മസ്കത്ത്: ദോഫാർ ഗവർണറേറ്റിലെ ജബൽ സംഹാൻ പർവതത്തിൽ അപകടത്തിൽപ്പെട്ട രണ്ട് പർവതാരോഹകരിൽ ഒരാൾ മരിച്ചു. അപകടത്തിൽപ്പെട്ട രണ്ടാമനെ രക്ഷപ്പെടുത്താൻ കഴിഞ്ഞതായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അറിയിച്ചു.
പരിക്കേറ്റ ഇയാളെ എയർ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചു. വെള്ളിയാഴ്ച ജബൽ സംഹാനിൽ പരിശീലനം നടത്തുന്നതിനിടെയാണ് സ്വദേശികളായ രണ്ട് പർവതാരോഹകർ അപകടത്തിൽപ്പെട്ടത്. പരിശീലനത്തിനിടെ ഇവർ താഴെ വീഴുകയായിരുന്നു. വിവരമറിഞ്ഞയുടൻ ദോഫാർ ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് വിഭാഗവും റോയൽ ഒമാൻ പൊലീസും റോയൽ എയർഫോഴ്സ് ഓഫ് ഒമാനും രക്ഷാപ്രവർത്തനത്തിനെത്തി. സ്വദേശികളുടെ കൂടി സഹായത്തോടെ അപകടസ്ഥലം കണ്ടെത്തിയെങ്കിലും ഒരാൾ മരിച്ചിരുന്നു. രണ്ടാമത്തെയാളുടെ പരിക്ക് ഗുരുതരമാണ്. പർവതാരോഹണം പോലുള്ള അപകടം നിറഞ്ഞ വിനോദങ്ങൾ പരിശീലിക്കുന്നവർ മതിയായ സുരക്ഷാ സംവിധാനങ്ങൾ ഉറപ്പാക്കണമെന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.