മസ്കത്ത്: വിനോദസഞ്ചാരികൾക്ക് ആസ്വദിക്കാൻ മാത്രമല്ല, ഖരീഫ് സീസൺ കൊതുകുകൾക്ക് വളരാനും പെരുകാനും അനുകൂലമായ കാലാവസ്ഥ കൂടിയാണെന്നും സലാല സന്ദർശകർ കൊതുകുകടി സൂക്ഷിക്കണമെന്നും ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. ഉച്ച സമയത്തെ ചൂടും രാത്രി അനുഭവപ്പെടുന്ന തണുത്ത കാലാവസ്ഥയും കൊതുകുകൾക്ക് മുട്ടയിടാൻ ഏറെ അനുകൂല ഘടകമാണെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.
സന്ദർശകർ കൊതുകുകടി തടയാനുള്ള മാർഗങ്ങൾ സ്വീകരിക്കണം. ശരീരം പൂർണമായി മറക്കുന്ന രീതിയിലുള്ള വസ്ത്രങ്ങൾ ധരിക്കണമെന്നും അല്ലാത്തവർ ശരീരത്തിൽ കൊതുകുകടി തടയുന്ന ക്രീമുകൾ പുരട്ടണമെന്നും വിദഗ്ധർ നിർദേശിക്കുന്നു. കൊതുകുകടി ഏറ്റത് കാരണം ആർക്കെങ്കിലും ഗുരുതര രീതിയിൽ പഴുപ്പുണ്ടെങ്കിൽ ഡോക്ടറെ കാണുകയും വേണം.
യൂക്കാലിപ്റ്റസിന്റെയും ലെമൺ ഗ്രാസിന്റെയും ഘടകങ്ങൾ അടങ്ങിയ സ്പ്രേയാണ് കൊതുകിനെ തടയാൻ ശരീരത്തിൽ അടിക്കേണ്ടത്. നിരവധി രോഗങ്ങളുടെ വാഹകർ കൂടിയാണ് കൊതുകുകൾ. മലേറിയ, ഡെങ്കി, ജപ്പാൻ ജ്വരം, ചികുൻ ഗുനിയ, സിക, യെല്ലോ ഫീവർ, വെസ്റ്റ് നൈൽ ഫിവർ എന്നിവ കൊതുകുകൾ പരത്തുന്ന രോഗങ്ങളാണ്.
കൊതുകുകടി തൊലിയിൽ അസ്വസ്ഥത, ചൊറി, അലർജി എന്നിവയും ഉണ്ടാക്കാറുണ്ട്. അതിനാൽ മങ്ങിയ നിറമുള്ള വസ്ത്രങ്ങളും കൈ മുഴുവൻ മൂടുന്ന വസ്ത്രങ്ങളും ഉത്തമമാണ്. ഷൂസ് കൂടി ധരിക്കുന്നത് നന്നാകുമെന്നും വിദഗ്ധർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.