മത്ര: റമദാനിൽ മത്ര സൂഖില്‍ വേറിട്ടൊരു ‘ഇഫ്താർ’ ഉണ്ട്. ഗുജറാത്തി സമൂഹത്തില്‍പെട്ട കച്ചവടക്കാരാണ് മഗ്രിബ് സമയത്ത് ഒത്തുകൂടി നോമ്പ് തുറക്കുന്നത്. ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല, ദശാബ്ദങ്ങളുടെ പഴക്കവും പാരമ്പര്യവുമുള്ള രീതിയാണിത്. നോമ്പുകാരോടുള്ള സൗഹൃദവും െഎക്യദാർഢ്യവും പ്രകടിപ്പിക്കുന്നതിനായി പൂർവികർ തുടങ്ങിവെച്ച രീതി പുതുതലമുറക്കാരും നിലനിർത്തിവരുകയാണ്. 1929 മുതല്ക്കേ മത്ര സൂഖില്‍ വ്യാപാര രംഗത്തുണ്ടായിരുന്ന ഹരിശ്ചന്ദ്ര ദീപക് തെൻറ കടക്കു മുന്നില്‍ തുടങ്ങിവെച്ചതാണ് ഈ ഇഫ്താര്‍ രീതി. ഇപ്പോള്‍ സൂഖില്‍ പലചരക്ക് കട നടത്തുന്ന വിജയകുമാര്‍ ദീപക് പിതാവിെൻറ പാത പിന്തുടര്ന്ന് വരുന്നു.
ഒമാനില്‍തന്നെ ജനിച്ച്, പഠിച്ച്, പിതാവിനൊപ്പം കച്ചവട രംഗത്ത് വന്നയാളാണ് വിജയകുമാർ. ബനിയ എന്ന് അറബികള്‍ വിളിക്കുന്ന ഗുജറാത്ത് കമ്യൂണിറ്റിയില്‍പെട്ട പതിനഞ്ചോളം പേരാണ് പ്രായ വ്യത്യാസമില്ലാതെ ദിവസവും നോമ്പ് തുറക്കുന്ന നേരത്ത് വിജയകുമാറിെൻറ കടയുടെ മുന്നിൽ ഒരുമിക്കാറുള്ളത്. ഒരോരുത്തരും തങ്ങളുടെ രീതിയിലുള്ള പലഹാരങ്ങളും ചായയും കാവയുമൊക്കെയായി വരും. അത് കടയുടെ മുന്നില്‍ നിരത്തിവെച്ച് അടുത്ത കടകളിലുള്ള നോമ്പുകാര്‍ക്ക് പങ്കുവെച്ചും അവരുടെ ഇഫ്താര്‍ വിഭവങ്ങള്‍ സ്വീകരിച്ചുമാണ് ഇവരുടെ രീതി. ബാങ്കുവിളിക്കായി കാത്തിരുന്ന് നോമ്പുകാരെപ്പോലെ നോമ്പ് തുറക്കുന്നത് നല്ലൊരു അനുഭവമാണെന്ന് വിജയ് പറയുന്നു. നീലേഷ്, രാജേഷ്, പരേശ് തുടങ്ങിയ പുതുതലമുറക്കാരും ഇവർക്കൊപ്പം ഒത്തുചേരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.