മസ്കത്ത്: ഒമാൻ ഭാരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ആംശസകൾ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്ക് കൈമാറി. ഖത്തർ പൊലീസിലെ ആറാമത്തെ ബാച്ച് വിദ്യാർഥികളുടെ ബിരുദദാന ചടങ്ങിൽ പങ്കെടുത്ത ഒമാൻ ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിൻ ഫൈസൽ അൽ ബുസൈദിയാണ് അമീറിനെ സുൽത്താന്റെ ആശംസകൾ അറിയിച്ചത്.
ഖത്തറിലെ ജനങ്ങൾക്കു കൂടുതൽ പുരോഗതിയും സമൃദ്ധിയും നേരുകയാണെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. തന്റെ ആശംസകൾ സുൽത്താനെ അറിയിക്കണമെന്ന് ഖത്തർ അമീർ ആഭ്യന്തര മന്ത്രിയോടും ആവശ്യപ്പെട്ടു. സുൽത്താന് നല്ല ആരോഗ്യവും സന്തോഷവും നേരുകയും ഒമാൻ ജനത കൂടുതൽ പുരോഗതിയും സമൃദ്ധിയും കൈവരിക്കട്ടേയെന്നും അമീർ ആശംസിച്ചു.
ഇരുരാജ്യങ്ങളുടേയും സൗഹൃദബന്ധം, ഉഭയകക്ഷി ബന്ധങ്ങൾ, അവ മെച്ചപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ എന്നിവയും കൂടിക്കാഴ്ചയിൽ സ്പർശിച്ചു. ഖത്തർ ആഭ്യന്തര മന്ത്രി ശൈഖ് ഖലീഫ ബിൻ ഹമദ് അൽഥാനിയുമായും ഒമാൻ ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിൻ ഫൈസൽ അൽ ബുസൈദി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ സാഹോദര്യ ബന്ധങ്ങളും വിവിധ മേഖലകളിൽ അവ വളർത്തിയെടുക്കുന്നതിനുള്ള വഴികളും അവലോകനം ചെയ്തു. പൊതുവായ ആശങ്കയുള്ള നിരവധി വിഷയങ്ങളിൽ കാഴ്ചപ്പാടുകൾ കൈമാറുകയും ചെയ്തു.
ഇന്റേണൽ സെക്യൂരിറ്റി ഫോഴ്സ് ക്യാമ്പ് സന്ദർശിച്ച ഒമാൻ ആഭ്യന്തര മന്ത്രി, അതിന്റെ സൗകര്യങ്ങൾ, സേവനങ്ങൾ, സാങ്കേതികവിദ്യകൾ, സുരക്ഷാ ഉപകരണങ്ങൾ എന്നിവയെക്കുറിച്ച് മനസ്സിലാക്കി.
ബോംബ് സ്ക്വാഡ്, കുതിരപ്പട പ്രദർശനം, കലാപ നിയന്ത്രണ സേന, പ്രത്യേക യൂനിറ്റ്, സെർച്ച് ആൻഡ് റെസ്ക്യൂ ഗ്രൂപ് എന്നിവ നടത്തിയ ഷോകളിൽ പങ്കെടുത്തു. ഖത്തറിലെ ഒമാൻ അംബാസഡർ സയ്യിദ് അമ്മാർ ബിൻ അബ്ദുല്ല അൽ ബുസൈദ് യോഗത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.