മസ്കത്ത്: ജീവിതത്തിന്റെ പുതുനിറങ്ങളിലേക്ക് പ്രതീക്ഷ പകർന്ന് ഒമാനിലെ ഇന്ത്യക്കാർ ഹോളി ആഘോഷിച്ചു. വാരാന്ത്യ അവധി ദിനത്തിൽ ഹോളി വന്നതിനാൽ ഇത്തവണ ശരിക്കും ആഘോഷം കളറായി. കുട്ടികളായിരുന്നു ആഘോഷങ്ങൾക്ക് മുന്നിലുണ്ടായിരുന്നത്. വ്യത്യസ്ത നിറങ്ങളിലുള്ള പൊടികൾ വിതറിയും വെള്ളം ചീറ്റിയും ഇവർ രാവിലെ മുതൽതന്നെ ആഘോഷം കെങ്കേമമാക്കി.
കോവിഡിന്റെ പിടിയിലമർന്നതിനാൽ കഴിഞ്ഞ രണ്ടു വർഷവും ഹോളി വിശാലമായി കൊണ്ടാടാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ, ഇത്തവണ കോവിഡ് കേസുകൾ കുറഞ്ഞതോടെ അധികൃതർ നൽകിയ ഇളവുകൾ ആഘോഷങ്ങൾക്ക് പൊലിമ കൂട്ടി. ഇന്ത്യക്കാർ താമസിക്കുന്ന പാർപ്പിട സമുച്ചയങ്ങളിലും മറ്റും വിപുലമായ ആഘോഷങ്ങളാണ് നടന്നത്. ആഘോഷത്തിന്റെ ഭാഗമായി തയാറാക്കിയ വിഭവങ്ങളും മധുരപലഹാരങ്ങളും പരസ്പരം കൈമാറുകയും ചെയ്തു. ഗുജിയ അഥവാ കരഞ്ചി, പുരൻ പോലി, ഭാങ് ലഡു എന്നിവയാണ് ഹോളി ഉത്സവത്തിന്റെ ഭാഗമായി ഒരുക്കുന്ന പ്രത്യേക വിഭവങ്ങൾ. ഹോളി മുന്നിൽകണ്ട് നഗരങ്ങളിലെ കടകളിൽ പ്രത്യേക മധുരപലഹാരങ്ങൾ ഒരുക്കിയിരുന്നു. കഴിഞ്ഞ വർഷത്തേക്കാൾ ഇത്തവണ നല്ല കച്ചവടമാണ് ലഭിച്ചതെന്ന് വ്യാപാരികൾ പറഞ്ഞു.
വസന്തകാല ഉത്സവമാണ് ഹോളി. ഇന്ത്യയിൽ ഉത്തരേന്ത്യയിലാണ് പ്രധാനമായും ഹോളി ആഘോഷിച്ചുവരുന്നത്. ദക്ഷിണേന്ത്യയിലും ഇപ്പോൾ ഹോളി ആഘോഷിക്കുന്നുണ്ട്. ഗുജറാത്തികളും മാർവാടികളും പഞ്ചാബികളുമാണ് ഹോളി ആഘോഷത്തിനു മുൻപന്തിയിൽ നിൽക്കുന്നവരെങ്കിലും മുംബൈ, ഡൽഹി പോലുള്ള നഗരങ്ങളിൽ ഹോളി ആഘോഷിക്കാത്തവർ ചുരുക്കമാണെന്നു പറയാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.