മസ്കത്ത്: ആരോഗ്യ മേഖലയിലെ സ്വകാര്യവത്കരണം തുടർന്നുവരുന്ന നടപടിയാണെന്ന് മന്ത്രി ഡോ. അഹമ്മദ് ബിൻ മുഹമ്മദ് അൽ സഇൗദി. ലോകത്തിൽ ഒരിടത്തെയും ആരോഗ്യപരിചരണ മേഖലയെ മാതൃകാപരം എന്ന് വിശേഷിപ്പിക്കാൻ കഴിയില്ല. ഉയർന്ന പ്രവർത്തന ചെലവ് സ്വകാര്യ മേഖലയുമായുള്ള അടുത്ത പങ്കാളിത്തത്തിന് ഹെൽത്ത് കെയർ മേഖലയെ നിർബന്ധിതമാക്കുന്നതായും ആരോഗ്യമന്ത്രി പ്രാദേശിക ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ അറിയിച്ചു. രാജ്യത്തെ ആരോഗ്യ മേഖലയിലെ നിരവധി പദ്ധതികൾ സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെയാണ് നടന്നുവരുന്നത്. ന്യൂട്രീഷ്യൻ, ഹൗസ് കീപ്പിങ് മേഖലകൾ പൂർണമായി സ്വകാര്യവത്കരിച്ചുകഴിഞ്ഞതായും മന്ത്രി പറഞ്ഞു.
റോഡപകടമരണങ്ങൾ കുറക്കുന്നതിൽ റോയൽ ഒമാൻ പൊലീസ് കൈക്കൊണ്ട നടപടികളെ മന്ത്രി പ്രകീർത്തിച്ചു. കഴിഞ്ഞ വർഷങ്ങളിലായി മരണ നിരക്കിൽ 50 ശതമാനം കുറവാണുണ്ടായത്. ആശുപത്രികളിൽനിന്ന് ഏറെ ദൂരെയുള്ള രോഗികൾക്കായി ഏർപ്പെടുത്തിയ കാൾ സെൻറർ സംവിധാനവും ഫലപ്രദമാണ്. ആശുപത്രികളിൽ പോകുന്നതിനുമുമ്പ് ഇൗ കാൾ സെൻററുകളിൽ വിളിച്ചാൽ അപ്പോയിൻമെൻറ് ഉറപ്പിക്കാൻ സാധിക്കും. കാൾ സെൻററുകളിൽ വരുന്ന 98 ശതമാനം ആവശ്യങ്ങളും 24 മണിക്കൂറിനുള്ളിൽ പൂർത്തീകരിക്കാറുണ്ടെന്നും മന്ത്രി പറഞ്ഞു. ചില ആശുപത്രികളിൽ ലഭ്യമല്ലാത്ത സൗകര്യങ്ങളെക്കുറിച്ച േചാദ്യത്തിന് റേഡിയോളജി സേവനവും ബാത്തിന മേഖലയിലെ സ്ത്രീകളുടെ പ്രസവസേവനവും സ്വകാര്യ മേഖലയുടെ സഹകരണത്തോടെയാണ് ലഭ്യമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
രോഗികളുടെ ചികിത്സാ ഫയലുകൾ ഏകീകൃത സംവിധാനത്തിലൂടെ ലഭ്യമാക്കുന്നതിനുള്ള നടപടികൾ രണ്ടുവർഷമായി നടന്നുവരുകയാണ്. ഇത് പൂർത്തിയാകുന്നതോടെ ചികിത്സാവിവരങ്ങൾ ഏത് ആശുപത്രിയിലും ലഭ്യമാകും. രാജ്യത്ത് അർബുദബാധിതരുടെ ഉയർന്ന എണ്ണത്തിന് കാരണം ജനസംഖ്യയിലെ വർധനയും ഉയർന്ന ആയുർദൈർഘ്യവുമാണെന്നും മന്ത്രി പറഞ്ഞു. രാജ്യത്തിന് പുറത്ത് കരൾ, വൃക്ക, മജ്ജ, മറ്റ് അവയവങ്ങൾ എന്നിവ മാറ്റിവെക്കുന്നത് അനധികൃതമാണ്. നിയമപരമായി ക്രമീകരണമില്ലാത്ത സംവിധാനങ്ങളാണ് ഇവ. അതിനാൽ തട്ടിപ്പിന് വിധേയമാകാനുള്ള സാധ്യത തള്ളിക്കളയാൻ സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.