ഉന്നത വിദ്യാഭ്യാസ രംഗം: ഓൺലൈൻ ക്ലാസ് തൃപ്തികരമല്ല

മസ്കത്ത്: കോവിഡ് മഹാമാരിക്കാലത്ത് രാജ്യത്തെ ഉന്നത വിദ്യാഭ്യാസ രംഗത്ത് നടപ്പാക്കിയ വിദൂര വിദ്യാഭ്യാസ സംവിധാനത്തിൽ (ഓൺലൈൻ ക്ലാസ്) വിദ്യാർഥികൾ തൃപ്തികരമല്ലെന്ന് പഠനം. ഈ കാലത്തെ അധ്യാപനത്തിന്‍റെയും മൂല്യനിർണയ രീതികളുടെയും ഫലപ്രാപ്തിയെ കുറിച്ച് ശരാശരി എന്നാണ് വിദ്യാർഥികൾ വിലയിരുത്തിയത്.

വിദ്യാർഥികൾക്ക് സ്ഥാപനങ്ങൾ നൽകിയ പിന്തുണയിൽ സംതൃപ്തരല്ലെന്നും പഠനം പറയുന്നു. കോവിഡ് കാലത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഓൺലൈൻ പഠനത്തെക്കുറിച്ച് ഇബ്രയിലെ ടെക്‌നോളജി ആൻഡ് അപ്ലൈഡ് സയൻസസിലെ മനാർ അൽ ഐസ്‌റി, മിയാദ അൽ ഹർത്തിയും ചേർന്നാണ് പഠനം നടത്തിയിരിക്കുന്നത്. ഇവരുടെ സൂപ്പർ വൈസറായ ഡോ. തുരായ അൽ റിയാമിയുടെ മേൽനോട്ടത്തിലായിരുന്നു പഠനം.

അധ്യാപന സാമഗ്രികൾ, ലെക്ചറർമാർ, സർവകലാശാല നൽകുന്ന പിന്തുണ, കോവിഡ് കാലത്ത് ഓൺലൈൻ വിദ്യാഭ്യാസ രംഗത്ത് വിദ്യാർഥികൾ നേരിട്ട വെല്ലുവിളികൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ള ചോദ്യാവലിയും അഭിമുഖവും ഉൾപ്പെടുന്ന രീതിശാസ്ത്രമായിരുന്നു പഠനത്തിന് സ്വീകരിച്ചിരുന്നതെന്ന് മിയാദ പറഞ്ഞു.

ആൺകുട്ടികളും പെൺകുട്ടികളും ഉൾപ്പെടെ 240 വിദ്യാർഥികളാണ് സർവേയിൽ പങ്കെടുത്തത്. ദുർബലമായ ഇന്‍റർനെറ്റ് കണക്ഷൻ, ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ അനുയോജ്യമായ അന്തരീക്ഷം വീട്ടിൽ ഇല്ലാതിരിക്കുക തുടങ്ങിയ കാര്യങ്ങൾ വിദ്യാർഥികൾ കോവിഡ് കാലത്ത് നേരിട്ട വെല്ലുവിളികളാണെന്ന് പഠനത്തിൽ പറയുന്നു. ഓൺലൈൻ വിദ്യാഭ്യാസം കൂടുതൽ സംവേദനാത്മകമാക്കാനായി അധ്യാപകർക്ക് പരിശീലനം നൽകണമെന്നാണ് പഠനത്തിൽ മിയാദ നിർദേശിക്കുന്നത്.

ഒമാനിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിലവിലുള്ള പകർച്ചവ്യാധി അവസാനിച്ചശേഷവും ഓൺലൈൻ പഠനം തുടരണമെന്നും വിദ്യാർഥികൾക്കും അക്കാദമിക് സ്റ്റാഫിലെ അംഗങ്ങൾക്കുമിടയിൽ ഇത്തരം വിദ്യാഭ്യാസ സംസ്കാരം പ്രചരിപ്പിക്കണമന്നും പഠനത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. 

