മസ്കത്ത്: ഉഷ്ണമേഖല ന്യൂനമർദത്തിന്റെ ഭാഗമായി മസ്കത്തുൾപ്പെടെ രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ വരും ദിവസങ്ങളിൽ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. ഇടിയോടെയായിരിക്കും മഴ. ആലിപ്പഴവർഷവുമുണ്ടാകും. ബുധനാഴ്ചവരെ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
അൽ വുസ്ത, തെക്ക്-വടക്ക് ശർഖിയ, തെക്ക്-വടക്ക് ബാത്തിന, ദോഫാർ, ബുറൈമി, അൽ വുസ്ത, മസ്കത്ത്, ദാഖിലിയ, ദാഹിറ എന്നീ ഗവർണറേറ്റുകളിലാണ് വിവിധ ദിവസങ്ങളിൽ മഴ മുന്നറിയിപ്പ് നൽകിയത്. മണിക്കൂറിൽ 31 മുതൽ 40 കി.മീ വേഗത്തിൽ കാറ്റ് വീശും. ചൊവ്വ, ബുധൻ ദിവസങ്ങളിൽ 40 മുതൽ 90 മില്ലിമീറ്റർ വരെ വ്യത്യസ്ത തീവ്രതയിൽ മഴപെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.
വാദികൾ നിറയുമെന്നും മുറിച്ച് കടക്കരുതെന്നും നിർദേശിച്ചു. ഉഷ്ണമേഖല ന്യൂനമർദത്തെ നേരിടാൻ എമർജൻസി സെന്ററുകൾ സജീവമാക്കിയതായി നാഷനൽ കമ്മിറ്റി ഫോർ എമർജൻസി മാനേജ്മെൻറ് (എൻ.സി.ഇ.എം) അറിയിച്ചു. മസ്കത്ത്, തെക്കൻ ശർഖിയ, അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളിലെ എമർജൻസി സെന്ററും സെക്ടറുകളും സബ് കമ്മിറ്റികളുമാണ് പ്രവർത്തനമാരംഭിച്ചത്. . തെക്കൻ ശർഖിയ, അൽ വുസ്ത, ദോഫാർ എന്നീ ഗവർണറേറ്റുകളെയായിരിക്കും ന്യൂനമർദം ഏറ്റവും കൂടുതൽ ബാധിക്കുക. മസ്കത്ത്, വടക്കൻ ശർഖിയ, ദാഖിലിയ, തെക്ക്-വടക്ക് ബാത്തിന, ദാഹിറ, ബുറൈമി ഗവർണറേറ്റുകളിലും മഴ ലഭിച്ചേക്കും.
എല്ലാവിധ മുൻകരുതലും സ്വീകരിക്കണമെന്ന് പൗരന്മാരോടും താമസക്കാരോടും കമ്മിറ്റി ആവശ്യപ്പെട്ടു. പാർക്കുകൾ അടച്ചിടുമെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി അറിയിച്ചു. വൈദ്യുതി പോസ്റ്റുകൾ, കോംപ്ലക്സുകൾ, മരങ്ങൾ എന്നിവയിൽനിന്ന് മാറി നിൽക്കുക, വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യത്തിൽ ബദൽ പാതകൾ ഉപയോഗിക്കുക, താഴ്ന്ന സ്ഥലങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഒഴിവാക്കുക, വാദികൾ, വാട്ടർ ക്രോസിങ്ങുകൾ, കുളങ്ങൾ, ബീച്ചുകൾ എന്നിവയിൽ നിന്ന് മാറി നിൽക്കുക തുടങ്ങിയ നിർദേശങ്ങൾ പാലിക്കണമെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി ആവശ്യപ്പെട്ടു.
അസ്ഥിര കാലാവസ്ഥ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ നിരീക്ഷണത്തിലാണ്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ബന്ധപ്പെട്ട ഏജൻസികളുമായി സഹകരിച്ച് നടത്തിയതായി സി.ഡി.എ.എ പ്രസ്താവിച്ചു. ഏത് അടിയന്തര സാഹചര്യത്തോടും ഫലപ്രദമായ രീതിയിൽ പ്രതികരിക്കാനായി ആശയവിനിമയവും ഏകോപനവും ഒരുക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.