മസ്കത്ത്: വിവിധ ഇന്ത്യൻ സംഘടനകളുടെയും ഇന്ത്യൻ സ്കൂളുകളുടെയും ആഭിമുഖ്യത്തിൽ നടന്ന പരിപാടികൾ ഇന്ത്യയുടെ സ്വാതന്ത്ര്യദിനാഘോഷത്തെ കൂടുതൽ വർണാഭമാക്കി. വിദ്യാർഥികൾ അവതരിപ്പിച്ച ദേശഭക്തി ഗാനങ്ങളും നൃത്തശിൽപങ്ങളും ആഘോഷത്തിന്റെ മാറ്റുകൂട്ടി. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയംഗങ്ങളും അധ്യാപകരും രക്ഷിതാക്കളും ചടങ്ങുകളിൽ പങ്കെടുത്തു. മാബേല ഇന്ത്യൻ സ്കൂളിൽ നടന്ന ആഘോഷത്തിൽ ഒമാനിലെ ഇന്ത്യൻ സ്കൂളുകളുടെ ഡയറക്ടർ ബോർഡ് വൈസ് ചെയർമാൻ സെയ്ദ് സൽമാൻ മുഖ്യാതിഥിയായിരുന്നു. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് സുജിത് കുമാർ, പ്രിൻസിപ്പൽ പി. പ്രഭാകരൻ എന്നിവരും സന്നിഹിതരായി. വിദ്യാർഥികളുടെ മാർച്ച് പാസ്റ്റും ബാൻഡുമേളവും ദേശഭക്തിഗാനങ്ങളും നൃത്തപരിപാടികളും അരങ്ങേറി.
നിസ്വ ഇന്ത്യൻ സ്കൂളിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷം സ്കൂൾ ട്രഷറർ ജിൻസ് പി. ഡേവിസ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ജോൺ ഡൊമിനിക് ജോർജ് അധ്യക്ഷത വഹിച്ചു. സ്കൂൾ കമ്മിറ്റി പ്രസിഡന്റ് നൗഷാദ് കക്കേരി മുഖ്യാതിഥി ആയിരുന്നു. വൈസ് പ്രിൻസിപ്പൽ ബിജു മാത്യു, അസി. വൈസ് പ്രിൻസിപ്പൽ ഫഹീം ഖാൻ, പ്രോഗ്രാം കോഓഡിനേറ്റർ അശ്വതി എന്നിവർ നേതൃത്വം നൽകി. അസി. ഹെഡ് ഗേൾ ഗീതിക ലാൽ സ്വാഗതവും അസി. ഹെഡ് ബോയ് ആര്യൻ സൂനൂ നന്ദിയും പറഞ്ഞു. വിവിധ ഇന്ത്യൻ ഭാഷകളിൽ നാടൻ കലാരൂപങ്ങൾ അവതരിപ്പിച്ചു. 75 കുട്ടികളെ അണിനിരത്തിയ ദേശഭക്തി ഗാനങ്ങൾ പരിപാടിയുടെ മാറ്റ് കൂട്ടി.
മുലധ ഇന്ത്യൻ സ്കൂളിലെ സ്വാതന്ത്ര്യദിനാഘോഷത്തിൽ സ്കൂൾ മാനേജ്മെന്റ് പ്രസിഡന്റ് മുസ്തഫ മാടത്തൊടിയിൽ മുഖ്യാതിഥി ആയിരുന്നു. സ്കൂൾ മാനേജ്മെന്റ് അംഗങ്ങൾ, പ്രിൻസിപ്പൽ, അസി. വൈസ് പ്രിൻസിപ്പൽ, അധ്യാപകർ, വിദ്യാർഥികൾ, രക്ഷിതാക്കൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു. വിദ്യാർഥികൾ അവതരിപ്പിച്ച ദേശസ്നേഹമുണർത്തുന്ന നൃത്തവും ദേശഭക്തി ഗാനവും പ്രസംഗവും പരിപാടിയുടെ മാറ്റുകൂട്ടി. സഹം ഇന്ത്യൻ സ്കൂളിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയംഗം ടി.എച്ച്. അർഷാദ് മുഖ്യാതിഥിയായി. പ്രിൻസിപ്പൽ സുചിത്ര സതീഷ് ഇന്ത്യൻ രാഷ്ട്രപതിയുടെ സന്ദേശം അവതരിപ്പിച്ചു.