ഓൺലൈൻ പഠന ന്യൂനത പരിഹരിക്കാൻ സമയമെടുക്കുമെന്ന് അധ്യാപകർ

മസ്കത്ത്: കോവിഡ് കാരണം രണ്ടു വർഷം ഇന്ത്യൻ സ്കൂളുകളിൽ നേരിട്ടുള്ള ക്ലാസുകൾ നിലച്ചിരുന്നു. ഇതോടെ ഓൺ ലൈൻ ക്ലാസുകളിലൂടെയായിരുന്നു പഠനം. ഓൺലൈൻ ക്ലാസുകൾ കുട്ടികളിൽ നിരവധി ന്യൂനതകൾ ഉണ്ടാക്കി. ഇത്തരം കാര്യങ്ങൾ പരിഹരിക്കാൻ സമയമെടുക്കുമെന്ന് അധ്യാപകർ പറയുന്നു. രണ്ട് വർഷം സ്കൂളിൽ വരാത്തത് കുട്ടികളിൽ പല രീതിയിലുള്ള പ്രയാസങ്ങളുമുണ്ടാക്കി. ഇത് പരിഹരിക്കാനും കുട്ടികളെ ശരിയായ നിലവാരത്തിലേക്ക് ഉയർത്താനുള്ള ശ്രമങ്ങൾ അധ്യാപകർ നടത്തുകയാണ്. എഴുത്ത്, പരീക്ഷയെ അഭിമുഖീകരിക്കൽ, പെരുമാറ്റ മര്യാദകൾ പാലിക്കൽ അടക്കമുള്ള മേഖലകളിൽ കുട്ടികൾ പിറകോട്ട് പോയതിനാൽ ഇത് നേരെയാക്കാൻ അധ്യാപകർ ഏറെ മിനക്കെടേണ്ടിവരും.

രണ്ട് വർഷം വിദ്യാർഥികളുടെ വളർച്ചയിലെ പ്രധാന ഘട്ടങ്ങളായിരുന്നു. മാനസികവും ശാരീരികവുമായ വളർച്ചയിലും മാറ്റങ്ങളിലും നിർണായക പങ്ക് വഹിക്കുന്നത് സ്കൂൾ ജീവിതവും മറ്റ് കുട്ടികളുടെ സഹവാസവുമാണ്. രണ്ട് വർഷം കുട്ടികൾ വീട്ടിലിരുന്നത് അവരിൽ സാമൂഹിക അപരിചിതത്വം ഉണ്ടാക്കി. ഇത് കാരണം നേരിട്ടുള്ള ക്ലാസുകൾ ആരംഭിച്ചതോടെ കുട്ടികൾ ഏറെ പ്രയാസങ്ങൾ നേരിടുന്നു. രണ്ട് വർഷം കുട്ടികളുടെ ജീവിതത്തിൽ ഒരു ചിട്ടയുമുണ്ടായില്ല.

സ്കൂൾ തുറന്നതോടെ എല്ലാ കാര്യത്തിലും ചിട്ടയും ക്രമവും വന്നു. സ്കൂളിൽ പോവുന്ന വിദ്യാർഥി നിലവിൽ ആറു മണിക്കെങ്കിലും എഴുന്നേൽക്കണം. അതോടെ ഭക്ഷണത്തിനും ഉറക്കത്തിനും എന്തിനേറെ ശൗചാലയത്തിൽ പോവുന്നതിനുപോലും സമയക്രമങ്ങൾ വന്നു. ഇത് പല കുട്ടികൾക്കും പ്രയാസം സൃഷ്ടിക്കുന്നു. സ്കൂൾ തുറന്നതിന്‍റെ ആദ്യനാളുകളിൽ കുട്ടികൾക്ക് ഏറെ പ്രയാസം സൃഷ്ടിച്ചെങ്കിലും ഇപ്പോൾ സാധാരണ ഗതി പ്രാപിച്ചു വരുന്നതായി അധ്യാപകർ പറയുന്നു.

കുട്ടികൾ കഴിഞ്ഞ് രണ്ടു വർഷമായി നേരിട്ട് പരീക്ഷ എഴുതാത്തവരാണ്. അതിനാൽ നേരിട്ട് പരീക്ഷ എഴുതുമ്പോൾ കുട്ടികൾക്ക് പല വിഷയങ്ങളിലും പരിചയക്കുറവ് അനുഭവപ്പെടുന്നുണ്ട്. മുതിർന്ന ക്ലാസിലെ കുട്ടികൾക്ക് എഴുത്തിന് വേഗം കുറവാണെന്ന പ്രശ്നവും വ്യാപകമായിട്ടുണ്ട്.

വൈജ്ഞാനിക മേഖലയിൽ കുട്ടികൾക്ക് വലിയപ്രശ്നം ഇല്ലെങ്കിലും എഴുത്ത്, വര, കായികം എന്നീ മേഖലകളിൽ കുട്ടികൾ പ്രയാസം നേരിടുന്നുണ്ട്. മലയാളം അടക്കമുള്ള ഭാഷകൾ കൈകാര്യം ചെയ്യുമ്പോൾ അക്ഷരത്തെറ്റ് അടക്കമുള്ള നിരവധി വെല്ലുവിളികളും കുട്ടികൾ നേരിടുന്നുണ്ട്. എന്നാൽ ഈ പ്രശ്നങ്ങളെല്ലാം പരിഹരിച്ചു വരുകയാണെന്നും അടുത്ത ആറുമാസം കൊണ്ട് സ്ഥിതി മെച്ചപ്പെടുമെന്നും അധ്യാപകർ പറയുന്നു.

Tags:    
News Summary - Higher Education: Online Classes Not satisfactory

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.