള ചലച്ചിത്രലോകത്തിനും സാഹിത്യത്തിനും അവിസ്മരണീയ സംഭാവനകൾ നൽകിയ എഴുത്തുകാരനായിരുന്നു എം.ടി. വാസുദേവൻ നായർ.
ലോകമെമ്പാടുമുള്ള മലയാളികളുടെ ഹൃദയങ്ങളിൽ ഒളിമങ്ങാത്ത ഓർമയായി ജ്വലിച്ചു നിൽക്കുന്ന എം.ടിയുടെ ജീവിതവും സൃഷ്ടികളും ഇന്ന് നമ്മുടെ സംസ്കാരത്തിന്റെയും സാഹിത്യത്തിന്റെയും അനശ്വര ചരിത്രമായിരിക്കുന്നു. പുരോഗമന പ്രത്യയശാസ്ത്രങ്ങൾ മുറുകെപ്പിടിച്ച് കേരളത്തിൽ മതനിരപേക്ഷ സാംസ്കാരിക മണ്ഡലം വാർത്തെടുക്കുന്നതിൽ എം.ടി. വഹിച്ച പങ്ക് നിർണായകമാണ്. എം. ടിയുടെ വേർപാടിൽ കുടുംബാംഗങ്ങൾക്കും സാംസ്കാരിക ലോകത്തിനുമൊപ്പം കൈരളി ഒമാൻ പങ്ക് ചേരുന്നതായി ഭാരവാഹികൾ വാർത്താകുറിപ്പിൽ അറിയിച്ചു.
അന്തരിച്ച മലയാളത്തിന്റെ പ്രിയ കഥാകാരൻ എം.ടിക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നതായി മലയാളം മിഷൻ ഒമാൻ ഭാരവാഹികൾ അറിയിച്ചു. വിദ്യാർത്ഥി കാലം മുതൽ തന്നെ കഥകൾ എഴുതി പ്രസിദ്ധീകരിക്കുകയും, ലോക ചെറുകഥാ മത്സരത്തിൽ സമ്മാനിതനാവുകയും ചെയ്ത എം.ടി. പിന്നീട് മലയാള സാഹിത്യത്തിലെ ഉന്നതമായ നേട്ടങ്ങൾ എല്ലാം കരസ്ഥമാക്കി. മലയാളിയുടെ മനസ്സിൽ സമകാലീനരായ മറ്റൊരു സാഹിത്യകാരനും അവകാശപ്പെടാനില്ലാത്ത സ്ഥാനം നേടാനും സാധിച്ചു. നികത്താവാനാത്ത നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ സംഭവിച്ചിരിക്കുന്നത്. തുഞ്ചൻ സാംസ്ക്കാരിക സമിതിയുടെ ചെയർമാൻ എന്ന നിലയിൽ ഭാഷാപിതാവായ തുഞ്ചത്തെഴുത്തച്ഛന്റെ സ്മാരകം സ്ഥാപിക്കുന്നതിൽ നേതൃപരമായ പങ്കുവഹിച്ച എം.ടി, മലയാളം മിഷൻ ഭാഷാ പ്രതിജ്ഞയുടെ ഉപജ്ഞാതാവെന്ന നിലയിൽ ഭാവി തലമുറയുടെ വാക്കിലും ധിഷണതയിലും എക്കാലവും നിറഞ്ഞു നിലനിൽക്കുമെന്നും മിഷൻ ഒമാൻ ഭാരവാഹികൾ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
മലയാള സാഹിത്യത്തിലെ മഹനീയ സാന്നിധ്യമായിരുന്നു എം.ടി വാസുദേവൻ നായരെന്ന് പ്രവാസി വെൽഫെയർ സലാല. അഞ്ചു പതിറ്റാണ്ടിലേറെ നീണ്ടുനിന്ന സാഹിത്യസപര്യയിലൂടെ തലമുറകളിൽ നിന്നും തലമുറകളിലേക്ക് പ്രവഹിച്ച രചന സാഗരത്തിന്റെ ഉടമ. സുന്ദരവും പ്രൗഢവുമായ വരികളിലൂടെ മലയാളത്തെ സമ്പന്നമാക്കിയ മഹാവ്യക്തിത്വം. അരുതായ്മകളോടും വെറുപ്പിന്റെ രാഷ്ട്രീയത്തോടും വാക്കുകൾ കൊണ്ട് നിരന്തരം കലഹിച്ച മഹാവ്യക്തിത്വമായിരുന്നു എം.ടിയെന്ന് പ്രസിഡൻറ് അബ്ദുല്ല മുഹമ്മദ് അനുശോചന സന്ദേശത്തിൽ പറഞ്ഞു.
റൂവി മലയാളി അസോസിയേഷന് അനുശോചനം രേഖപ്പെടുത്തി. തൂലികത്തുമ്പില്‍ മാനവികതയുടെയും മനുഷ്യന്റെയും മനുഷ്യത്വത്തിന്റെയും സ്നേഹവും ഊർജവും പകര്‍ന്നു നല്കിയ അദ്ദേഹം സ്വത്വാവിഷ്കാരത്തിന്റെ രാജ ശില്പിയായി അക്ഷരങ്ങള്‍ കൊണ്ട് വിസ്മയം തീര്‍ത്ത മഹാനായിരുന്നുവെന്ന് പ്രസിഡന്റ് ഫൈസല്‍ ആലുവയും സെക്രട്ടറി ഡോ. മുജീബ് റഹ്മാനും അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
ലോക സാഹിത്യത്തില്‍ മലയാളിത്തിന് മേല്‍ വിലാസമൊരുക്കിയാണ് വിഖ്യാത സാഹിത്യകാരന് എം.ടി വാസുദേവന്‍ നായര്‍ വിടപറയുന്നതെന്ന് ഇന്ത്യന്‍ മീഡിയ ഫോറം അനുസ്മരിച്ചു. കേരളീയ പരിസരങ്ങളുടെ കണ്ണാടിയെന്നപോലെ പ്രതിഫലിപ്പിക്കുന്ന കഥാപാത്രങ്ങള്‍ സൃഷ്ടിച്ച് എഴുത്തിന്റെ പുതു വഴികളെ സമ്മാനിച്ച എം.ടി ചിന്തകളില്‍ വിരിയുന്ന കഥകളെ വാക്കുകളില്‍ ചാലിച്ച് പുസ്തകങ്ങളിലേക്ക് പകര്‍ത്തുകയായിരുന്നു. മലയാളത്തെ അനാഥമാക്കിയാണ് എം.ടിയുടെ മടക്കം. രചനകളുടെ പെരുന്തച്ചന്റെ വേര്‍പാടില്‍ ദുഃഖിക്കുന്ന മുഴുവനാളുകളുടെയും വേദനയില്‍ മസ്കത്ത് ഇന്ത്യന്‍ മീഡിയ ഫോറം പ്രവര്‍ത്തകരും പങ്കുചേരുന്നുവെന്ന് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.