മസ്കത്ത്: ദാഹിറ ഗവർണറേറ്റിലെ ഇബ്രിയിലെ സ്വകാര്യ മാർബിൾ ഫാക്ടറിയിലുണ്ടായ അപകടത്തിൽ കാണാതായ അവസാനത്തെ ആളുടെയും മൃതദേഹം കണ്ടെത്തി. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം 14ആയി. തിരച്ചിൽ അവസാനിപ്പിച്ചതായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അധികൃതർ അറിയിച്ചു.
അത്യാധുനിക യന്ത്ര സംവിധാനങ്ങളുടെ സഹായത്തിലായിരുന്നു തിരച്ചിൽ നടത്തിയിരുന്നത്. രക്ഷാപ്രവർത്തനത്തിന്‍റെ ആദ്യഘട്ടത്തിൽ പാറ ഇടിഞ്ഞ് വീഴുന്നതിനാൽ തിരച്ചിലിന് നേരിയ തടസ്സങ്ങൾ നേരിട്ടിരുന്നു. എന്നാൽ, പിന്നീടുള്ള ദിവസങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾ ഊർജിതമായി നടന്നു.
കഴിഞ്ഞ ശനിയാഴ്ച അർധരാത്രി 12ഓടെ ഇബ്രി വിലായത്തിലെ അൽ-ആർദ് പ്രദേശത്തായിരുന്നു നാടിനെ നടുക്കിയ ദുരന്തം നടന്നത്. അപകടത്തിൽ ആറുപേരായിരുന്നു അന്ന് മരിച്ചിരുന്നത്. തുടർ ദിവസങ്ങളിൽ നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് ഏട്ടുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.
ചൊവ്വ, ബുധൻ, വെള്ളി ദിവസങ്ങളിൽ രണ്ടു വീതവും വ്യാഴം, ശനി ദിവസങ്ങളിൽ ഓരോ വീതം മൃതദേഹങ്ങളുമാണ് കണ്ടെത്തിയത്. മരിച്ചവരിൽ ഇന്ത്യക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് അനൗദ്യോഗിക റിപ്പോർട്ടുകളുണ്ട്. മൂന്ന് മീറ്റർ ഘനവും 200 മീറ്റർ ഉയരവുമുള്ള മാർബിൾ പാളിയാണ് ആദ്യം ഇടിഞ്ഞുവീണത്.
അപകടസമയത്ത് ഇന്ത്യക്കാരും പാകിസ്താനികളുമായിരുന്ന തൊഴിലാളികളായിരുന്നു സ്ഥലത്തുണ്ടായിരുന്നത്. കരാർ കമ്പനികൾ തൊഴിലിടങ്ങളിലെ സുരക്ഷ അവഗണിക്കുന്നതിനാലാണ് ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നതെന്ന് പ്രദേശവാസികളും വ്യവസായ വിദഗ്ധരും ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.