മസ്കത്ത്: കഴിഞ്ഞ ദിവസം വെളിച്ചംകണ്ട ഹേമ കമ്മിറ്റി റിപ്പോർട്ട് സിനിമ രംഗത്തെ തൊഴിൽ മേഖലയായി കാണുന്ന തൊഴിലാളികൾക്ക് മെച്ചപ്പെട്ട അന്തരീക്ഷമുണ്ടാക്കാൻ സഹായിക്കുമെന്ന് സംവിധായികയായ സുധ രാധിക. തൊഴിൽ എന്ന രീതിയിൽ ഒട്ടനേകം മാറ്റങ്ങൾ ഈ മേഖലയിൽ ആവശ്യമാണ്. സിനിമ ലൊക്കേഷനിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കണം. സെറ്റിലെത്തുന്നവർക്ക് കുടുംബമായി കഴിയാൻ അവസരം ഒരുക്കണം. ഷൂട്ടിങ്ങിനും മറ്റും ഞായറാഴ്ച അവധി നൽകുന്നതടക്കമുള്ള വിഷയങ്ങൾ പരിഗണിക്കപ്പെടണമെന്നും ഗൾഫ് മാധ്യമത്തോട് അവർ പറഞ്ഞു.
എന്നാൽ, കമീഷൻ റിപ്പോർട്ട്, ഒരു കല എന്ന നിലക്ക് മലയാള സിനിമയുടെ വളർച്ചക്ക് വിവാദങ്ങൾ മാത്രമാണ് സംഭാവന ചെയ്യുക. സിനിമ ഒരു കലയാണ്. എന്നാൽ പലരും സിനിമയിലേക്ക് കടന്നു വരുന്നത് യോഗ്യതക്ക് പകരം മറ്റു പലതും കൊണ്ടാണ്. സ്ത്രീകൾ മറ്റു ജോലികളിലും സെറ്റുകളിൽ വെല്ലുവിളികൾ നേരിടുന്നുണ്ട്. ലൊക്കേഷനുകളിൽ ഒഴിഞ്ഞ സ്ഥലങ്ങളിലും മറ്റും നടന്മാരും നടിമാരും ഒന്നിച്ച് താമസിക്കുന്നത് ഇത്തരം ചൂഷണങ്ങൾ മറ്റു മേഖലയെക്കാൾ സിനിമ മേഖലയിൽ വർധിക്കാൻ കാരണമാക്കുന്നു.
ഇന്നത്തെ അവസ്ഥക്ക് സ്ത്രീകൾ തന്നെയാണ് ഒരു പരിധിവരെ ഉത്തരവാദി. അഭിനയ മോഹം പ്രലോഭനമായി തലയിൽ കയറ്റി പണത്തിനും പ്രശസ്തിക്കും വേണ്ടി എന്ത് അഡ്ജസ്റ്റ്മെന്റിനും തയാറായ സ്ത്രീകൾ തന്നെയാണ് ഇത്തരം അവസ്ഥയുണ്ടാക്കുന്നത്. ഒരു കലാ നൈപുണ്യവും ഇല്ലാത്തവർ പോലും കുറുക്കു വഴിയിലൂടെ സിനിമയിലെത്തുന്നു. സിനിമയിൽ അഭിനയം എന്ന കല ഒരു യോഗ്യതയും ആവശ്യമില്ലാത്തതായി മാറിയിരിക്കുന്നു.
എന്നാൽ, മലായാള സിനിമ വളർച്ചയുടെ പടവുകൾ കയറുകയാണ്. ഇത്തരം ചർച്ചകൾ സിനിമയുടെ വളർച്ചക്ക് തടസ്സമാകരുത്. ലോക സിനിമാ രംഗം സ്ത്രീകൾ നിയന്ത്രിക്കുന്ന കാലമാണിത്. സിനിമയുടെ മുന്നണിയിലും പിന്നണിയിലും സ്ത്രീകൾ വിജയിച്ചു നിൽക്കുകയാണ്. കാൻ ഫെസ്റ്റിവലിൽ ഇന്ത്യയുടെ പായൽ കപാഡിയ ഗ്രാൻഡ് പ്രീ നേടുന്നു. ജസ്റ്റിൻ ട്രേററ്റ് മികച്ച സംവിധായികയാവുന്നു.
അവരുടെ സ്ത്രീ കേന്ദ്രീകൃത സിനിമയായ 'അനാട്ടമി ഓഫ് എ ഫോൾ' മികച്ച തിരക്കഥക്കുള്ള ഓസ്കാർ നേടുന്നു. ഇങ്ങനെ സ്ത്രീ സിനിമകൾ വളർച്ചയുടെ നെറുകയിലെത്തുമ്പോഴാണ് ഇത്തരം വിവാദങ്ങൾ വരുന്നത്.ഇപ്പോൾ പുണ്യാളത്വം വിളമ്പുന്ന ഡബ്ല്യു.സി.സി അംഗങ്ങൾ കാസ്റ്റിങ് കൗച് എന്ന ചളിയിൽ ചവിട്ടാത്തവരൊന്നുമല്ല. എന്തുകൊണ്ടാണ് അന്നൊന്നും ഇവർ മിണ്ടാതിരുന്നത്. അന്ന് ഇവർക്ക് കുഴപ്പമൊന്നുമുണ്ടായിരുന്നില്ല.
പിന്നെ ഇപ്പോൾ എങ്ങനെയാണ് വലിയ പ്രശ്നമാവുന്നതെന്നും അവർ ചോദിച്ചു. അതിനാൽ നല്ല സിനിമകൾ ഉണ്ടാവാനുള്ള കൂട്ടായ്മയായി സ്ത്രീപക്ഷം മാറണമെന്ന് സുധ രാധിക അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.