മസ്കത്ത്: കോവിഡിനെ തുടർന്ന് തീവ്ര പരിചരണ വിഭാഗങ്ങളിൽ പ്രവേശിക്കപ്പെടുന്നവരുടെ എണ്ണത്തിൽ ആശങ്കാജനകമായ വർധനവ് ദൃശ്യമാണെന്ന് ഒമാൻ ആരോഗ്യ മന്ത്രി ഡോ.അഹമ്മദ് ബിൻ മുഹമ്മദ് അൽ സഇൗദി. സുപ്രീം കമ്മിറ്റിയുടെ മുൻ കരുതൽ നിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യ മന്ത്രി ഒമാൻ ടെലിവിഷന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. രണ്ടാഴ്ച മുമ്പ് തീവ്ര പരിചരണ വിഭാഗത്തിലുണ്ടായിരുന്നത് 20 പേരാണ്. ഇപ്പോൾ അത് 40ന് മുകളിലായി.
ഇബ്ര ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിക്കപ്പെട്ടവരുടെ എണ്ണത്തിൽ നൂറ് ശതമാനത്തിെൻറ വർധനവാണ് ഉണ്ടായത്. വടക്കൻ ശർഖിയ ഗവർണറേറ്റിലെ വാണിജ്യ സ്ഥാപനങ്ങൾ രണ്ടാഴ്ചത്തേക്ക് രാത്രി അടച്ചിടാനുള്ള തീരുമാനം ഇതുകൊണ്ടാണ് കൈകൊണ്ടത്.
ഫൈസർ കോവിഡ് വാക്സിെൻറ ആദ്യ ഡോസ് ലഭിച്ചവർക്ക് രണ്ടാമത്തേതും നൽകുമെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. വൈകുന്നത് വാക്സിെൻറ പ്രവർത്തനക്ഷമതയെ ബാധിക്കില്ല. മുൻഗണനാ പട്ടികയിലുള്ളവർ എത്രയും വേഗം വാക്സിൻ സ്വീകരിക്കണം. ചില ഗവർണറേറ്റുകളിൽ വാക്സിൻ സ്വീകരിക്കുന്നവരുടെ എണ്ണം കുറവാണെന്നും മന്ത്രി പറഞ്ഞു. രോഗമുക്തി നേടിയവരുടെ എണ്ണം 94 ശതമാനമായി ഉയർന്നു. തീവ്ര പരിചരണ വിഭാഗത്തിൽ ചികിൽസയിലുള്ള ചിലർ വാക്സിനേഷനോട് വിമുഖത പ്രകടിപ്പിച്ചതായും ആരോഗ്യ മന്ത്രി പറഞ്ഞു. താൻസാനിയയിൽ നിന്ന് ഒമാനിലേക്ക് വരുന്ന യാത്രക്കാരിൽ 18 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. അതിനാൽ ഉയർന്ന രോഗപകർച്ചയുള്ള രാജ്യങ്ങളിൽ നിന്ന് ഒമാനിലേക്കുള്ള വിമാന സർവീസുകൾ നിർത്തലാക്കുന്ന കാര്യം സുപ്രീം കമ്മിറ്റി പരിഗണിച്ചുവരുകയാണെന്നും ഡോ. അൽ സഇൗദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.