സുഹാർ: ഇരുട്ടി വെളുക്കും മുമ്പ് മിസൈൽ പുകയിൽ പകച്ചുപോയ യുക്രെയ്നിൽനിന്ന് രക്ഷപ്പെട്ടുവന്ന വിദ്യാർഥികൾക്ക് പറയാനുള്ളത് ആശങ്കയുടെ അനുഭവങ്ങൾ. സുഹാർ ആസ്റ്റർ ഹോസ്പിറ്റലിൽ നഴ്സായ മിനിയുടെയും മെക്കാനിക്കായ ഗീവർഗീസ് പണിക്കരുടെയും മകൾ ജിന്റു തിരിച്ചെത്തിയത് 19നാണ്. ബുക്കോവിനിയൻ സ്റ്റേറ്റ് മെഡിക്കൽ യൂനിവേഴ്സിറ്റിയിൽ മൂന്നാംവർഷ വിദ്യാർഥിനിയാണ്.
യുദ്ധവിവരങ്ങൾ ഇന്റർനെറ്റ് ന്യൂസ് വഴി അറിയുന്നുണ്ടെങ്കിലും വിദ്യാർഥികളാരും കാര്യമാക്കിയിരുന്നില്ല. യുക്രെയ്നിൽ വിദ്യാർഥികളുടെ കാര്യങ്ങൾ നോക്കുന്ന റിക്രൂട്ടിങ് ഏജൻസി പ്രതിനിധികൾ ഇവരുമായി നിരന്തരം സമ്പർക്കം പുലർത്തിയിരുന്നു. ഭയപ്പെടാൻ ഒന്നുമില്ലെന്നും എന്നാൽ അത്യാവശ്യ ഒരുക്കങ്ങൾ നടത്തണമെന്നും ഉണർത്തിയിരുന്നു. എംബസിയും യുദ്ധ സാഹചര്യം ഇല്ലെങ്കിലും കരുതിയിരിക്കണം എന്ന നിർദേശം നൽകിയിരുന്നുവെന്നു ജിന്റു പറയുന്നു. സുഹാർ ഇന്ത്യൻ സ്കൂൾ വിദ്യാർഥിനിയായിരുന്നു. ജനുവരി ഇവരുടെ വെക്കേഷൻ കാലമാണ്. അതിനാൽ നിരവധി പേർ നാട്ടിലാണ്. ഓൺലൈൻ ക്ലാസ് ആയതുകാരണം പലരും ഡിസംബറോടെയേ തിരിച്ചെത്തുകയുള്ളൂവന്ന് ജിന്റു പറയുന്നു
ഒരാഴ്ചമുമ്പ് ഒമാനിലേക്ക് തിരിച്ചെത്തുമ്പോൾ അവിടെ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല -മറ്റൊരു വിദ്യാർഥിനിയായ ഹഫീത്തിലെ ഒന്നാംവർഷ മെഡിക്കൽ വിദ്യാർഥിനി ഷിഫാന സിയാദ് പറഞ്ഞു. കുറച്ചു കുട്ടികൾ തിരിച്ചുപോയപ്പോൾ ആവശ്യമുണ്ടെങ്കിൽ പോയിവരുക എന്നാണ് കോളജ് അധികൃതർ പറഞ്ഞത്. ഓൺലൈൻ ക്ലാസുകൾ നടക്കുന്നുണ്ട് എന്നും ഷിഫാന പറയുന്നു. യുദ്ധം തുടങ്ങിയ ദിവസങ്ങളിൽ പോലും ഓൺലൈൻ ക്ലാസുകൾ ഉണ്ടായിരുന്നു എന്ന് സുഹാറിൽ തിരിച്ചെത്തിയ ആൻസി ബൈജു എന്ന രണ്ടാവർഷ വിദ്യാർഥിനി പറഞ്ഞു. ഇനിയും കുട്ടികൾ കുടുങ്ങിക്കിടക്കുന്നുണ്ടെങ്കിലും അവർക്കൊക്കെ തിരിച്ചുവരാൻ കഴിയും എന്നാണ് പ്രത്യാശിക്കുന്നതെന്നും ഇവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.