മസ്കത്ത്: ഇൻഡിഗോ, ഗോ എയർ, സ്പൈസ് ജെറ്റ് എന്നീ വിമാന കമ്പനികൾ ഇന്ത്യയിൽനിന്ന് ഒമാനിലേക്കും തിരിച്ചുമുള്ള സർവിസുകൾ നിർത്തലാക്കിയത് ഇന്ത്യൻ സെക്ടറിലേക്കുള്ള യാത്രക്കാരെ ആശങ്കയിലാക്കുന്നു. ഇൗ വിഷയത്തിൽ നിരവധി കിംവദന്തികളും പ്രചരിക്കാൻ തുടങ്ങിയതോടെ ട്രാവൽ ഏജൻസികളിലേക്കും മറ്റും തുരുതുരെ അന്വേഷണങ്ങൾ വരുകയാണ്. കൂട്ടത്തിൽ ഇന്ത്യയും ഒമാനും തമ്മിലുള്ള വ്യോമയാന കരാറുകൾ അവസാനിച്ചെന്നും അടുത്ത മാസം മുതൽ ഇന്ത്യയിലേക്ക് വിമാന സർവിസുകൾ നിലക്കുമെന്ന കുപ്രചാരണവും നിലവിലുണ്ട്.
നവംബർ 30 വരെയുള്ള എയർ ബബ്ൾ കരാർ പ്രകാരമുള്ള പ്രതിവാര സീറ്റുകളുടെ എണ്ണം പുനർനിർണയം നടത്തിയതിനെ തുടർന്നാണ് സ്വകാര്യ വിമാന കമ്പനികളോട് സർവിസ് നിർത്താൻ നിർദേശിച്ചത്. സർവിസുകൾ നിലച്ചാൽ പൈസ റീഫണ്ട് ലഭിക്കാൻ സാധ്യത കുറവായതിനാൽ അടുത്ത മാസം യാത്ര ചെയ്യാൻ ടിക്കറ്റെടുക്കാൻ മടിക്കുന്നവരും നിരവധിയാണ്. നിലവിൽ ഇന്ത്യയിലെ ക്വാറൻറീൻ വിഷയത്തിൽ നിരവധി കിംവദന്തികൾ പ്രചരിക്കുന്നതിനിടയിലാണ് മലയാളികൾക്ക് അടക്കം പുതിയ വിഷയം ലഭിച്ചിരിക്കുന്നത്.
സ്വകാര്യ വിമാന സർവിസുകൾ നിർത്തുന്നത് നാട്ടിൽ പോകാൻ തയാറായി നിൽക്കുന്നവരെ പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്. കോവിഡ് പ്രതിസന്ധി കാരണം ഒമാനിൽ ദീർഘകാലമായി തങ്ങേണ്ടിവന്നവരെയാണ് പ്രശ്നം ഏറെ അലട്ടുന്നത്. കടയിലും സ്ഥാപനങ്ങളിലും മറ്റും ജോലി ചെയ്യുന്ന നിരവധി േപർ നാട്ടിലുള്ളവർ തിരിച്ചെത്തിയാൽ അവധിക്ക് പോകാൻ കരുതിയിരിക്കുകയായിരുന്നു. ബജറ്റ് വിമാന കമ്പനികളുടെ കുറഞ്ഞ നിരക്കുകൾ ഉപയോഗപ്പെടുത്തി നാടണയാമെന്ന സ്വപ്നവുമായി നടക്കുമ്പാേഴാണ് പുതിയ തിരിച്ചടി വന്നത്. സ്വകാര്യ വിമാന കമ്പനികളുടെ അനുമതി പിൻവലിച്ചതോടെ ടിക്കറ്റ് നിരക്കുകൾ ഉയർന്നതും ഇവരെ സങ്കടത്തിലാക്കുന്നുണ്ട്. കോവിഡ് പ്രതിസന്ധി കാലത്തടക്കം നാട്ടിൽ പോകാതെ കച്ചവട സ്ഥാപനങ്ങളിലും കമ്പനികളിലും ജോലി ചെയ്യുകയും സ്ഥാപനം കൊണ്ട് നടത്തുകയും ചെയ്ത ചെറിയ ശമ്പളക്കാരാണ് പ്രയാസത്തിൽ കഴിയുന്നത്. നിലവിൽ ഒമാനിൽ തിരിച്ചെത്താൻ കോവിഡ് ടെസ്റ്റ് അടക്കമുള്ള നിബന്ധനകൾ ആരംഭിച്ചതോടെ തന്നെ പലരും ഒമാനിലേക്ക് തിരിച്ചുവരാൻ മടിക്കുകയാണ്.
ടിക്കറ്റ് നിരക്ക് ഉയർന്നതിനൊപ്പം വിമാനത്തിൽ സീറ്റുകൾ ലഭിക്കാതിരിക്കുകയും ചെയ്യുന്നതോടെ തിരിച്ചുവരുന്നവരുടെ യാത്ര ഇനിയും നീളാൻ കാരണമാകും. ഇത് നാട്ടിൽ പോകാൻ കാത്തിരിക്കുന്നവർക്ക് വിനയാവും. വിമാന സർവിസുകൾ സാധാരണ ഗതിയിലായതിനുശേഷം നാട്ടിൽ േപാകാമെന്ന് കരുതിയ നിരവധി പേരും ഒമാനിലുണ്ട്. കോവിഡ് പ്രതിസന്ധിയുടെ മാനസിക പിരിമുറുക്കം മാറ്റാൻ നാട്ടിൽ പോകാമെന്ന് കരുതി ഇൗ വിമാന കമ്പനികളിൽ ടിക്കറ്റ് ബുക്ക് ചെയ്തവരും മാനസിക പിരിമുറുക്കത്തിലാണ്. തങ്ങളുടെ ടിക്കറ്റ് തുക എപ്പോൾ തിരിച്ചുലഭിക്കുമെന്ന് ആശങ്കപ്പെടുകയാണവർ. കോവിഡ് പ്രതിസന്ധിക്കുമുമ്പ് ടിക്കറ്റുകൾ ബുക്ക് ചെയ്ത് വിമാന സർവിസ് റദ്ദാക്കിയതിനെ തുടർന്ന് പൈസ തിരികെ ലഭിക്കാത്ത അനുഭവവും പ്രവാസികളുടെ മുന്നിലുണ്ട്. ഏതായാലും സ്വകാര്യ വിമാന കമ്പനികളും അപ്രതീക്ഷിതമായി സർവിസ് നിർത്തുന്നതിൽ ഏറെ വിഷമിക്കുക താഴ്ന്ന വരുമാനക്കാരായ യാത്രക്കാരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.