സലാല: കഴിഞ്ഞ 41 വർഷത്തെ പ്രവാസ ജീവിതത്തിന് വിരാമമിട്ട് കെ.ആർ. ഹരിദാസ് നാടണയുന്നു. സലാലയിലെ കലാ സാംസ്കാരിക വേദികളിലെ നിറസാന്നിധ്യമായിരുന്നു അദ്ദേഹം. തൃശൂർ തൃപ്രയാർ പെരിങ്ങോട്ടുകര സ്വദേശിയായ ഹരിദാസ് 1980 സെപ്റ്റംബറിലാണ് സലാലയിൽ എത്തുന്നത്. സെപ്റ്റംബർ മുപ്പതിന് സലാലയിൽ നിന്ന് കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസിൽ ഇദ്ദേഹവും ഭാര്യയും നാട്ടിലേക്ക് തിരിക്കും. സിവിൽ എൻജിനീയറായ ഇദ്ദേഹം നല്ലൊരു കലാകാരൻ കൂടിയായിരുന്നു. അഭിനയം ഇഷ്ട ഹോബിയായ ഇദ്ദേഹം നിരവധി ജീവനുള്ള കഥാപാത്രങ്ങളെ രംഗത്തെത്തിച്ചിട്ടുണ്ട്. മനുഷ്യൻ ഗ്രൂപ് നോക്കി സ്നേഹിക്കുകയും സൗഹൃദം കൂടുകയും ചെയ്യുന്ന ഈ കാലം പോലെയായിരുന്നില്ല ആദ്യകാല പ്രവാസികൾ. അവർ കേരളത്തിൽനിന്ന് വന്നവൻ ഏതു നാട്ടുകാരനായും ഏതു മത ജാതിയായാലും സ്നേഹിക്കുകയും പരസ്പരം കരുതുകയും ചെയ്തിരുന്നു. അതിന് പരിക്കേറ്റിരിക്കുന്ന വിഷമം അദ്ദേഹം പങ്കുവെച്ചു. തെൻറ 41 വർഷത്തെ പ്രവാസത്തിൽ അവസാന അഞ്ച് വർഷമൊഴികെ വിവിധ കമ്പനികളിൽ ആയിരുന്നു ജോലി. അവസാനം സ്വന്തം നിർമാണക്കമ്പനി നടത്തിവരികയായിരുന്നു. ഭാര്യ ഷീലയും 1990 മുതൽ ഇദ്ദേഹത്തോടൊപ്പം സലാലയിലുണ്ട്. സാംസ്കാരിക പ്രവർത്തനങ്ങളിൽ അവരും സജീവമായിരുന്നു. മൂത്ത മകൻ ഷിഹിൻ ബംഗളൂരുവിൽ ഫുട്ബാൾ അക്കാദമി നടത്തുന്നു. രണ്ടാമത്തെ മകൻ ഷിദിൻ അയർലാൻഡിൽ ഐ.ടി. മേഖലയിൽ ജോലി ചെയ്യുന്നു.
ദീർഘകാലം മലയാള വിഭാഗം എക്സിക്യൂട്ടിവ് കമ്മിറ്റിയംഗവും ബാല കലോത്സവം സംഘാടകനും കൂടിയായിരുന്നു.മലയാള മിഷൻ ,സർഗവേദി, കൈരളി,കേരള വിങ്,മാപ്പിള കലാ അക്കാദമി എന്നിവയിലും പ്രവർത്തിച്ചു. നാട്ടിലേക്ക് മടങ്ങുന്ന ഇദ്ദേഹത്തിന് ഐ.എസ്.സി മലയാള വിഭാഗം യാത്രയയപ്പ് നൽകി. ചടങ്ങിൽ കൺവീനർ സി.വി.സുദർശനും ദിൽരാജ് നായരും ചേർന്ന് ഉപഹാരം കൈമാറി. കോൺസുലാർ ഏജൻറ് സനാതനനും മറ്റു എക്സിക്യൂട്ടിവ് അംഗങ്ങളും സംബന്ധിച്ചു. കൈരളി,സർഗവേദി, മലയാളം മിഷൻ, കേരള വിങ് എന്നിവരും യാത്രയയപ്പ് നൽകുകയും ഉപഹാരം കൈമാറുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.