മസ്കത്ത്: ഇൻകാസ് ഒമാൻ ദേശീയ കമ്മിറ്റി നിലവിൽ വന്നു. ഒമാൻ പ്രവാസലോകത്തെ വിവിധ തുറകളിലുള്ള ആളുകളുടെ സമഗ്ര ക്ഷേമത്തിനായി രൂപവത്കരിച്ച സാംസ്കാരിക സംഘടനക്ക് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി അംഗീകാരം നൽകി.
അഡ്വ. എം.കെ. പ്രസാദ് പ്രസിഡന്റായ കമ്മിറ്റിയിൽ അറ്റാച്ഡ് പ്രസിഡന്റ് ആയി നിയാസ് ചെണ്ടയാട്, വർക്കിങ് പ്രസിഡന്റുമാരായി സലീം മുതുവമ്മേൽ, മാത്യു മെഴുവേലി, ജനറൽ സെക്രട്ടറി മണികണ്ഠൻ കോതോട്ട്, ട്രഷറർ സജി ചങ്ങനാശ്ശേരി എന്നിവരും ചുമതലയേറ്റു.
പ്രവാസലോകത്തെ സാധാരണ സമൂഹത്തിന് ബോധവത്ക്കരണവും സഹായവും നൽകുക വഴി പ്രവാസികളുടെ മാനസികസംഘർഷം കുറക്കാനും സമൂഹവുമായി ഇടപഴകുവാനുള്ള സാഹചര്യം സൃഷ്ടിക്കുവാനും സാധിക്കുമെന്ന് അഡ്വ. എം.കെ പ്രസാദ് പറഞ്ഞു. എംബസിയും അധികൃതരുമായി സഹകരിച്ച് സഹായമർഹിക്കുന്നവർക്ക് അത് ലഭ്യമാക്കുവാൻ ഇൻകാസിന്റെ പ്രവർത്തകർ സദാ സന്നദ്ധരായിരിക്കുമെന്ന് അറ്റാച്ഡ് പ്രസിഡന്റായി ചുമതലയേറ്റ നിയാസ് ചെണ്ടയാട് അറിയിച്ചു. പ്രവാസലോകത്തെ കുടുബങ്ങളെ അംഗങ്ങളാക്കി വിവിധ കലാ സാംസ്കാരിക പരിപാടികൾ ആസൂത്രണം ചെയ്തുവരികയാണെന്ന് നേതാക്കൾ അറിയിച്ചു.
ഇൻകാസ് ഒമാന്റെ പുതിയ നേതൃത്വത്തിന് ഒ.ഐ.സി.സി / ഇൻകാസ് ഗ്ലോബൽ കമ്മിറ്റി ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ള ആശംസകൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.