മസ്കത്ത്: ഇറാനിൽ നടക്കുന്ന തെഹ്റാൻ എക്സ്പോയുടെ ഉദ്ഘാടന ചടങ്ങിൽ ഒമാൻ പങ്കെടുത്തു. വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയമാണ് സുൽത്താനേറ്റിനെ പ്രതിനിധാനം ചെയ്ത് പങ്കെടുത്തത്. വ്യവസായങ്ങൾ, മരുന്ന്, വീട്ടുപകരണങ്ങൾ, ഭക്ഷ്യവസ്തുക്കൾ, പെട്രോകെമിക്കൽസ് തുടങ്ങിയ മേഖലകളിൽനിന്നുള്ള ഉൽപന്നങ്ങൾ പ്രദർശിപ്പിക്കുന്ന 750ലധികം ഇറാൻ, അന്തർദേശീയ കമ്പനികൾ എക്സ്പോയിൽ പങ്കെടുക്കും.
വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖായിസ് മുഹമ്മദ് അൽ യൂസുഫാണ് ഒമാനി പ്രതിനിധി സംഘത്തെ നയിച്ചത്. ഉദ്ഘാടന ചടങ്ങിൽ ഇറാനിലെ ഒമാൻ അംബാസഡർ ഇബ്രാഹിം അഹമ്മദ് അൽ മുഐനി, ഒമാൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി ചെയർമാൻ ഫൈസൽ അബ്ദുല്ല അൽ റവാസ്, ഒമാനി വ്യവസായികൾ എന്നിവർ പങ്കെടുത്തു.
ഇറാന്റെ വ്യവസായങ്ങളെക്കുറിച്ച് പഠിക്കാനും കയറ്റുമതി വികസിപ്പിക്കാനും ഒമാനി കമ്പനികൾക്കും നിക്ഷേപകർക്കുമായി പുതിയ വിപണികൾ തുറക്കാനുമുള്ള അവസരമാണ് ഇറാൻ എക്സ്പോ.എക്സ്പോയോടനുബന്ധിച്ച്, ഒമാനി പ്രതിനിധി സംഘം നിരവധി ഇറാനിയൻ ഫാക്ടറികൾ സന്ദർശിക്കുകയും ആതിഥേയ രാജ്യത്തെ വിവിധ മേഖലകളിലെ നിക്ഷേപസാധ്യതകളെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്തു. ഒമാൻ, ഇറാനിയൻ വ്യവസായികളുമായി പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തി. ഒമാനി കമ്പനികളുമായി പങ്കാളിത്തത്തിൽ ഏർപ്പെടാൻ താൽപര്യം പ്രകടിപ്പിച്ച നിരവധി ഇറാനിയൻ കമ്പനികളുമായും കൂടിക്കാഴ്ച നടത്തി. 2022ൽ ഇറാനിൽനിന്നുള്ള ഒമാന്റെ ഇറക്കുമതി 113 ദശലക്ഷം റിയാലായിരുന്നു. അതേസമയം ഇറാനിലേക്കുള്ള മൊത്തം കയറ്റുമതിയുടെ മൂല്യം 207 ദശലക്ഷം റിയാലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.