മസ്കത്ത്: അടുത്ത വർഷത്തെ ഹജ്ജ് രജിസ്ട്രേഷൻ തിങ്കളാഴ്ച ആരംഭിക്കും. ഈ മാസം 17ന് രജിസ്ട്രേഷൻ അവസാനിക്കും. 18 വയസ്സിന് മുകളിലുള്ളവർക്കാണ് ഹജ്ജിന് അപേക്ഷിക്കാൻ കഴിയുക. അടുത്തവർഷം ഹജ്ജിന് പോവാൻ ആഗ്രഹിക്കുന്നവർ http://hajj.om എന്ന വെബ് സൈറ്റ് വഴി രജിസ്േട്രഷൻ നടത്തണം. കഴിഞ്ഞയാഴ്ചയാണ് ഔഖാഫ് മതകാര്യ മന്ത്രാലയം ഇതു സംബന്ധമായ മന്ത്രിതല ഉത്തരവ് പുറപ്പെടുവിച്ചത്.
ഹജ്ജ് കാര്യ സാമ്പത്തിക വിഭാഗം ഉപ മേധാവി അഹ്മദ് അലി അൽ കാബി, തീർഥാടന വിഭാഗം ഉപമേധാവി അബ്ദുൽ അസീസ് മസ്ഊദ് അൽ ഖാഫ്രി എന്നിവരാണ് ഇതു സംബന്ധമായ അറിയിപ്പ് നൽകിയത്. ഹജ്ജ് തീർഥാടനത്തിന് പോവുന്നവർക്ക് ആവശ്യമായ പിന്തുണയും സഹായവുമാണ് ഒമാനി ഹജ്ജ് മിഷൻ നൽകുക.
കഴിഞ്ഞ വർഷം 13,586 അപേക്ഷകരെയാണ് ഹജ്ജിനായി തിരഞ്ഞെടുത്തത്. ഇതിൽ 51 ശതമാനം സ്ര്തീകളാണ്. 6,903 സ്ത്രീകളും 6,683 പുരുഷന്മാരുമാണ് കഴിഞ്ഞ വർഷം ഹജ്ജിന് പുറപ്പെട്ടത്. ഇതിൽ 32.3 ശതമാനം തീർഥാടകരും 46 നും 60 നും ഇടയിൽ പ്രായമുള്ളവരാണ്. 42.4 ശതമാനം പേർ 31നും 45 നും ഇടയിലുള്ളവരും 20 ശതമാനം പേർ 60 വയസ്സിന് മുകളിലുള്ളവരുമാണ്.
ഈ വർഷം ഒമാനിൽനിന്ന് 14,000 പേർക്കാണ് ഹജ്ജിന് പോവാൻ അനുവാദം ലഭിക്കുക. ഓൺലൈനായി ഈ മാസം 17വരെ രജിസ്ട്രേഷൻ നടത്തുന്നവർക്ക് മാത്രമാണ് അടുത്ത വർഷം ഹജ്ജിന് പോവാൻ കഴിയുക. അപേഷകരിൽനിന്ന് നറുക്കെടുപ്പ് വഴിയാണ് ഹജ്ജ് യാത്രക്കാരെ കണ്ടെത്തുക.
ഓൺ ലൈൻ രജിസ്ട്രേഷൻ നടത്തുമ്പോൾതന്നെ അപേക്ഷ സ്വീകരിക്കപ്പെട്ടോ നിരസിക്കപ്പെട്ടോ എന്ന് അറിയാൻ കഴിയും. ഇങ്ങനെ അപേക്ഷകൾ സ്വീകരിക്കപ്പെട്ടവരിൽനിന്നാണ് നറുക്കെടുപ്പ് നടത്തുക. ഒമാനിൽനിന്നുള്ള ഹജ്ജ് കമ്പനികൾ വഴിയാണ് ഇവർക്ക് പോവാൻ കഴിയുക.
കഴിഞ്ഞ വർഷം14,000 പേരുടെ അപേക്ഷകളാണ് സ്വീകരിക്കപ്പെട്ടത്. ഇതിൽ 500 വിദേശികൾക്കാണ് അവസരം ലഭിച്ചത്. 500 വിദേശികളിൽ 250 അറബികളായ വിദേശികൾക്കും 250 എണ്ണം അറബികളല്ലാത്തവരായ വിദേശികൾക്കുമായി നീക്കിവെച്ചിരുന്നു.
കഴിഞ്ഞ വർഷം 63ലധികം മലയാളികൾ ഒമാനിൽനിന്ന് ഹജ്ജിന് പോയിരുന്നു. സുന്നി സെന്റർ വഴി 43 മലയാളികളും പോയിരുന്നു. ഒരാളിൽ നിന്ന് 2,600 റിയാലാണ് കഴിഞ്ഞ വർഷം ഈടാക്കിയരുന്നത്. വിമാന മാർഗമാണ് ഇവർ ഹജ്ജിന് പോയത്.
ഈവർഷവും ഹജ്ജിന് പോകുന്നവർക്ക് എല്ലാ സേവനങ്ങളും ചെയ്യുമെന്നും തങ്ങളുടെ ഹജ്ജ് സെൽ പ്രവർത്തനമാരംഭിച്ചതായും സുന്നി സെന്റർ ഹജ്ജ് സെൽ കൺവീനർ സാജുദ്ദീൻ ബഷീർ പറഞ്ഞു. ഹജ്ജ് രജിസ്ട്രേഷന് ആവശ്യമായ എല്ലാ സഹകരണവും നൽകും.
ഇതുവരെ 25 പേർ രജിസ്ട്രേഷനും മറ്റുമായി സമീപിച്ചു. രജിസ്ട്രേഷൻ ആഗ്രഹിക്കുന്നവർ റസിഡന്റ് കാർഡ് കോപ്പിയും പാസ്പോർട്ട് കോപ്പിയും നൽകണം. കഴിഞ്ഞ വർഷം ദീർഘകാലമായി ഒമാനിൽ കഴിയുന്നവർക്കാണ് ഒമാൻ ഹജജ് മിഷൻ മുൻഗണന നൽകിയത്.
2011ന് മുമ്പ് ഒമാനിൽ എത്തിയവർക്കായിരുന്നു മുൻഗണന. ഈ വർഷത്തെ മാനദണ്ഡങ്ങൾ പിന്നീട് അറിയാൻ സാധിക്കും. ഹജ്ജിനു പോവാൻ ആഗ്രഹിക്കുന്നവർ രജിസ്ട്രേഷൻ കാലയളവിൽ രജിസ്റ്റർ ചെയ്യാൻ മറക്കരുതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.