മസ്കത്ത്: ഹൈഡ്രജൻ ഇന്ധനമായ വാഹനങ്ങൾ പുറത്തിറക്കുന്ന നടപടികളിലേക്ക് ഒരു ചുവടുകൂടിവെച്ച് ഒമാൻ. ഹൈഡ്രജൻ ഇന്ധനമായ വാഹനങ്ങളുടെ നിലവാരവും ആവശ്യകതകളും സംബന്ധിച്ച നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം നിശ്ചയിച്ചു. മാർച്ചിൽ ചേർന്ന മന്ത്രിസഭ യോഗത്തിൽ രാജ്യത്തെ ഹൈഡ്രജൻ മേഖല ശക്തിപ്പെടുത്തണമെന്ന് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ ത്വാരിഖ് അൽ സൈദ് നിർദേശിച്ചിരുന്നു. ഈ രംഗത്ത് അന്താരാഷ്ട്രതലത്തിൽ നടക്കുന്ന വികസനങ്ങളെക്കുറിച്ച് പഠനം നടത്താനും അദ്ദേഹം അന്ന് നിർദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ അപകടസാധ്യതകൾ കുറക്കുക, അന്തരീക്ഷ മലിനീകരണം കുറക്കുക, സുസ്ഥിര ഊർജത്തെ പിന്തുണക്കുക എന്നിവയെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മാനദണ്ഡങ്ങൾക്ക് രൂപം നൽകിയിരിക്കുന്നതെന്ന് മന്ത്രാലയത്തിലെ സ്റ്റാൻഡേഡ്സ് വിഭാഗം ഡയറക്ടർ നാദിയ ബിൻത് മുഹമ്മദ് അൽ സിയബിയ പറഞ്ഞു.
ഗ്ലോബൽ ഫോറം ഫോർ ഹാർമണൈസേഷൻ ഓഫ് വെഹിക്ക്ൾ റെഗുലേഷൻസ് ഹൈഡ്രജൻ വാഹനങ്ങളെ സംബന്ധിച്ച് ആഗോളതലത്തിൽ പുറപ്പെടുവിച്ച നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും മാതൃകയാക്കിയാണ് ഇത് തയാറാക്കിയിരിക്കുന്നതെന്നും അവർ വ്യക്തമാക്കി. 'ഒമാൻ വിഷൻ 2040' ലക്ഷ്യമിടുന്ന ഊർജസുരക്ഷ ഉറപ്പുവരുത്തുന്ന നടപടികളും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഹൈഡ്രജൻ വിതരണ-സംഭരണ സംവിധാനം, ഫ്യുവൽ സെൽ സംവിധാനം, ഇലക്ട്രിക് പ്രൊപൽഷൻ സിസ്റ്റം എന്നിവയാണ് ഹൈഡ്രജൻ വാഹനങ്ങൾക്ക് അടിസ്ഥാനമായിട്ടുള്ളതെന്നും അവർ ചൂണ്ടിക്കാട്ടി. ഹൈഡ്രജൻ വാഹനങ്ങൾ സർവസാധാരണമാകുന്നതോടെ രാജ്യത്ത് ഗ്യാസും ഇന്ധനവും ഉപയോഗിക്കുന്ന വാഹനങ്ങൾ മൂലമുണ്ടാകുന്ന അന്തരീക്ഷ മലിനീകരണം വളരെയധികം കുറക്കാൻ കഴിയുമെന്നും നാദിയ ബിൻത് മുഹമ്മദ് അൽ സിയബിയ ചൂണ്ടിക്കാട്ടി.
അപകടങ്ങൾ ഉണ്ടാകുമ്പോൾ മനുഷ്യജീവന് ആപത്തുണ്ടാകാതിരിക്കാനുള്ള സുരക്ഷാ മുൻകരുതലുകളെക്കുറിച്ചാണ് പ്രധാനമായും മാനദണ്ഡങ്ങളിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. ഹൈഡ്രജൻ ഫ്യുവൽ സെൽ ഉപയോഗിക്കുമ്പോൾ സുരക്ഷാ മുൻകരുതലുകൾ ശക്തമായി പാലിക്കേണ്ടതുണ്ട്. തീപിടിത്തം, പൊട്ടിത്തെറി, ഇലക്ട്രിക് ഷോക്ക് തുടങ്ങിയ അപകടങ്ങൾ കുറച്ച് പരമാവധി സുരക്ഷ ഉറപ്പാക്കാനുള്ള നിർദേശങ്ങളാണുള്ളത്. ഇന്ധനം നിറക്കാനുള്ള കേന്ദ്രങ്ങൾ, ഇന്ധനച്ചോർച്ച, ഡ്രൈവർമാർക്കുള്ള മുന്നറിയിപ്പ്, മറ്റു സുരക്ഷാനടപടികൾ എന്നിവയും പ്രതിപാദിക്കുന്നുണ്ട്. ദൂരയാത്രക്ക് ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് അനുയോജ്യമായ ഇന്ധനമാണ് ഹൈഡ്രജൻ എന്നാണ് വിലയിരുത്തപ്പെടുന്നത്. ഇലക്ട്രിക് വാഹനങ്ങളെ അപേക്ഷിച്ച് ഹൈഡ്രജൻ നിറക്കാൻ കുറച്ച് സമയം മതിയെന്ന പ്രത്യേകതയുമുണ്ട്.
രാജ്യത്തെ വിമാനത്താവളങ്ങളില്‍ അടുത്ത വർഷമാദ്യം 15 ഹൈഡ്രജന്‍ വാഹനങ്ങൾ ഏർപ്പാടാക്കുന്നത് സംബന്ധിച്ച് ഒമാന്‍ എയര്‍പോർട്സും ഷെല്‍ ഒമാനും തമ്മിൽ ഈ വർഷം മാർച്ചിൽ ധാരണയിലെത്തിയിരുന്നു. യാത്രാസൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ മസ്കത്ത് വിമാനത്താവളത്തിലാകും ഹൈഡ്രജന്‍ വാഹനങ്ങള്‍ ലഭ്യമാവുക. അടുത്ത വര്‍ഷത്തിന്റെ തുടക്കത്തിൽ ഹൈഡ്രജന്‍ വാഹനങ്ങള്‍ ഒമാനിലെത്തുമെന്ന് ഷെല്‍ ഒമാന്‍ ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ പറഞ്ഞിരുന്നു. കരാര്‍പ്രകാരം ഗ്രീന്‍ ഹൈഡ്രജന്‍ ഉൽപാദന യൂനിറ്റുകളും ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.