മസ്കത്ത്: ഒമാനിലേക്ക് വരുന്ന ആരോഗ്യപ്രവർത്തകരുടെയും കുടുംബാംഗങ്ങളുടെയും നിർബന്ധിത ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ ഒഴിവാക്കി. സുപ്രീം കമ്മിറ്റി തീരുമാനപ്രകാരം സിവിൽ ഏവിയേഷൻ പൊതു അതോറിറ്റിയാണ് ഇതുസംബന്ധിച്ച സർക്കുലർ പുറപ്പെടുവിച്ചത്. ഡോക്ടർമാർ, നഴ്സുമാർ, ലാബ് അസിസ്റ്റൻറ്, എക്സ്റേ ടെക്നീഷ്യൻ, ഫാർമസിസ്റ്റ് തുടങ്ങി മെഡിക്കൽ, മെഡിക്കൽ അസിസ്റ്റൻസ് തസ്തികകളിൽ ജോലിചെയ്യുന്നവർക്ക് ഒമാനിലെത്തിയാൽ താമസസ്ഥലത്ത് ക്വാറൻറീൻ ചെയ്താൽ മതി. സർക്കാർ, സ്വകാര്യസ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവർക്ക് ഈ ആനുകൂല്യം ലഭിക്കുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി സർക്കുലറിൽ അറിയിച്ചു.
ഒമാനിലെത്തുന്ന മറ്റ് വിദേശികൾക്കെല്ലാം ഹോട്ടൽ ക്വാറൻറീൻ നിർബന്ധമാണ്. മറ്റ് നടപടിക്രമങ്ങളിലും മാറ്റമില്ല. എട്ട് മണിക്കൂറിൽ കൂടുതൽ യാത്രയുള്ളവരുടെ കൈവശം ഒമാനിലെത്തുന്നതിന് 96 മണിക്കൂറുള്ള പി.സി.ആർ പരിശോധനാ സർട്ടിഫിക്കറ്റും മറ്റുള്ളവരുടെ കൈവശം 72 മണിക്കൂർ മുമ്പുമുള്ള കോവിഡ് പരിശോധനാ സർട്ടിഫിക്കറ്റും ഉണ്ടാകണം. വിമാനത്താവളത്തിൽ പി.സി.ആർ പരിശോധനക്ക് വിധേയമാകണം. ട്രാക്കിങ് ബ്രേസ്ലെറ്റ് ധരിക്കുകയും ഏഴ് ദിവസം ക്വാറൻറീനിൽ കഴിയുകയും വേണം. എട്ടാം ദിവസം പി.സി.ആർ നടത്തി നെഗറ്റീവ് ആണെങ്കിൽ ക്വാറൻറീൻ അവസാനിപ്പിക്കാം. വിമാനത്താവളത്തിലെ പരിശോധനയിൽ പോസിറ്റീവ് ആണെങ്കിൽ പത്ത് ദിവസമായിരിക്കും ഐസോ ലേഷൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.