മസ്കത്ത്: മൃഗവേട്ടക്കെത്തിയ മൂന്നുപേരെ ഇബ്രിയിൽനിന്ന് പിടികൂടി. ഇവരിൽ നിന്ന് തോക്കുകൾ, വേട്ടക്ക് ഉപയോഗിക്കുന്ന സാധനങ്ങൾ എന്നിവ പിടിച്ചെടുത്തതായി പരിസ്ഥിതി കാലാവസ്ഥാകാര്യ മന്ത്രാലയം ട്വിറ്ററിൽ അറിയിച്ചു. ഗൾഫ് പൗരന്മാരാണ് പിടിയിലാവർ. വിവിധതരത്തിലുള്ള ആയുധങ്ങൾക്ക് പുറമെ 14 കെണികൾ, രണ്ട് പ്രാവുകൾ, പിടികൂടിയ ഹുബൂറ പക്ഷി, വിവിധ തരം വലകൾ, ഫാൽക്കണറി ഉപകരണങ്ങൾ, ഫ്രോസൺ കോഴിയിറച്ചി, പക്ഷികളുടെ ശബ്ദമുണ്ടാക്കുന്ന സിമുലേറ്ററുകൾ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. മൂന്ന് നാലുചക്ര വാഹനങ്ങളിലാണ് ഇവർ എത്തിയത്.
ഫാൽക്കണുകളെ ഉപയോഗിച്ച് മറ്റു പക്ഷികളെ ഇവർ വേട്ടയാടിയിരുന്നതായി മന്ത്രാലയം അറിയിച്ചു. അഞ്ചു ഫാൽക്കണുകളാണ് ഇവരുടെ കൈവശം ഉണ്ടായിരുന്നത്. തോക്കുകളടക്കം ആയുധങ്ങളും പക്ഷികളെയും ഉപയോഗിച്ച് വേട്ടയാടുന്നതായ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിൽ ഇബ്രിക്കടുത്ത തനാമിൽ നിന്നാണ് ഇവർ പിടിയിലായത്. വന്യമൃഗ സംരക്ഷണ നിയമലംഘനമടക്കം കുറ്റങ്ങൾ ഇവർക്കെതിരെ ചുമത്തുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.