മസ്കത്ത്: ഒമാനിലെ ഊട്ടിയായ ജബൽ അഖ്ദറിൽ ചുവന്ന സ്വർണം എന്നറിയപ്പെടുന്ന കുങ്കുമം വിളയിച്ച് ഹാതിം അൽ ഫഹ്ദി. ഏറെ വിലപിടിപ്പുള്ളതാണ് കുങ്കുമപ്പൂവ്. പൂവിനുള്ളിലെ കുങ്കുമ നിറത്തിലുള്ള നാര് വേർതിരിച്ചെടുത്താണ് നമ്മുടെ കൈയിലെത്തുന്ന കുങ്കുമം ഉൽപാദിപ്പിക്കുന്നത്. ഒരു ഗ്രാം കുങ്കുമത്തിന് 500 രൂപയാണ് ശരാശരി വില. കരുതലും ശ്രദ്ധയും ആവശ്യമുള്ള കൃഷിയായതിനാൽ സാധാരണ ഇത്തരം സാഹസങ്ങൾക്ക് ആരും മിനക്കെടാറില്ല. ജബൽ അഖ്ദർ കുങ്കുമക്കൃഷിക്ക് അനുയോജ്യമാണ്. ജബൽ അഖ്ദറിൽതന്നെ രണ്ടുമൂന്നു തവണ പലരും കുങ്കുമക്കൃഷി നടത്തിയിരുന്നു. എന്നാൽ, പരാജയമായതിനാൽ അവർ രംഗം വിട്ടു. എന്നാൽ, ജബൽ അഖ്ദറിലെ കാർഷിക കുടുബത്തിൽപെട്ട ഹാതിം അൽ ഫഹ്ദി വെല്ലുവിളിയായാണ് അടുത്തിടെ ഇത് ഏറ്റെടുത്തത്. ശരിയായ ബോധ്യത്തോടെയും വ്യക്തമായ പദ്ധതിയോടെയും കൃഷിക്കിറങ്ങിയതിനാൽ വെല്ലുവിളി നേരിടാൻ കഴിഞ്ഞുവെന്ന് ഹാതിം പറഞ്ഞു.
പ്രത്യേക സീസണിൽ മത്രമാണ് കുങ്കുമ കൃഷിയിറക്കുക. രണ്ട് സീസണാണ് അനുയോജ്യമായത്. തണുപ്പ് സീസണിൽ 15 മുതൽ 20 സെൽഷ്യസ് വരെ അന്തരീക്ഷ ഊഷ്മാവും വേനൽ സീസണിൽ 35-40 സെൽഷ്യസ് വരെ അന്തരീക്ഷ ഊഷ്മാവുമാണ് അനുയോജ്യം. ജബൽ അഖ്ദറിൽ ഇക്കാര്യം തിരിച്ചറിഞ്ഞ് കൃഷിയിറക്കണം. അമിത തണുപ്പും അനുയോജ്യമല്ല. അമിത തണുപ്പിൽ നാരുകൾ വേർതിരിച്ചെടുക്കാൻ കഴിയില്ല. കുങ്കുമക്കൃഷി ഇറക്കുന്നതും ശ്രദ്ധയോടെ വേണം. 20 മുതൽ 50 വരെ സെ.മീറ്റർ ആഴത്തിൽ നിരനിരയായാണ് നടത്തുന്നത്. ഇതിൽ 15 മുതൽ 20 വരെ സെ.മീറ്റർ ആഴത്തിലാണ് വിത്തുകൾ നടുന്നത്. നിശ്ചിത അകലത്തിലും ദൂരത്തിലുമാണ് കുഴിയെടുക്കുന്നത്. വിത്തുകൾ ഇട്ടുകഴിഞ്ഞാൽ ഓരോ ഘട്ടത്തിലും ശ്രദ്ധയുണ്ടാവണം. ആദ്യഘട്ടത്തിൽ ഓർഗാനിക് വളങ്ങൾ മാത്രമാണ് ഉപയോഗിക്കേണ്ടത്. ചെറിയ അശ്രദ്ധ കാരണം വിള നശിക്കാനും കീടങ്ങൾ വരാനും സാധ്യതയുണ്ട്. എട്ടാഴ്ച കൊണ്ടാണ് വിളവെടുപ്പ്. വിളവെടുപ്പിനും പ്രത്യേക സമയക്രമമുണ്ട്. ഉച്ചക്ക് മുമ്പുതന്നെ പൂക്കൾ പറിച്ചെടുക്കണം. 60 ഡിഗ്രി സെൽഷ്യസിലാണ് നാരുകൾ ഉണക്കുന്നത്. ഇതോടെ കുങ്കുമത്തിന്റെ തൂക്കം അഞ്ചിലൊന്നായി കുറയും. പിന്നീട് 30-35 ഡിഗ്രി സെൽഷ്യസ് വരെ ഊഷ്മാവുള്ള മുറിയിൽ സൂക്ഷിച്ചുവെക്കും. പിന്നീട് ആവശ്യമായ പരിഷ്കരണം വരുത്തിയാണ് വിപണിയിലെത്തിക്കുന്നത്. ഒമാനും കുങ്കുമ വിപണിയിൽ സജീവമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.