മസ്കത്ത്: ഒമാനിൽനിന്ന് ഈ വർഷം വിശുദ്ധ ഹജ്ജിന് പോകുന്നവർക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ മേയ് ഒമ്പത് മുതൽ 14 വരെയായിരിക്കുമെന്ന് ഔഖാഫ് മതകാര്യ മന്ത്രാലയം അറിയിച്ചു. www.hajj.om എന്ന ലിങ്കിലൂടെയാണ് രജിസ്ട്രേഷൻ നടത്തേണ്ടത്. സിവിൽ നമ്പറോ, മൊബൈൽ നമ്പറോ ഫോണിൽ ഐ.ഡി കാർഡ് റീഡിങ് ഉപയോഗിച്ചും രജിസ്ട്രേഷൻ നടത്താവുന്നതാണ്. ഈ വർഷം 6,338 പേർക്കാണ് ഒമാനിൽനിന്ന് ഹജ്ജിന് പോവാൻ സൗകര്യമുണ്ടാവുക. കോവിഡ് പ്രതിസന്ധി കാരണം മുൻ വർഷത്തെക്കാൾ 45 ശതമാനം കുറവാണിത്. ഹജ്ജ് രജിസ്ട്രേഷൻ സംബന്ധമായ അന്വേഷണങ്ങൾ 80008008 എന്ന ഹോട്ട്ലൈൻ നമ്പറിൽ ഔദ്യോഗിക പ്രവൃത്തി സമയങ്ങളിൽ ബന്ധപ്പെടാവുന്നതാണ്. 18- 65 വയസ്സിനിടയിലുള്ളവർക്കാണ് അപേക്ഷിക്കാൻ കഴിയുക. അപേക്ഷകർ രണ്ട് ഡോസ് അംഗീകൃത കോവിഡ് വാക്സിൻ എടുത്തവരായിരിക്കുകയും സർട്ടിഫിക്കറ്റിന് ആരോഗ്യ മന്ത്രാലയത്തിന്‍റെ സാക്ഷ്യപ്പെടുത്തൽ ഉണ്ടായിരിക്കുകയും വേണം. ഹജ്ജ് യാത്രക്ക് 72 മണിക്കൂറിനുള്ളിൽ പി.സി.ആർ ടെസ്റ്റ് എടുക്കുകയും വേണം.
കഴിഞ്ഞ രണ്ടു വർഷത്തെ ഇടവേളക്ക് ശേഷമുള്ള ഹജ്ജ് കർമമായതിനാൽ ധാരാളം അപേക്ഷകരുണ്ടാവാനാണ് സാധ്യത. അതോടൊപ്പം ഹജ്ജ് ക്വോട്ട കുറവായതിനാൽ മലയാളികൾ അടക്കമുള്ള വിദേശി ഹജ്ജ് ഗ്രൂപ്പുകൾ ഈ വർഷവും സേവന രംഗത്തുണ്ടാവാൻ സാധ്യതയില്ല. ഹജ്ജിന് പോവാൻ ആഗ്രഹിക്കുന്ന മലയാളികൾക്ക് മറ്റ് ഭാഷക്കാരോടൊപ്പവും ദേശക്കാരോടൊപ്പവും ഹജ്ജിന് പോവേണ്ടി വരും. അതിനാൽ മലയാളികൾ പലരും ഒമാൻ വഴിയുള്ള ഹജ്ജ് യാത്ര ഒഴിവാക്കേണ്ടി വരും. എന്നാൽ നാട്ടിലും നൂലാമാലകൾ വർധിച്ചിട്ടുണ്ട്.
നാട്ടിൽ ഹജ്ജിന് അപേക്ഷ നൽകുമ്പോൾതന്നെ പാസ്പോർട്ടുകൾ നൽകേണ്ടത് കാരണം ദീർഘകാലം നാട്ടിൽ തങ്ങേണ്ടി വരും. ഇത് തൊഴിലിനെ ബാധിക്കുന്നതിനാൽ പലർക്കും നാട് വഴിയുള്ള ഹജ്ജ് യാത്രയും ഒഴിവാക്കേണ്ടി വരും. 65 വയസ്സ് പ്രായപരിധി വെച്ചതും ഹജ്ജ് യാത്രക്ക് പോവാൻ ഉദ്ദേശിച്ച ചിലർക്ക് തിരിച്ചടിയാവും.
അതിനിടെ ഒമാൻ-സൗദി അറേബ്യ റോഡ് വഴി ഹജ്ജിന് പോവാൻ കഴിയുന്നത് ഒമാനിൽനിന്ന് വിശുദ്ധ കർമത്തിന് പോവുന്നവർക്ക് ഏറെ സൗകര്യമാവും. സാധാരണ ഹജ്ജിന് റോഡ് വഴി പോകുമ്പാൾ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കും പ്രയാസങ്ങളും പുതിയ റോഡിലൂടെ അനുഭവപ്പെടില്ല. എന്നാൽ പുതിയ റോഡ് ആയതിനാൽ സൗകര്യങ്ങൾ കുറഞ്ഞതും അപകടം പതിയിരിക്കുന്നതും യാത്രക്കാർക്ക് വിനയാവും. അടുത്ത വർഷം മുതൽ കോവിഡ് പ്രതിസന്ധി അവസാനിക്കുകയും കൂടുതൽ പേർക്ക് ക്വോട്ട അനുവദിക്കുകയും ചെയ്യുകയാണെങ്കിൽ മലയാളി ഗ്രൂപ്പുകൾക്കൊപ്പം ഹജ്ജിന് പോവാൻ കഴിയുമെന്ന പ്രതീക്ഷയിൽ കഴിയുകയാണ് നിരവധി മലയാളികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.