മസ്കത്ത്: ഗൾഫ് മാധ്യമം ഹാർമോണിയസ് കേരള അഞ്ചാം പതിപ്പിന്റെ ടിക്കറ്റ് വിൽപനക്ക് തുടക്കമായി. പത്ത് റിയാൽ (ഡയമണ്ട്), അഞ്ച് റിയാൽ (പ്ലാറ്റിനം), മൂന്ന് റിയാൽ (ഗോൾഡ്) എന്നീ നിരക്കുകളിൽ ടിക്കറ്റുകളിൽ ലഭിക്കും. ടിക്കറ്റ് വിൽപനയുടെ ഉദ്ഘാടനം ഗൾഫ് മാധ്യമം മിഡിലീസ്റ്റ് ഡയറക്ടർ സലീം അമ്പലൻ പ്രോഗ്രാം കമ്മിറ്റി അംഗങ്ങൾക്ക് നൽകി നിർവഹിച്ചു.
ചടങ്ങിൽ ഫസൽ കതിരൂർ, ഷൗക്കത്ത്, ഷക്കീൽ അഹമ്മദ്, അലി മീരാൻ, കെ.വി. ഉമ്മർ, മുഹമദ് സഫീർ, ഫിറോസ് ഫൗസി തുടങ്ങിയവർ സംബന്ധിച്ചു. ടിക്കറ്റുകൾക്കായി 9562 9600, 9604 2333 ഈ നമ്പറുകളിൽ ബന്ധപ്പെടാം.
ഒത്തൊരുമയുടെയും ഐക്യത്തിന്റെയും സന്ദേശങ്ങൾ പകർന്ന് ഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന ‘ഹാർമോണിയസ് കേരള’ അഞ്ചാം പതിപ്പ് നവംബർ എട്ടിന് മസ്കത്ത് ഖുറം സിറ്റി ആംഫി തിയേറ്ററിലാണ് നടക്കുന്നത്. മുൻപതിപ്പുകളിൽനിന്ന് വ്യത്യസ്തമായി കെട്ടിലും മട്ടിലും ഏറെ പുതുമയോടെയാണ് ഹാർമോണിയസ് കേരള മസ്കത്തിന്റെ മണ്ണിലേക്ക് വീണ്ടുമെത്തുന്നത്.
ആഘോഷ രാവിന് നിറം പകരാൻ മലയാള മണ്ണിലെ എണ്ണം പറഞ്ഞ കലാകാരന്മാർ അരങ്ങിലണിനിരക്കും. ലോകസമാധാനത്തിനും ഐക്യത്തിനും വേണ്ടിയെന്നും നിലകൊള്ളുന്ന സുൽത്താനേറ്റിലേക്ക് ഇന്ത്യയുടെ സാഹോദര്യ സന്ദേശവുമായി ഹാർമോണിയസ് കേരള വീണ്ടുമെത്തുന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള ഉറ്റബന്ധത്തിന്റെയും അടയാളപ്പെടുത്തലാകും.
ഗൾഫ് മാധ്യമം രജത ജൂബിലി ആഘോഷ നിറവിലാണ് ഹാർമോണിയസ് കേരള ഇത്തവണ കൊണ്ടാടുന്നത്. രജത ജൂബിലിയുടെ ഒമാൻതല ആഘോഷങ്ങൾക്ക്കൂടിയാണ് ഹാർമോണിയസ് കേരളയിലൂടെ തുടക്കമാകുന്നത്. ‘ഹാർമോണിയസ് കേരള’ക്ക് മുന്നോടിയായി വിവിധ സാമൂഹിക, സംസ്കാരിക പരിപാടികളും റോഡ് ഷോയും നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.