ഹജ്ജ്: അനുമതി ലഭിച്ചവർ വാക്സിനെടുക്കണം -മന്ത്രാലയം

മസ്കത്ത്: ഈ വർഷം ഒമാനിൽനിന്ന് ഹജ്ജിന് പോകാൻ അനുമതി ലഭിച്ച സ്വദേശികളും വിദേശികളുമടക്കമുള്ളവർ ആവശ്യമായ വാക്സിനുസിനുകൾ എടുക്കണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒമാനില്‍ അംഗീകരിച്ച രണ്ട് ഡോസ് കോവിഡ് വാക്സിൻ, മസ്തിഷ്‌ക രോഗത്തിനെതിരെയുള്ള വാക്‌സിന്‍, സീസണല്‍ ഫ്ലു വാക്‌സിന്‍ എന്നിവയാണ് എടുക്കേണ്ടത്. കഴിഞ്ഞദിവസം മുതൽ വാക്സിനുകൾ നൽകിത്തുടങ്ങിയിട്ടുണ്ട്.

ജൂലൈ മൂന്നുവരെ രാജ്യത്തെ വിവിധ ആരോഗ്യകേന്ദ്രങ്ങളിലൂടെ കുത്തിവെപ്പ് എടുക്കാവുന്നതാണെന്ന് മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ഹജ്ജിന് പോകുന്നതിന് ചുരുങ്ങിയത് പത്ത് ദിവസം മുമ്പെങ്കിലും കുത്തിവെപ്പെടുത്തിരിക്കണം. അണുബാധയുടെ വ്യാപനം തടയാനും പൊതുജനാരോഗ്യം സംരക്ഷിക്കാനുമായി സൗദിയിൽ പ്രവേശിക്കും മുമ്പ് വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കണമെന്ന് ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടു.

രാജ്യത്ത് ഈ വർഷം 200 വിദേശികൾക്കാണ് ഹജ്ജിന് അവസരം ലഭിച്ചത്. അപേക്ഷ നൽകിയവരിൽനിന്ന് ഓൺലൈൻ വഴി നറുക്കെടുപ്പ് നടത്തിയായിരിന്നു തെരഞ്ഞെടുത്തിരുന്നത്. ഒമാനിൽ ആദ്യമായാണ് നറുക്കെടുപ്പിലൂടെ ഹജ്ജിന് പോകുന്നവരെ കണ്ടെത്തുന്നത്. അപേക്ഷകരുടെ എണ്ണം കൂടുതലും ക്വാട്ട കുറവുമായിരുന്നു.

23,474 അപേക്ഷകളാണ് ഓൺലൈൻ വഴി ലഭിച്ചത്. ആകെ 6,156 അപേക്ഷകർക്കാണ് ഹജ്ജിന് പോകാൻ അവസരം ലഭിക്കുക. ഇതിൽ 5,956 സീറ്റുകൾ സ്വദേശികൾക്കും 200 സീറ്റുകൾ വിദേശികൾക്കുമായിരിക്കും. അപേക്ഷകരിൽ 14 പേർ കാൻസർ രോഗികളാണ്.

ഹജ്ജിനാവശ്യമായ എല്ലാ നിബന്ധനകളും പൂർത്തിയാക്കിയ 5,381 അപേക്ഷകർ, ആഗ്രഹങ്ങൾ നിറവേറാൻ ഹജ്ജ് നിർവഹിക്കുന്ന 61 പേർ, 572 ഹജ്ജ് വളന്‍റിയർമാർ, ഹജ്ജിന് പോകാൻ കഴിയാത്തവർക്ക് വേണ്ടി ഹജ്ജ് ചെയ്യുന്ന 128 പേർ എന്നിങ്ങനെയുള്ളവർക്കാണ് ഈ വർഷം ഹജ്ജിന് അവസരം ഒരുക്കിയിരിക്കുന്നത്.

Tags:    
News Summary - Hajj: Those who get permission should get vaccinated - Ministry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.