മസ്കത്ത്: ആരോഗ്യസേവന മേഖലയിൽ സ്വകാര്യമേഖലക്ക് കൂടുതൽ പങ്കാളിത്തം നൽകാൻ ഒമാൻ ഒരുങ്ങുന്നു. 2050ഒാടെ മൊത്തം ആരോഗ്യ സേവനങ്ങളുടെ പകുതിയോളം നൽകാവുന്ന തരത്തിൽ സ്വകാര്യമേഖലയെ മാറ്റിയെടുക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ആരോഗ്യമന്ത്രാലയം പ്ലാനിങ് അഫയേഴ്സ് വിഭാഗം അണ്ടർ സെക്രട്ടറി ഡോ. അലി ബിൻ താലിബ് അൽ ഹിനായി പറഞ്ഞു. സുസ്ഥിര ആരോഗ്യസംവിധാനത്തിന് സർക്കാർ-സ്വകാര്യ പങ്കാളിത്തം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യമന്ത്രാലയത്തിെൻറയും നിക്ഷേപ പ്രോത്സാഹന, കയറ്റുമതി വികസന പൊതുഅതോറിറ്റിയുടെയും (ഇതാര) സംയുക്താഭിമുഖ്യത്തിൽ മസ്കത്തിൽ നടന്ന ആരോഗ്യമേഖലയിലെ നിക്ഷേപം എന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അണ്ടർ സെക്രട്ടറി. നിലവിൽ ആരോഗ്യമേഖലയിൽ ചെലവഴിക്കപ്പെടുന്ന തുകയിൽ 19.9 ശതമാനമാണ് സ്വകാര്യമേഖലയുടെ വിഹിതം. ഇത് 50 ശതമാനമായി ഉയർത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിക്ഷേപം വർധിപ്പിക്കുന്നതിെൻറ ഭാഗമായി പ്രാദേശിക മരുന്ന് ഉൽപാദന ശാലകൾ, ബയോമെഡിക്കൽ സംരംഭങ്ങൾ തുടങ്ങിയവ സ്ഥാപിക്കുന്നത് പ്രോത്സാഹിപ്പിക്കാനും സർക്കാറിന് പദ്ധതിയുണ്ട്.
ആരോഗ്യമേഖലക്കുള്ള ബജറ്റ് വിഹിതം 2050ഒാടെ എട്ടുമുതൽ പത്തു ശതമാനമായി ഉയർത്തുമെന്നും ഡോ. അലി ബിൻ താലിബ് അൽ ഹിനായി പറഞ്ഞു. സ്ത്രീരോഗം, പ്രസവ ചികിത്സ എന്നിവക്കും കുട്ടികൾക്കുമുള്ള ആശുപത്രി, സങ്കീർണമായ പ്രമേഹ ചികിത്സക്കുള്ള സ്പെഷലൈസ്ഡ് സെൻററുകൾ, പുനരധിവാസത്തിനും ഫിസിയോതെറപ്പിക്കുമുള്ള പ്രത്യേക കേന്ദ്രങ്ങൾ തുടങ്ങിയ മേഖലകളിലാണ് നിക്ഷേപങ്ങൾ വേണ്ടതെന്ന് അണ്ടർ സെക്രട്ടറി പറഞ്ഞു. വൃദ്ധജനങ്ങൾക്ക് മതിയായ പരിചരണം നൽകുന്ന കേന്ദ്രങ്ങളും കൂടുതലായി വരേണ്ടതുണ്ട്. 2040ഒാടെ രാജ്യത്തെ ജനസംഖ്യയുടെ 9.8 ശതമാനം വൃദ്ധരായിരിക്കുമെന്നത് കാണാതിരിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തെ ജനസംഖ്യ 2003ലെ 2.3 ദശലക്ഷത്തിൽനിന്ന് 2015ൽ 4.5 ദശലക്ഷമായി ഉയർന്നതോടെ ആരോഗ്യമേഖലയിലെ സർക്കാറിെൻറ ചെലവും വർധിച്ചതായി സെമിനാറിെൻറ ഭാഗമായി പുറത്തിറക്കിയ ‘ഗൈഡ് ടു ഇൻവെസ്റ്റ്മെൻറ് ഇൻ ദി മിനിസ്ട്രി ഒാഫ് ഹെൽത്ത്’ എന്ന പ്രസിദ്ധീകരണത്തിൽ പറയുന്നു. നിലവിൽ ആരോഗ്യസേവനങ്ങൾക്ക് ചെലവഴിക്കുന്ന തുകയുടെ 81.1 ശതമാനവും സർക്കാറാണ് ചെലവഴിക്കുന്നത്. ഗുരുതര രോഗങ്ങളുടെയടക്കം ചികിത്സാ ചെലവിലെ വർധനെക്കാപ്പം മെഡിക്കൽ ഉപകരണങ്ങളുടെയും മരുന്നുകളുടെയും വില വർധനയും ആരോഗ്യമേഖലയിലെ ചെലവ് വർധിക്കാൻ കാരണമായതായി പറയുന്നു.
വ്യക്തിഗത വരുമാന നികുതി ഇളവ്, അഞ്ചുവർഷത്തെ നികുതിയിളവ്, ആകർഷകമായ പലിശനിരക്കുകൾ, 70 ശതമാനം വിദേശ ഉടമസ്ഥത, മൂലധനവും ലാഭവും സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിനുള്ള സ്വാതന്ത്ര്യം തുടങ്ങിയവ ഒമാനിലെ ആരോഗ്യ മേഖലയിലെ നിക്ഷേപത്തെ ആകർഷകമാക്കുന്നതായി സെമിനാറിൽ സംസാരിച്ച ‘ഇതാര’ സർവിസ് ഇൻവെസ്റ്റ്മെൻറ് പ്രൊമോഷൻ സെക്ഷൻ മേധാവി ഫൈസൽ അൽ ഹിനായി ചൂണ്ടിക്കാട്ടി. ആധുനിക നിലവാരത്തിലുള്ള മെഡിക്കൽ സിറ്റികളും ആശുപത്രികളും സ്ഥാപിക്കുന്നതിന് പരിഗണന നൽകണം. ഒമാെൻറ വിവിധ നഗരങ്ങളിൽ ആധുനിക ചികിത്സാ രീതികൾ ലഭ്യമാക്കേണ്ടതുണ്ടെന്നും പ്രഭാഷകർ അഭിപ്രായപ്പെട്ടു. ധനകാര്യ മന്ത്രാലയം അണ്ടർ സെക്രട്ടറി നാസർ ഖാമിസ് അൽ ജഷ്മിയുടെ രക്ഷാകർതൃത്വത്തിലാണ് സെമിനാർ നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.