മസ്കത്ത്: ലോക്ഡൗൺ സമയത്ത് പെർമിറ്റുള്ള ഹോം ഡെലിവറി സ്ഥാപനങ്ങൾക്ക് പ്രവർത്തനാനുമതിയുണ്ടാകുമെന്ന് വ്യവസായ, വാണിജ്യ നിക്ഷേപ പ്രോത്സാഹന വകുപ്പ് മന്ത്രി ഖൈസ് മുഹമ്മദ് അൽ യൂസുഫ് പറഞ്ഞു. ഗവർണറേറ്റുകളിൽ നിന്നും വിലായത്തുകളിൽ നിന്നുമുള്ള അന്വേഷണങ്ങൾക്ക് മറുപടി നൽകാൻ പ്രത്യേക സംവിധാനം പ്രവർത്തിക്കുമെന്നും വാണിജ്യമന്ത്രി സുപ്രീം കമ്മിറ്റി വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
സമ്പൂർണ ലോക്ഡൗൺ സമയങ്ങളിൽ നഗരസഭയുടെ അറവുശാലകൾക്ക് അവധിയായിരിക്കുമെന്ന് മസ്കത്ത് നഗരസഭ ചെയർമാൻ ഇസ്സാം അൽ സദ്ജാലി പറഞ്ഞു. ഭാഗിക ലോക്ഡൗൺ ഉള്ള ദിവസങ്ങളിൽ രാവിലെ ഏഴു മുതൽ ഉച്ചക്ക് 12 മണിവരെയും വൈകീട്ട് മൂന്നു മുതൽ നാലരവരെയും നഗരസഭയുടെ അറവുശാലകൾ പ്രവർത്തിക്കും. ഭാഗിക, പൂർണ ലോക്ഡൗൺ ദിവസങ്ങളിൽ മാനുഷിക വിഷയങ്ങളിലും കർഷകരുമായി ബന്ധപ്പെട്ട വിഷയങ്ങളിലും അനുഭാവപൂർണമായ സമീപനമായിരിക്കും സ്വീകരിക്കുകയെന്ന് പൊലീസ് ആന്റ് കസ്റ്റംസ് അസി.ഇൻസ്പെക്ടർ ജനറൽ മേജർ ജനറൽ അബ്ദുല്ല അലി അൽ ഹാർത്തി പറഞ്ഞു.
ഇതിനായി ലോക്ഡൗൺ സമയങ്ങളിൽ മുഴുവൻ സമയവും പ്രവർത്തിക്കുന്ന കേന്ദ്രം തുറക്കും. അഞ്ച് മന്ത്രാലയങ്ങളുടെ കീഴിലുള്ള ഇവിടെയാണ് പ്രത്യേക കേസുകൾ പരിഗണിക്കുകയെന്നും മേജർ ജനറൽ പറഞ്ഞു. ഗവർണറേറ്റുകൾക്കിടയിൽ ചെക്ക്പോയിന്റുകൾ ഏർപ്പെടുത്തും. വിലായത്തുകളിൽ നിരീക്ഷണം ഏർപ്പെടുത്തും. മുൻലോക്ഡൗണുകളിലെ ഇളവുകൾ തുടരുമെന്നും മേജർ ജനറൽ അബ്ദുല്ല അലി അൽ ഹാർത്തി പറഞ്ഞു.
കോവിഡ് വാക്സിൻ സ്വന്തമാക്കുന്നതിൽ മത്സരവും ഏകാധിപത്യവുമുണ്ടെന്ന് ലോകാരോഗ്യ സംഘടന കിഴക്കൻ മെഡിറ്ററേനിയൻ വിഭാഗം റീജനൽ ഡയറക്ടർ ഡോ.അഹ്മദ് സാലിം അൽ മൻതരി പറഞ്ഞു. ചില രാജ്യങ്ങൾ ആവശ്യത്തിലധികം വാക്സിൻ സ്വന്തമാക്കുകയാണ്.
വാക്സിൻ വിതരണം ന്യായമായ രീതിയിലായിരിക്കണമെന്ന് അദ്ദേഹം ലോക രാഷ്ട്രങ്ങളോട് ആവശ്യപ്പെട്ടു. പെരുന്നാൾ അവധി ദിവസങ്ങളിലെ സമ്പൂർണ ലോക്ഡൗൺ സ്വദേശികളെയും വിദേശികളെയും സംരക്ഷിക്കുകയും മെഡിക്കൽ ജീവനക്കാരുടെ സമ്മർദം കുറക്കുകയും ചെയ്യുമെന്നും ഡോ.അഹ്മദ് സാലിം അൽ മൻതരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.