മസ്കത്ത്: ചൂടിന് കടുപ്പം കൂടിയതോടെ ഒമാനിലെ തണുപ്പ് മേഖലകളിലേക്ക് വിനോദസഞ്ചാരികളുടെ ഒഴുക്ക് വർധിക്കും. ദാഖിലിയ, ദോഫാർ, തെക്കൻ ശർഖിയ്യ ഗവർണറേറ്റുകളിലെ മേഖലകളിലെ വിവിധ സ്ഥലങ്ങളിലേക്കാണ് വിനോദസഞ്ചാരികൾ കൂടുതൽ എത്തുക. സ്കൂൾ അവധി ആരംഭിക്കുന്നതോടെയാണ് ഇത്തരം വിനോദസഞ്ചാര കേന്ദ്രങ്ങളിൽ തിരക്ക് വർധിക്കുക. സ്കൂളുകൾ അടക്കുന്നതോടെ മലയാളികളടക്കമുള്ള നിരവധി കുടുംബങ്ങൾ നാട്ടിലേക്ക് പോവുന്നുണ്ട്.
മറ്റു പലരും അവധി ആഘോഷിക്കാൻ മറ്റ് നാടുകളിലേക്കും പോവുന്നുണ്ട്. എന്നാൽ, സാമ്പത്തികം അടക്കമുള്ള നിരവധി കാരണങ്ങളാൽ നാട്ടിലേക്കും പോവാൻ കഴിയാത്ത കുടുംബങ്ങൾക്ക് രണ്ട് മാസത്തോളം നീളുന്ന അവധിയുടെ വിരസത മാറ്റാൻ വിനോദസഞ്ചാര കേന്ദ്രങ്ങൾ തേടിപ്പോവേണ്ടി വരും. ഇത്തരക്കാർ ഒമാനിലെ തണുത്ത കാലാവസ്ഥയുള്ള മേഖലകളാണ് വിനോദസഞ്ചാരത്തിനായി തിരഞ്ഞെടുക്കുക.വേനൽ സീസണിലെ വിനോദസഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ട സ്ഥലം ദാഖിലിയ്യ ഗവർണറേറ്റിലെ ജബൽ അഖ്ദറും ജബൽ ശംസുമാണ്. ഇവിടെ ഈ സീസണിൽ തണുത്ത കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്.
നീർമാതളം അടക്കം നിരവധി മരങ്ങൾ പൂക്കുന്ന കാലംകൂടിയാണ്. സലാലയിലെ ഖരീഫ് സീസൺ വിനോദസഞ്ചാരികളെ ഏറെ ആകർഷിക്കും. ദോഫാറിലെ ചാറ്റൽ മഴയും ഈറനണിഞ്ഞ കാലാവസ്ഥയും എല്ലാതരം വിനോദസഞ്ചാരികളെയും ആകർഷിക്കുന്നതാണ്. രാജ്യം മുഴുവൻ കടുത്ത വേനലിൽ ചുട്ടുപൊള്ളുമ്പോൾ ഇവിടെ അനുഭവപ്പെടുന്ന ഈറൻ കാലാവസ്ഥ ദൈവത്തിന്റെ വരദാനം തന്നെയാണ്. ദോഫാറിലെ ഹരിതഭംഗിയും ബീച്ചുകളും പർവതങ്ങളും താഴ്വരകളും സമതലങ്ങളും മരുഭൂമികളും വെള്ളച്ചാട്ടങ്ങളും നീരുറവകളും ഗുഹകളും കാർഷിക വിളകളുമെല്ലാം സന്ദർശകർക്ക് ഹരം പകരും.ദാഖിലിയ്യ ഗവർണറേറ്റിൽ വിനോദസഞ്ചാരികൾക്കായി നിരവധി സൗകര്യങ്ങളുണ്ട്.
ക്യാമ്പിങ്, പർവതാരോഹണം, പരമ്പരാഗത സൈറ്റുകളായ കോട്ടകൾ, ഫലജുകൾ, പുരാതന വീടുകൾ എന്നിവ സന്ദർശകരെ ആകർഷിക്കും. തെക്കൻ ശർഖിയ്യ ഗവർണറേറ്റിലെ തീരദേശ പരിസ്ഥിതി വേനൽകാല സന്ദർശകർക്കും സാഹസിക കുതുകികൾക്കും സന്തോഷം പകരുന്നവയാണ്. വാദി ശാബ്, മസീറ ദ്വീപ്, റാസൽ ഹദ്ദ് തുടങ്ങിയ കേന്ദ്രങ്ങൾ വിനോദസഞ്ചാരികളെ ആകർഷിക്കും. അൽവുസ്ത ഗവർണറേറ്റിലെ തീരപ്രദേശങ്ങൾ സാഹസികത ഇഷ്ടപ്പെടുന്നവർക്കും ഡൈവിങ് നടത്തുന്നവർക്കും ഏറെ അനുയോജ്യമാണ്. കടൽ കായിക ഇനങ്ങൾക്കും ഏറെ അനുയോജ്യമാണ് അൽ വുസ്ത.
എന്നാൽ, ഇത്തരം മേഖലകൾ സന്ദർശിക്കുന്നവർ ഒമാന്റെ സാംസ്കാരിക സത്തയെ ആദരിക്കേണ്ടതുണ്ട്. പൊതുജനങ്ങളുടെ ഫോട്ടോ എടുക്കുമ്പോൾ അവരുടെ അനുവാദം തേടിയിരിക്കണം. സർക്കാർ കെട്ടിടങ്ങളുടെയും സൈനിക കേന്ദ്രങ്ങളുടെയും ഫോട്ടോ എടുക്കാൻ പാടില്ല. ഡൈവിങ്ങും മറ്റും ചെയ്യുന്നവർ സുരക്ഷ മാനദണ്ഡങ്ങൾ പൂർണമായി പാലിക്കണമെന്ന് അധികൃതർ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.