മസ്കത്ത്: കോവിഡ് പ്രതിരോധ കുത്തിവെപ്പ് നൽകുന്നതുമായി ബന്ധപ്പെട്ട ഒരുക്കം ആരോഗ്യമന്ത്രി ഡോ. അഹമ്മദ് ബിൻ മുഹമ്മദ് അൽ സൈദി അവലോകനം ചെയ്തു. ആരോഗ്യ വകുപ്പിലെ അണ്ടർ സെക്രട്ടറിമാരും മന്ത്രാലയത്തിലെയും വിവിധ ഗവർണറേറ്റുകളിലെയും ഉന്നത ഉദ്യോഗസ്ഥരും വിഡിയോ കോൺഫറൻസ് വഴി നടന്ന യോഗത്തിൽ സംബന്ധിച്ചു.
ദേശീയ പ്രതിരോധകുത്തിവെപ്പ് യജ്ഞത്തിെൻറ വിവിധ തലങ്ങൾ യോഗത്തിൽ ചർച്ചക്ക് വന്നു. ചില ഗവർണറേറ്റുകളിൽ രക്ഷിതാക്കളുടെയും പ്രായമായവരുടെയും ആശങ്ക കാരണം വാക്സിൻ സ്വീകരിക്കുന്നവരുടെ എണ്ണത്തിൽ കുറവുണ്ടായെങ്കിലും, പൊതുവെ സമൂഹത്തിെൻറ വൻ പങ്കാളിത്തവും സഹകരണവും ലഭിക്കുന്നുണ്ടെന്ന് വിലയിരുത്തി. പകർച്ചവ്യാധി നിയന്ത്രണ വകുപ്പ് ഡയറക്ടർ ബദർ ബിൻ അൽ സൈഫ് അൽ റവാഹി അടുത്ത ആഴ്ചകളിലെ വാക്സിനേഷൻ സംബന്ധിച്ചു വിവരം അവതരിപ്പിച്ചു. വാക്സിൻ ലഭ്യത സംബന്ധിച്ചും അദ്ദേഹം കൃത്യമായ വിവരങ്ങൾ യോഗത്തെ ധരിപ്പിച്ചു.
രാജ്യത്ത് കോവിഡ് വ്യാപനത്തെ തടയുന്നതിലും രോഗികൾക്ക് ചികിത്സ നൽകുന്നതിലും ആരോഗ്യ പ്രവർത്തകർ നിസ്തുല സംഭാവനയാണ് നൽകുന്നതെന്ന് മന്ത്രി യോഗത്തിൽ പറഞ്ഞു. സുൽത്താൻ ഹൈതം ബിൻ ത്വാരിഖ് ആരോഗ്യപ്രവർത്തകരുടെ പരിശ്രമങ്ങളെ അഭിനന്ദിച്ചതായി അദ്ദേഹം യോഗത്തെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.