മസ്കത്ത്: എണ്ണ സമൃദ്ധികൊണ്ടും പ്രകൃതി വാതക നിക്ഷേപം കൊണ്ടും സമൃദ്ധമാണ് ഇബ്രി വിലായത്ത്. മരുഭൂമികൾ പ്രകൃതി വിഭവങ്ങളാൽ സമ്പന്നമായതിനാൽ 'വാഗ്ദത്ത നഗരം' എന്നാണ് ദാഖിലിയ ഗവർണറേറ്റിലെ പ്രധാന നഗരമായ ഇബ്രിയെ മുൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഇൗദ് വിശേഷിപ്പിച്ചത്.
സൗദി അറേബ്യ, യു.എ.ഇ എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന വിലായത്ത് കൂടിയാണിത്. പത്ത് വിലായത്തുകളുടെ അതിർത്തിയായി വരുന്ന വിലായത്ത് എന്ന പ്രത്യേകതയും ഇബ്രിക്കുണ്ട്. ഹൈമ, ആദം, ബഹ്ല, അൽ ഹംറ, അൽ റുസ്താഖ്, ഖാബൂറ, സഹം, യങ്കൽ, ദങ്ക്, ബുറൈമി എന്നിവയാണ് ഇബ്രിയുടെ അതിർത്തിയായി വരുന്ന വിലായത്തുകൾ. പുരാതന കാലം മുതൽ തന്നെ അറേബ്യൻ ഉപഭൂഖന്ധങ്ങളിൽ യാത്ര പോവുന്ന വാണിജ്യസംഘങ്ങളുടെ പ്രധാന യാത്രാമാർഗം കൂടിയായിരുന്നു ഇബ്രി.
വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന നിരവധി ചരിത്ര സ്മാരകങ്ങൾ ഇബ്രിയിലുണ്ട്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് ബി.സി മൂവായിരത്തിൽ രൂപമെടുത്തതായി കണക്കാക്കുന്ന സാംസ്കാരിക അവശിഷ്ടങ്ങളാണ്. ബാത്ത്, അൽ ഖുതും അൽ െഎൻ എന്നിവിടങ്ങളിലെ സാംസ്കാരിക അവശിഷ്ടങ്ങൾ യുനസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. വെങ്കലയുഗ കാലഘട്ടത്തിൽ ജീവിച്ചിരുന്ന താമസ ഇടങ്ങളുടെയും ടവറുകളുടെയും ജലസേചന പദ്ധതികളുടെയും ഒക്കെ അവശിഷ്ടങ്ങൾ വിനോദ സഞ്ചാരികൾക്ക് ഏറെ ആകർഷകമാണ്.
ഇബ്രി നഗരത്തിൽ നിന്ന് 24 കിലോമീറ്റർ അകലെയാണിത്. പൈതൃക-ടൂറിസം മന്ത്രാലയം പുതുക്കിപ്പണിത ഇബ്രി കോട്ട, അൽ സുലൈഫ് കോട്ട എന്നിവയും പ്രധാന ആകർഷകങ്ങളാണ്. വാദി ദാം, കഹ്ഫ് അൽ കിത്താൻ, ജബൽ അൽ അഫ്ലാജ് ഗുഹകളും സന്ദർശകരെ ആകർഷിക്കുന്നതാണ്. ബിലാദ് അൽ ശുഹൂമിലെ െഎൻ സൽ സക്ന ചൂട് വെള്ള ഉറവ കാണാനും നിരവധി പേർ എത്താറുണ്ട്. ഇവിടെ ചൂട് വെള്ളം പരമ്പരാഗത ചികിത്സക്ക് ഉപയോഗിക്കുന്നവരും നിരവധിയാണ്. ചർമ രോഗങ്ങളുടെ ചികിത്സക്കും ഇൗ ഉറവയിലെ ചൂടുവെള്ളം ഉപയോഗിക്കുന്നവരും നിരവധിയാണ്.
രണ്ട് ടവറുകളും 29 മുറികളുമുള്ള ഇബ്രി കോട്ട വാലികളും ജഡ്ജിമാരുമൊക്കെയാണ് ഉപയോഗിച്ചിരുന്നത്. കോട്ടയുടെ പ്രവേശന കവാടത്തിനടുത്ത് കിണറും പ്രാർഥന മുറിയുമുണ്ട്. ഇബ്രി കോട്ടയോടനുബന്ധിച്ചുള്ള മസ്ജിദിൽ ആയിരത്തിലധികം പേർക്ക് പ്രാർഥന നടത്താൻ കഴിയും. ഒമാനിലെ കോട്ടകളോടനുബന്ധിച്ച് നിർമിച്ചിരിക്കുന്ന മസ്ജിദുകളിൽ ഏറ്റവും വലുതാണിത്. നിരവധി കൃഷിത്തോട്ടങ്ങളും ഇവിടെയുണ്ട്. നാരങ്ങ, നീർമാതളം, പേരക്, മധുര നാരങ്ങ, മാങ്ങ, പിച്ചസ്, ശീമ മാതളം എന്നിവയാണ് ഇബ്രിയിലെ പ്രധാന വിളകൾ. ഇബ്രിയിലെ പഴയ സൂഖ് ഏറെ പേര് കേട്ടതാണ്.
ഇബ്രി വിലായത്ത് എല്ലാ മേഖലകളിലും പുരോഗതി നേടിയിട്ടുണ്ട്. 57 സ്കൂളുകളാണ് ഇൗ വിലായത്തിലുള്ളത്. കൂടാതെ ആരോഗ്യ േകന്ദ്രങ്ങൾ, നഴ്സിങ് ഇൻസ്റ്റിറ്റ്യൂട്ട്, കോളജ് ഒാഫ് അപ്ലൈഡ് സയൻസ്, സാറ്റലൈറ്റ് സ്റ്റേഷൻ തുടങ്ങിയവയും ഇബ്രിയിലുണ്ട്. ഗ്രാമങ്ങളിൽ കുടിവെള്ളം എത്തിക്കുന്നത് അൽ മസറാത്ത് പദ്ധതി വഴിയാണ്. സൗദി അറേബ്യയിലേക്കുള്ള നിർദിഷ്ട ഹൈവേയും ഇബ്രി വഴിയാണ് കടന്നുപോകുന്നത്. ഒമാനിൽ നിന്ന് ഹജ്ജിനും ഉംറക്കും പോവുന്നവർക്ക് യാത്ര എളുപ്പമാക്കുന്നതാണ് ഇൗ േറാഡ് പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.