അധ്യാപിക ആരിഫ ജലീൽ സംസാരിച്ചു. വിദ്യാർഥികളുടെ കലാപരിപാടികളും കരകൗശല കലാപ്രദർശനവും മികവ് പുലർത്തി. അൽ ഗുബ്ര ഇന്ത്യൻ സ്കൂളിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി കൺവീനർ കെ.എ. സുനിൽ മുഖ്യാതിഥി ആയിരുന്നു. വൈസ് പ്രിൻസിപ്പൽ ജി. ശ്രീകുമാർ സംസാരിച്ചു. 'യേ ദേശ് ഹെ വീരോം ക ഹിന്ദുസ്ഥാൻ'എന്ന തലക്കെട്ടിൽ വിദ്യാർഥികൾ അവതരിപ്പിച്ച ദേശഭക്തിഗാനം ശ്രദ്ധേയമായി. വിവിധ കലാപരിപാടികളും അരങ്ങേറി.
സൂർ ഇന്ത്യൻ സ്കൂളിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് അമീൻ മുഖ്യാതിഥി ആയിരുന്നു. സ്കൂൾ കൺവീനർ ശ്രീനിവാസ് റാവു, സ്കൂൾ പ്രിൻസിപ്പൽ ഡോ. എസ്. ശ്രീനിവാസൻ എന്നിവരും സന്നിഹിതരായിരുന്നു. വിദ്യാർഥികളായ അസൈൻ ഖാലിദ്, അൻസ ജോസഫ്, ഹിഫ്സ, റിദ എന്നിവർ സംസാരിച്ചു. അക്കപ്പെല്ല ശൈലിയിലുള്ള ദേശഭക്തിഗാനവും വന്ദേമാതരം നൃത്തശിൽപവും 'ഹർ ഘർ തിരംഗ'ഡിസ്പ്ലേയും അവതരിപ്പിച്ചു.
ദാർസൈത് ഇന്ത്യൻ സ്കൂളിൽ സീനിയർ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി കൺവീനർ അജിത് വാസുദേവൻ മുഖ്യാതിഥിയായി. സലാലയിലെ ഹെവൻസ് പ്രീ സ്കൂളിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ കുട്ടികളുടെ ദേശഭക്തി ഗാനം, പ്രഛന്ന വേഷം, പ്രസംഗം എന്നിവ നടന്നു. പ്രിൻസിപ്പൽ വി.എസ്. ഷമീർ സ്വാതന്ത്യദിന സന്ദേശം നൽകി. അധ്യാപകരായ മുംതാസ്, ഫസ്ന അനസ് എന്നിവർ സംസാരിച്ചു. റജീന, ഷമീല തുടങ്ങിയവർ നേതൃത്വം നൽകി.
തുംറൈത്ത് ഇന്ത്യൻ സ്കൂളിൽ നടന്ന ആഘോഷ പരിപാടിയിൽ മാനേജ്മെന്റ് കമ്മിറ്റി വൈസ് പ്രസിഡന്റ് ഡോ. പ്രവീൺ ഹട്ടി രാഷ്ട്രപതിയുടെ സ്വാതന്ത്ര്യദിന സന്ദേശം അവതരിപ്പിച്ചു. ട്രഷറർ കിഷോർ ഗോപിനാഥ്, അബ്ദുൽസലാം, അധ്യാപിക രേഖ പ്രശാന്ത് എന്നിവർ സംസാരിച്ചു. സ്കൂൾ ലീഡർ രോഷ്നി ദേവി സുബ്രഹ്മണ്യം സ്വാഗതവും ശീഷ ഹർഷാദ് നന്ദിയും പറഞ്ഞു. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് റസ്സൽ മുഹമ്മദ് കുട്ടികളുമായി നടത്തിയ സൗഹൃദസംഭാഷണം ശ്രദ്ധേയമായി. സ്വാതന്ത്ര്യസമര ചരിത്രത്തെയും ഇന്ത്യൻ സംസ്കാരത്തെയും വിളംബരം ചെയ്യുന്ന ഗാനങ്ങളും നൃത്തങ്ങളും അരങ്ങേറി. പ്രിൻസിപ്പൽ ഗീത ശർമ നേതൃത്വം കൊടുത്ത പരിപാടിയിൽ ഒട്ടേറെ രക്ഷിതാക്കളും വിദ്യാർഥികളും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.